നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 11,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ശിൽപ്പങ്ങൾ തുര്‍ക്കിയിൽ കണ്ടെത്തി, നവീന ശിലായുഗത്തിലെ സുപ്രധാന കണ്ടുപിടുത്തം

    11,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ശിൽപ്പങ്ങൾ തുര്‍ക്കിയിൽ കണ്ടെത്തി, നവീന ശിലായുഗത്തിലെ സുപ്രധാന കണ്ടുപിടുത്തം

    ഖനനത്തിൽ കണ്ടെത്തിയ 250ലധികം ടി-ആകൃതിയിലുള്ള ശില നിര്‍മ്മിതികളിൽ, മൃഗങ്ങളുടെ ചിത്രങ്ങളും നിരവധി ത്രിമാന മനുഷ്യ ശില്‍പ്പങ്ങളും ഉള്‍പ്പെടുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സാന്‍ലൂര്‍ഫയിലെ കരഹാന്‍ടെപ്പെയില്‍ നടത്തിയ ഖനനത്തില്‍ നിന്ന് കൊത്തുപണികളോട് കൂടിയ മനുഷ്യരൂപങ്ങളും ശിരസ്സുകളും കണ്ടെത്തി. 11,000 വര്‍ഷം പഴക്കമുള്ള ഈ കൊത്തുപണികള്‍ അക്കാലത്തെ ആളുകളുടെ കലാപരമായ കഴിവുകളെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലാണെന്ന് പറയപ്പെടുന്നു. ഖനനത്തിൽ കണ്ടെത്തിയ 250ലധികം ടി-ആകൃതിയിലുള്ള ശില നിര്‍മ്മിതികളിൽ, മൃഗങ്ങളുടെ ചിത്രങ്ങളും നിരവധി ത്രിമാന മനുഷ്യ ശില്‍പ്പങ്ങളും ഉള്‍പ്പെടുന്നു. ഇതിനുപുറമെ, 75 മീറ്റര്‍ വ്യാസവും 18 അടി ആഴവുമുള്ള ഒരു കെട്ടിടവും കണ്ടെത്തി. പ്രൊഫസര്‍ നെക്മി കരുളിന്റെ നേതൃത്വത്തിലുള്ള ഖനനം 2019ലാണ് ആരംഭിച്ചത്. ഈ ഖനനത്തിലൂടെ ഇപ്പോള്‍ ലഭിച്ച നിര്‍മ്മിതികള്‍, നവീന ശിലായുഗത്തെക്കുറിച്ചുള്ള ഒരു സുപ്രധാന കണ്ടുപിടുത്തമാണെന്ന് പറയപ്പെടുന്നു.

      സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനഡോലു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, പ്രൊഫസര്‍ കരുള്‍ അക്കാലത്തെ ആളുകള്‍ ഒരു പരിധിവരെ കലാപരമായ കഴിവുകള്‍ വികസിപ്പിച്ചിരുന്നവരാണെന്ന് സൂചിപ്പിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഗോബെക്ലി ടെപ്പിനടുത്താണ് ഇപ്പോള്‍ ഖനനം നടക്കുന്ന കരഹാന്‍ടെപ്പെ സൈറ്റ്. ബിസി പത്താം മില്ലേനിയത്തോളം പഴക്കമുള്ള മഹത്തായ ഘടനകളുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് ഗോബെക്ലി ടെപ്പെ. കരഹാന്‍ടെപ്പെ-യിലെ ഈ ഖനനത്തിലൂടെ, പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ നിലവിലുള്ള ഖനനം മാത്രമല്ല, ഗോബെക്ലി ടെപ്പെയെക്കുറിച്ചും പഠിക്കുന്നുണ്ട്.

      കരഹാന്‍ടെപ്പെ ഖനനത്തില്‍ കണ്ടെത്തിയ വസ്തുക്കള്‍ ഗോബെക്ലി ടെപ്പെ സൈറ്റില്‍ കണ്ടെത്തിയതിന് സമാനമാണെന്ന് പ്രൊഫസര്‍ കരുള്‍ പറഞ്ഞു. ഗോബെക്ലി ടെപ്പിലെ ഖനനങ്ങള്‍ 25 വര്‍ഷം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഗോബെക്ലി ടെപ്പേയിലെ ആളുകളെക്കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ലഭിച്ചിട്ടില്ല അക്കാലത്തെ ആളുകള്‍, ടി-ആകൃതിയിലുള്ള സ്തംഭം കൊത്തിയെടുക്കാന്‍ ഒത്തുകൂടിയിരിക്കാം എന്നാണ് ചില പുരാവസ്തു ഗവേഷകരുടെ അഭിപ്രായം. ആചാരപരമായ ഉദ്ദേശ്യത്തോടെ അത്തരം സ്തംഭങ്ങള്‍ നിര്‍മ്മിക്കുന്നതിനും പിന്നീട് അവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനും വിവിധ സംഘത്തില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് വരുമായിരുന്നു എന്നതാണ് മറ്റൊരു വാദം.

      കരഹാന്‍ടെപ്പെയിലെ ഖനനത്തിലൂടെ, പുരാവസ്തു ഗവേഷകര്‍ക്ക് ഗോബെക്ലി ടെപ്പിയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരഹാന്‍ടെപ്പെയിലെ സൈറ്റില്‍ നിന്ന് ഖനനം ചെയ്ത ചില പുരാവസ്തുക്കള്‍ സാന്‍ലൂര്‍ഫ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'കല്ല് മലകള്‍' എന്നര്‍ഥമുള്ള ടസ് ടെപ്പിലാര്‍ (Tas Tepeler) എന്ന പ്രദേശത്താണ് കരഹാന്‍ടെപ്പെ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തിന് ഏകദേശം 200 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

      ലോകത്തിലെ തന്നെ പുരാതന നാഗരികതകളില്‍ ഒന്നാണ് തുര്‍ക്കി. 15-ാം ശതകത്തിന് മുമ്പുള്ള ഏഷ്യ മൈനറിന്റേതും, അതിനുശേഷമുള്ളത് ഓട്ടോമന്‍ സാമ്രാജ്യത്തിന്റേതും, പിന്നീട് ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റേതുമായ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് തുര്‍ക്കിയുടെ ചരിത്രം കടന്നുപോന്നത്. തെക്കുപടിഞ്ഞാറേ ഏഷ്യയിലെ അനറ്റോളിയന്‍ പെനിന്‍സുലയിലും തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഈ യൂറേഷ്യന്‍ രാജ്യം ചരിത്രകാരന്മാര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണ്. കിഴക്കന്‍ യൂറോപ്പിലും പശ്ചിമ ഏഷ്യയിലും ഭാഗികമായി വ്യാപിച്ചിരിക്കുന്ന തുര്‍ക്കിയുടെ യൂറോപ്യന്‍ ഭാഗങ്ങള്‍ ത്രേസ് എന്നും ഏഷ്യന്‍ ഭാഗങ്ങള്‍ അനറ്റോളിയ എന്നുമാണ് അറിയപ്പെടുന്നത്.
      Published by:Sarath Mohanan
      First published:
      )}