രോഹിത് ശര്‍മ്മ സ്ഥിരം നായകനായതിന് ശേഷം ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കി.
ലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് നായകന്‍ രോഹിത് ശര്‍മ്മ കാഴ്ച വെച്ചത്. 32 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 44 റണ്‍സാണ് രോഹിത് നേടിയത്. ഇതോടൊപ്പം ഒരു റെക്കോര്‍ഡും താരം ഈ മത്സരത്തില്‍ സ്വന്തം പേരിലാക്കി.
മത്സരത്തിലെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ രോഹിത് ശര്‍മക്കായി.
123 ടി20യില്‍ നിന്ന് 3307 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.
3299 റണ്‍സ് നേടി തലപ്പത്തായിരുന്ന ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് രോഹിത് കടത്തിവെട്ടിയത്. മൂന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണുള്ളത്. 3296 റണ്‍സാണ് കോഹ്ലിയുടെ ടി20യിലെ സമ്പാദ്യം.
അതേസമയം, ഈ റെക്കോഡ് ഊട്ടിയുറപ്പിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ചെറിയ റണ്‍സിന്റെ വ്യത്യാസം മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള ഗപ്റ്റിലും മൂന്നാം സ്ഥാനത്തുള്ള കോഹ്ലിയുമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മികച്ച ഇന്നിങ്സുകൊണ്ട് ഗപ്റ്റിലും കോഹ്ലിയും ഉയര്‍ന്നുവരാനും ഒന്നോ രണ്ടോ മോശം ഇന്നിങ്സുകൊണ്ട് രോഹിത് താഴോട്ട് പോകാനുള്ള സാധ്യതയുമുണ്ട്.
ശ്രീലങ്കന്‍ പരമ്പരയില്‍ വിരാട് കോഹ്ലിയില്ല. താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുന്നതോടെ ഈ റെക്കോഡിലെ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായ രോഹിത് നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ടി20 ഫോര്‍മാറ്റില്‍ നേടിയിട്ടുള്ളത്. ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.