കാന്‍സര്‍ ബാധിതനായ 12 വയസ്സുകാരന്റെ (12 year old cancer patient) അഡീഷന്‍ ഡിജി (ADG) ആകുക എന്ന സ്വപ്നം സഫലമായി. കാന്‍സര്‍ ബാധിതനായ ഹര്‍ഷ് ദുബെയുടെ (harsh dubey) മനോധൈര്യം പ്രോത്സാഹിപ്പിക്കുന്നതിനായാണ് എഡിജി (പ്രയാഗരാജ് സോണ്‍) പ്രേം പ്രകാശ് അവനെ ഒരു ദിവസത്തേക്ക് എഡിജിയാക്കി നിയമിച്ചത്. ബോഡി കിറ്റും എഡിജി അവന് സമ്മാനിച്ചു.
എന്നാല്‍, എഡിജിയുടെ സ്ഥാനത്തിരുന്ന ഹര്‍ഷ് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിക്കുകയും മറ്റ് രേഖകള്‍ പരിശോധിക്കുകയും ചെയ്തു എന്നതാണ് രസകരമായ കാര്യം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും അവനെ സല്യൂട്ട് ചെയ്തു. എഡിജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന എല്ലാ ജോലികളും ഹര്‍ഷ് അന്നേദിവസം ചെയ്തിരുന്നു.
ഹര്‍ഷിന്റെ പിതാവ് സജ്ഞയ് ദുബെ ഇ-റിക്ഷാ ഡ്രൈവറായാണ് (e-rikshaw driver) ജോലി ചെയ്യുന്നത്. തന്റെ മകന് എഡിജിയുടെ കസേരയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, മകനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്ത്തകന് പങ്കജ് റിസ്വാനി എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടിക്ക് ആവശ്യമായ മുഴുവന്‍ വൈദ്യസഹായവും നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘം ഉറപ്പുനല്‍കി.
'' നഗരത്തിലെ കാന്‍സര്‍ രോഗികളെ സഹായിക്കുന്ന സാമൂഹിക പ്രവര്‍ത്തകരിലൂടെയാണ് ഹര്‍ഷ് ദുബെയെ കുറിച്ച് ഞങ്ങള്‍ അറിയുന്നത്. അപ്പോഴാണ് അവരുടെ മനോധൈര്യം കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്,'' എഡിജി പ്രേം പ്രകാശ് പറഞ്ഞു.
'' കാന്‍സര്‍ രോഗികള്‍ക്ക് ക്ഷമയും ധൈര്യവും ഉണ്ടായിരിക്കണം. കാന്‍സര്‍ ഒരിക്കലും ഭേദമാകാത്ത രോഗമെന്നാണ് പറയാറുള്ളത്. എന്നാല്‍ ശരിയായ സമയത്ത് ശരിയായ ചികിത്സ നല്കിയാന് അതിനെ സുഖപ്പെടുത്താം,'' നെഹ്റു ആശുപത്രിയിലെ സീനിയര്‍ ഓങ്കോളജിസ്റ്റും പദ്മശ്രീ അവാര്‍ഡ് ജേതാവും ഹര്‍ഷിനെ ചികിത്സിക്കുന്ന ഡോക്ടറുമായ ബി പോള്‍ പറഞ്ഞു.
തെലങ്കാന പൊലീസും ഇത്തരത്തില്‍ കാന്‍സര്‍ ബാധിതനായ ആറ് വയസ്സുകാരന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരുന്നു. തെലങ്കാനയിലെ രചകൊണ്ട പൊലീസ് കമ്മീഷണറായ മഹേഷ് മുരളീധര്‍ ഭഗവത് ആണ് ദുഡെകല ഇഷാന് തന്റെ സ്ഥാനം വിട്ടുകൊടുത്തത്. പൊലീസ് വേഷത്തിലുള്ള കൊച്ചുമിടുക്കന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018ലായിരുന്നു സംഭവം. അന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഇഷാന്. മറ്റ് പൊലീസുകാരെ സല്യൂട്ട് ചെയ്യുന്ന ഇഷാന്റെ ചിത്രങ്ങളും കണ്ണുനനയിപ്പിക്കുന്നതായിരുന്നു.
ഇതിനു മുമ്പ് മുംബൈയില്‍ നിന്നുള്ള കാന്‍സര്‍ രോഗിയായ ഏഴ് വയസ്സുകാരന്റെ പൊലീസുകാരനാകാനുള്ള ആഗ്രഹവും നിറവേറ്റിയിരുന്നു. മുംബൈയിലെ മുളുണ്ട് പൊലീസ് സ്റ്റേഷനിലായിരുന്നു ഹൃദയസ്പര്‍ശിയായ സംഭവം അരങ്ങേറിയത്. അര്പിത് മണ്ഡല് എന്ന ആണ്‍കുട്ടിയെ ഒരു ദിവസത്തേക്ക് പൊലീസ് ഇന്‍സ്പെക്ടറായി നിയമിക്കുകയായിരുന്നു. ലോക്കല്‍ പോലീസിന്റെയും മേക്ക്-എ-വിഷ് ഇന്ത്യ ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് അര്പിത്തിനെയും ദുഡെകലയെയും ഒരു ദിവസത്തേക്ക് പൊലീസ് ഉദ്യോഗസ്ഥരായി നിയമിച്ചത്. ഗുരുതരമായ രോഗങ്ങളുമായി പൊരുതുന്ന കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ സഹായിക്കുന്ന ഒരു എന്‍ജിഒ ആണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.