മാൾഡ: കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂർ പൂർത്തിയാകും മുമ്പ് 18കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതി. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ പശ്ചിമ ബംഗാൾ മധ്യമിക് ബോർഡ് പരീക്ഷ എഴുതിയത്. തിങ്കളാഴ്ച രാവിലെ മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലാണ് സംഭവം. ജില്ലാ ഭരണകൂടം പ്രാദേശിക ആശുപത്രിയിൽ പരീക്ഷകൾ നടത്താൻ ക്രമീകരണങ്ങൾ നടത്തി.
ഇതോടെ പെൺകുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ അമ്മ പരീക്ഷയ്ക്ക് ഹാജരായി. പരീക്ഷാർത്ഥിയുടെ അപേക്ഷയിൽ ജില്ലാ ഭരണകൂടം ആശുപത്രിയെ പരീക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഹരിശ്ചന്ദ്രപൂരിലെ നാനാറായി ഗ്രാമത്തിലാണ് സംഭവം. ഹരിശ്ചന്ദ്രപൂർ കിരൺബാല ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് അഞ്ജര ഖാത്തൂൺ. പെൺകുട്ടിയുടെ പരീക്ഷാ കേന്ദ്രം ഹരിശ്ചന്ദ്രപൂർ ഹൈസ്കൂളായിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിൽ അഞ്ജര പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവശേഷം തനിക്ക് പരീക്ഷ എഴുതണമെന്ന് അഞ്ജര ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് ആശുപത്രിയിൽ സൗകര്യമൊരുക്കുകയായിരുന്നു.
കുഞ്ഞിനെയും അമ്മയെയും സ്പെഷ്യൽ വാർഡിലേക്ക് മാറ്റി. സ്ഥലത്ത് നിരീക്ഷണത്തിനായി പോലീസിനെയും വിന്യസിച്ചു. “ഇന്ന് രാവിലെ കുഞ്ഞ് ജനിച്ചു. ഇന്ന് മുതൽ പരീക്ഷയും ആരംഭിച്ചു “ അഞ്ജര ഖാത്തൂൻ പറഞ്ഞു. “ഞങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മധ്യമിക് വിദ്യാർത്ഥി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിൽ വച്ചു ബോർഡ് പരീക്ഷ എഴുതാൻ പെൺകുട്ടി ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തു" ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിലെ ബ്ലോക്ക് ഹെൽത്ത് ഓഫീസർ സുവേന്ദു ഭക്ത പറഞ്ഞു.
ബാക്കിയുള്ള സെക്കൻഡറി പരീക്ഷകളും പരീക്ഷാർത്ഥി എഴുതാൻ ആഗ്രഹിക്കുന്നിടത്ത് വച്ച് തന്നെ ക്രമീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മഹാമാരി മൂലം ഏകദേശം രണ്ട് വർഷമായി ബോർഡ് പരീക്ഷകൾ നടന്നിരുന്നില്ല.
രണ്ട് വർഷത്തിന് ശേഷമാണ് വിദ്യാർത്ഥികൾ മധ്യമിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ തിരിച്ചെത്തിയിരിക്കുന്നത്. പരീക്ഷാർത്ഥികളുടെ എണ്ണം 50,000ലധികം വർദ്ധിച്ചു. ഇത്തവണ പരീക്ഷ എഴുതുന്ന ആകെ വിദ്യാർത്ഥികളുടെ എണ്ണം 11,27,000 ആണ്. മാർച്ച് 7 തിങ്കളാഴ്ചയായിരുന്നു ഒന്നാം ഭാഷാ പരീക്ഷ. എന്നാൽ സംസ്ഥാനവ്യാപകമായി നടക്കുന്ന സെക്കൻഡറി പരീക്ഷയുടെ ആദ്യ ദിവസം തന്നെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് സംവിധാനം നിരോധിക്കാനുള്ള തീരുമാനത്തെ ചൊല്ലി തർക്കങ്ങൾ ഉടലെടുത്തു. മാൾഡ, മുർഷിദാബാദ്, നോർത്ത് ദിനാജ്പൂർ, കൂച്ച്ബെഹാർ, ജൽപായ്ഗുരി, ബിർഭം, ഡാർജിലിംഗ് ജില്ലകളിലെ ചില ബ്ലോക്കുകളിൽ പരീക്ഷ ആരംഭിക്കുന്നതിന് 4 മണിക്കൂർ 15 മിനിറ്റ് മുമ്പ് ഇന്റർനെറ്റ് സേവനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ ബോർഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Summary: An 18-year-old writes examination in the hospital just five hours after childbirth
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.