ഇന്ന് നകുൽ തമ്പിയുടെ പിറന്നാളാണ്. രണ്ട് വർഷങ്ങൾക്കിടെ, നകുലന്റെ പ്രസരിപ്പും ആഘോഷങ്ങളുമില്ലാതെ കടന്നു പോയത് രണ്ട് ജന്മദിനങ്ങളാണ്. 'പതിനെട്ടാം പടി' എന്ന സിനിമയിലെ സ്കൂൾ വിദ്യാർത്ഥിയായി വേഷമിട്ട നടനും നർത്തകനുമായ നകുൽ എന്ന യുവാവും സുഹൃത്തും സഞ്ചരിച്ച കാർ 2020 ജനുവരിയിൽ തമിഴ്നാട്ടിലെ കൊടൈക്കനാലിൽ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ നകുൽ ദീർഘകാലമായി ചികിത്സയിലാണ്. പിറന്നാൾ ദിനം നകുലന്റെ പോസ്റ്റുമായി വരികയാണ് അഹാന കൃഷ്ണ
'പതിനെട്ടാം പടി' എന്ന സിനിമയിലെ ചട്ടമ്പികുട്ടികളെ പഠിപ്പിക്കാൻ വന്ന ആനി ടീച്ചർ എന്ന അധ്യാപികയുടെ വേഷമായിരുന്നു അഹാനയുടേത്. വിദ്യാർഥിക്കൂട്ടത്തിലെ പ്രമുഖന്മാരിൽ ഒരാളുടെ വേഷമായിരുന്നു നകുലിന്റേത്. 2019 ലെ ജന്മദിനത്തിന് 'ഈ അടിപൊളി ചെക്കനെ പതിനെട്ടാം പടിയിൽ കാണാൻ കാത്തിരിക്കുക' എന്ന് പറഞ്ഞാണ് അഹാന പിറന്നാൾ ആശംസിച്ചത്. നകുൽ അതിനൊരു മറുപടി നൽകുകയും ചെയ്‌തു (തുടർന്ന് വായിക്കുക)
'പിറന്നാളും സിനിമയും ഒന്നിച്ചാണെങ്കിൽ ഒരു വലിയ ട്രീറ്റ് തരും. എന്നും ഞാൻ ചേച്ചിയുടെ കുഞ്ഞനുജനായിരിക്കും' എന്നാണ് നകുൽ നൽകിയ മറുപടി. വളരെയധികം സ്നേഹമുള്ള നല്ലൊരു കുട്ടിയാണ് നകുൽ എന്ന് അഹാന. എപ്പോഴും മുഖത്ത് പുഞ്ചിരിയോടെ കാണപ്പെടുന്ന നകുലിന് വീണ്ടുമൊരു ജന്മദിനാശംസ നേരുകയാണ് അഹാന
നകുൽ വീണ്ടും പൂർണ്ണആരോഗ്യവാനായി തിരികെയെത്താനുള്ള പ്രതീക്ഷയും അഹാന വാക്കുകളിൽ കുറിക്കുന്നു
അപകടത്തിൽ മസ്തിഷ്ക്കത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ നകുലിനായി വൻ തുക ചെലവഴിച്ചാണ് ചികിത്സ നടത്തിയത്. ചലച്ചിത്ര താരങ്ങളും ഒപ്പം ചേർന്ന് ക്രൗഡ്ഫണ്ടിംഗ് വഴി പണം സ്വരൂപിച്ചിരുന്നു. സുഹൃത്തായ പ്രിയ വാര്യർ നകുലിനെ സന്ദർശിച്ചിരുന്നു
D4 ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ നിന്നുമാണ് നകുൽ സിനിമയിലെത്തിയത്