ലോകത്തെ ഏറ്റവും ബുദ്ധിമതിയായ വിദ്യാര്‍ത്ഥികളിലൊരാളായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നതാഷ പെരിയെ തിരഞ്ഞെടുത്തു. സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ് (ACT) തുടങ്ങിയ ടെസ്റ്റുകളിലെ അസാമാന്യ പ്രകടനത്തിനാണ് ലോകത്തിലെ മികച്ച വിദ്യാര്‍ത്ഥിയായി പതിനൊന്നുകാരിയായ നതാഷയെ യുഎസ് സര്‍വകലാശാല അംഗീകരിച്ചത്.
സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിംഗ് (ACT) എന്നിവ ഒരു വിദ്യാര്‍ത്ഥിയെ പ്രവേശനത്തിന് സ്വീകരിക്കണോ വേണ്ടയോ എന്ന് നിര്‍ണ്ണയിക്കാന്‍ പല കോളേജുകളും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകളാണ്. ചില സാഹചര്യങ്ങളില്‍, കമ്പനികളും ചില നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകളും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് ഈ സ്കോറുകള്‍ ഉപയോഗിക്കാറുണ്ട്. എല്ലാ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ SAT അല്ലെങ്കില്‍ ACT ടെസ്റ്റ് സ്കോറുകള്‍ അവര്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന സര്‍വകലാശാലകളില്‍ സമര്‍പ്പിക്കണം.
ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് (CTY) ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി എഴുതിയ എസ്.എ.ടി, എ.സി.ടി പരീക്ഷയിലെ അസാധാരണ പ്രകടനത്തിനാണ് ന്യൂജേഴ്സിയിലെ തെല്‍മ എല്‍ സാന്‍ഡ്മിയര്‍ എലിമെന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ നതാഷയെ ആദരിച്ചത്.
2020-21 ടാലന്റ് സെര്‍ച്ച് വര്‍ഷത്തില്‍ സി.ടി.ഐയില്‍ ചേര്‍ന്ന 84 രാജ്യങ്ങളില്‍ നിന്നുള്ള 19,000 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് നതാഷ പെരി. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥിളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും അവരുടെ യഥാര്‍ത്ഥ അക്കാദമിക് കഴിവുകളുടെ വ്യക്തമായ ചിത്രം നല്‍കുന്നതിനും ഉപയോഗിക്കുന്ന ഒരു ഉയര്‍ന്ന ഗ്രേഡ്-ലെവല്‍ പരിശോധനയാണ് സി.ടി.വൈ
പെരി ഗ്രേഡ് 5 ല്‍ ആയിരുന്നപ്പോള്‍ 2021 സ്പ്രിംഗ് സീസണില്‍ ജോണ്‍സ് ഹോപ്കിന്‍സ് ടാലന്റ് സെര്‍ച്ച് ടെസ്റ്റ് എഴുതിയിരുന്നു. വെര്‍ബല്‍, ക്വാണ്ടിറ്റേറ്റീവ് വിഭാഗങ്ങളിലുള്ള അവളുടെ സ്കോര്‍ ഗ്രേഡ് 8 ലെ കുട്ടികളുടെ മികച്ച പ്രകടനത്തിന് തുല്യമായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സി.ടി.വൈ 'ഹൈ ഓണേഴ്സ് അവാര്‍ഡ്' നതാഷയ്ക്ക് ലഭിക്കുകയും ചെയ്തു.
സി.ടി.വൈ ടാലന്റ് സെര്‍ച്ച് പങ്കാളികളില്‍ 20 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് സി.ടി.വൈ ഹൈ ഓണേഴ്സ് അവാര്‍ഡുകള്‍ക്ക് യോഗ്യത നേടിയത്. സിടിവൈയുടെ ഓണ്‍ലൈന്‍, സമ്മര്‍ പ്രോഗ്രാമുകള്‍ക്കും ഈ പ്രതിഭകള്‍ യോഗ്യത നേടിയിട്ടുണ്ട്. അതിലൂടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള മറ്റ് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനും അതിനായി വിദ്യാര്‍ത്ഥികളുടെ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാനും സാധിക്കും.
'ഈ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, അവരുടെ പഠനത്തോടുള്ള താല്പര്യത്തെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല, സാമര്‍ഥ്യമുള്ള പൗരന്മാരെന്ന നിലയില്‍ ഹൈസ്കൂള്‍, കോളേജ്, തുടര്‍ന്ന് അതിനുമപ്പുറത്തേക്ക് പഠനത്തിലൂടെയുള്ള അവരുടെ വളര്‍ച്ചയെ സഹായിക്കാനാകുന്നതില്‍ സന്തോഷമുണ്ട് 'സിടിവൈയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിര്‍ജീനിയ റോച്ച് പ്രസ്താവനയില്‍ പറഞ്ഞു.
സിടിവൈ ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ കോഴ്സുകളില്‍ ഓരോ വര്‍ഷവും 15,500ലധികം ആളുകള്‍ ചേരാറുണ്ട്. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഹോങ്കോങ്ങിലെയും ഏകദേശം 20 സൈറ്റുകളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിടിവൈയുടെ വ്യക്തിഗത സമ്മര്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.