• HOME
 • »
 • NEWS
 • »
 • buzz
 • »
 • Running Race Record | പ്രായത്തെ ഓടി തോൽപ്പിച്ച് 105കാരി; നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടം

Running Race Record | പ്രായത്തെ ഓടി തോൽപ്പിച്ച് 105കാരി; നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടം

സസ്യാഹാരം മാത്രമേ രാംഭായ് കഴിയ്ക്കൂ, ഒപ്പം 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും ദിവസേന കഴിയ്ക്കും. ദിവസേന രണ്ട് നേരം 500 മില്ലി ലിറ്റര്‍ പാലും കുടിയ്ക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ (100 metre race) റെക്കോർഡ് പ്രകടനം കാഴ്ചവെച്ച് ജേതാവായിരിക്കുകയാണ് 105 വയസ്സുകാരി രാംഭായ്. 105 എന്നത് വെറും അക്കം മാത്രമാണെന്ന് ഓടി തെളിയിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ഈ മുത്തശ്ശി. ദ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷണല്‍ ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയാണ് സ്ഥലം. 45.40 സെക്കന്റുകള്‍ കൊണ്ടാണ് രാംഭായ് മുത്തശ്ശി കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയത്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (Athletics Federation Of India) സംഘടിപ്പിച്ച പരിപാടി ഗുജറാത്തിലെ വഡോദരയിലാണ് നടന്നത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും മത്സരത്തിന് ഉണ്ടായിരുന്നില്ല. കൂടെ മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. 101 വയസ്സുള്ള കൗര്‍ എന്നയാളുടെ 74 സെക്കന്റ്‌സ് എന്ന റെക്കോര്‍ഡാണ് (record) രാംഭായ് ഇത്തവണ തകര്‍ത്തത്.

  ജൂണ്‍ 15ന് നടന്ന 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്ററിലും രാംഭായ് തന്നെയായിരുന്നു മുന്നില്‍. 1 മിനിറ്റ് 52.17 സെക്കന്റ്‌സ് ആയിരുന്നു വേഗത. ചിട്ടയായ പരിശീലനത്തോടൊപ്പം ഭക്ഷണ ക്രമീകരണവും രാംഭായിയെ വിജയത്തിലേക്കെത്തിച്ച ഘടകങ്ങളാണ്. ഗോതമ്പ് പൊടിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ചുര്‍മ എന്ന പലഹാരം, വെണ്ണ, പാല്‍ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ മുത്തശ്ശി വലിയ കണിശ്ശക്കാരിയാണെന്ന് കൊച്ച് മകള്‍ ശര്‍മിള വ്യക്തമാക്കി. സസ്യാഹാരം മാത്രമേ രാംഭായ് കഴിയ്ക്കൂ, ഒപ്പം 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും ദിവസേന കഴിയ്ക്കും. ദിവസേന രണ്ട് നേരം 500 മില്ലി ലിറ്റര്‍ പാലും കുടിയ്ക്കും. ആട്ട കൊണ്ടുള്ള റൊട്ടി ഇഷ്ടമാണെങ്കിലും അധികം കഴിയ്ക്കില്ല. ചോറും വളരെ കുറച്ച് മാത്രമേ കഴിയ്ക്കാറുള്ളൂ. ഭക്ഷണ നിയന്ത്രണത്തിനൊപ്പം പാടത്ത് പണിയെടുക്കുകയും ദിവസേന 4 കിലോമീറ്ററോളം ഓടുകയും ചെയ്യും.

  കഴിഞ്ഞ നവംബറിലായിരുന്നു രാംഭായുടെ ആദ്യത്തെ മത്സരം. വാരണാസിയില്‍ വെച്ചായിരുന്നു അത്. കൊച്ചുമകളാണ് മുത്തശ്ശിയെ മത്സരത്തിനായി കൊണ്ടു പോയത്. പിന്നീട് കര്‍ണ്ണാടക, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മത്സരത്തിനിറങ്ങി. ഒരു ഡസനിലധികം മെഡലുകളാണ് ചുരുങ്ങിയ കാലയളവില്‍ രാംഭായ് സ്വന്തമാക്കിയത്. അടുത്ത മത്സരങ്ങള്‍ക്ക് ആവേശത്തോടെ തയ്യാറെടുക്കുകയാണ് ഈ 105 വയസ്സുകാരി. അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ തിളങ്ങുക എന്നതാണ് ലക്ഷ്യം. അതിനായി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനുള്ള ആലോചനയിലാണ് രാംഭായ് എന്ന ഓട്ടക്കാരി.

  80 കഴിഞ്ഞാല്‍ വയസ്സായി എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടാനല്ല രാംഭായ് ശ്രമിച്ചത്. 105 വയസ്സിലും സ്വന്തം കഴിവ് കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചു. ആരോഗ്യത്തോടെ ഇരിക്കാനുള്ള ഇത്തരം വേറിട്ട ചിന്തകള്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മാതൃകയാണ്. 100 വയസ്സിന് മുകളില്‍ പ്രായമുള്ളപ്പോള്‍ അത്ഭുതകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ നിരവധി ആളുകളുണ്ട്. 105-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായ ഭാഗീരഥി അമ്മ മറ്റൊരു ഉദാഹരണമാണ്. 275ല്‍ 205 മാര്‍ക്ക് നേടിയായിരുന്നു ഭാഗീരഥി അമ്മയുടെ മിന്നുന്ന വിജയം. രാജ്യത്തിന് അകത്തും പുറത്തും പ്രായത്തെ വെല്ലുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുന്ന നിരവധി ആളുകള്‍ ഉണ്ട്.
  Published by:Naveen
  First published: