പി ടി തോമസിന്റെ ചിതാഭസ്മം നാല് മൺകുടങ്ങളിലായി മക്കളും സഹോദരനും ചേർന്ന് രവിപുരം ശ്മശാനത്തിൽ നിന്ന് ഏറ്റുവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസിൻരെ മൃത്ദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകരാണമാണ് കൊച്ചിയിലെ രവിപുരം ശ്മശാനത്ത് ദഹിപ്പിച്ചത്. ഇന്നു രാവിലെയാണ് മക്കളും, ബന്ധുക്കളും, പാർട്ടി പ്രവർത്തകരുമെത്തി പി.ടി. തോമസിന്റെ ചിതാഭസ്മം രവിപുരം ശ്മശാനത്തിൽ എത്തി ശേഖരിച്ചു.
നാല് മൺക്കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതിൽ ഒരുഭാഗം പി. ടി. യുടെ ആഗ്രഹപ്രകാരം ഉപ്പുതോട് പള്ളിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. മൂന്നുഭാഗങ്ങള്‍ പെരിയാർ, ഗംഗ തുടങ്ങി നദികളിലും നിമജ്ജനം ചെയ്യും.
ജനഹൃദയങ്ങളിൽ ഇടംതേടാൻ മന്ത്രിപദമോ പാർട്ടി അധ്യക്ഷ പദവിയോ അലങ്കരിക്കേണ്ടതില്ലെന്ന് തെളിയിക്കുന്നതായിരുന്നു പി.ടിക്ക് കേരളം നൽകിയ യാത്രയയപ്പ്. ഉറച്ച നിലപാടുകൾക്കുള്ള ആദരവും. ഹൃദയം തൊട്ടുള്ളതായിരുന്നു ആ വിടവാങ്ങൽ. പുഷ്പചക്രങ്ങളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്ന പി.ടിയുടെ അന്ത്യാഭിലാഷം അതേപടി പാലിക്കപ്പെട്ടു. പൊതുദർശന വേളയിലും ചിത കത്തിയെരിയുമ്പോഴും ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പ്രിയ ഗാനം മുഴങ്ങിയിരുന്നു.
സംസ്ക്കാര സമയത്ത് പ്രിയ നേതാവിനോടുള്ള ആദരസൂചകമായി പ്രവർത്തകർ ഉച്ചത്തിൽ മുദ്രവാക്യം മുഴക്കിയാണ് യാത്രയാക്കിയത്. കണ്ണേ കരളേ പി.ടി. തോമസ്... നട്ടെല്ലുള്ളൊരു നേതാവേ... ഇല്ലാ പി.ടി. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. ഈ പാറും കൊടികളിലൂടെ...'ആര് പറഞ്ഞു മരിച്ചെന്ന്..... ഞങ്ങടെ പി. ടി മരിച്ചിട്ടില്ല..... ഇങ്ങനെ വൈകാരികമായി പ്രവർത്തകർ കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ തുടർന്നു.
അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എം. എൽ. എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം. പിയും ആയിരുന്നു.അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സി. എം. സി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി.
കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.