തെന്നിന്ത്യയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ തന്നെ കുറഞ്ഞ കാലത്തിനുള്ളിൽ ചുവടുറപ്പിച്ച നടിയാണ് രശ്മിക മന്ദാന(Rashmika Mandanna). തെന്നിന്ത്യയിൽ വർഷങ്ങളായി തുടരുന്ന പല നായികമാരും ഇപ്പോഴാണ് ബോളിവുഡിൽ അവസരങ്ങൾ തേടുന്നത്. ഇവർക്കിടയിലാണ് കുറഞ്ഞ കാലത്തിനുള്ളിൽ രശ്മിക കുതിച്ചു കയറിയത്.
അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ഗംഭീര വിജയത്തിനു പിന്നാലെ രശ്മികയുടെ താരമൂല്യവും കുത്തനെ ഉയർന്നിരിക്കുകയാണ്. നിരവധി നിർമാതാക്കളാണ് നടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്.
പുഷ്പയുടെ തകർപ്പൻ വിജയത്തിനു ശേഷം പ്രതിഫല തുകയും രശ്മിക ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി താരം കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതായാണ് വാർത്തകൾ.
പുഷ്പയുടെ ആദ്യ ഭാഗമാണ് കഴിഞ്ഞ മാസം പുറത്തിറങ്ങിയത്. 'പുഷ്പ: ദി റൈസ്' ലെ അഭിനയത്തിന് രണ്ട് കോടിയാണ് രശ്മികയ്ക്ക് പ്രതിഫലമായി ലഭിച്ചത്. രണ്ടാം ഭാഗത്തിനായി മൂന്ന് കോടിയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വാർത്തകൾ.
രശ്മികയുടെ ആവശ്യം ചിത്രത്തിന്റെ നിർമാതാക്കൾ അംഗീകരിച്ചതായാണ് സൂചന. വാർത്തകൾ ശരിയാണെങ്കിൽ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമായിരിക്കും പുഷ്പയുടെ രണ്ടാം ഭാഗത്തിനായി താരം വാങ്ങുക.
അടുത്ത മാസം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ സുകുമാർ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം അവസാനത്തോടെയാകും ചിത്രം പുറത്തിറങ്ങുക.
രശ്മികയുടെ ബോളിവുഡ് ചിത്രങ്ങളായ മിഷൻ മജ്നു, ഗുഡ് ബൈ എന്നീ ചിത്രങ്ങളുടെ റിലീസും ഈ വർഷം ഉണ്ടാകും. സിദ്ധാർത്ഥ് മൽഹോത്രയാണ് മിഷൻ മജ്നുവിലെ നായകൻ. അമിതാഭ് ബച്ചനൊപ്പമാണ് ഗുഡ് ബൈയിൽ രശ്മിക അഭിനയിക്കുന്നത്.