കർണാടകയിലെ മദ്ദൂർ താലൂക്കിലെ യുവാക്കൾ ഒരു പദയാത്രയ്ക്ക് ഒരുങ്ങുകയാണ്. ജോലിക്കു വേണ്ടിയോ മറ്റ് പരാതികൾ പരിഹരിക്കാനോ വേണ്ടി മന്ത്രിമാർക്കു മുന്നിലോ സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലോ അല്ല പദയാത്ര നടത്തുന്നത്. ഗ്രാമത്തിലെ യുവാക്കൾക്ക് വധുവിനെ കിട്ടുന്നില്ല എന്നതാണ് പരാതി. ഇതിനു പരിഹാരം കാണാന്‍ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ മഹാദേശ്വര ഹിൽസ് ക്ഷേത്രത്തിലേക്കാണ് യുവാക്കൾ പദയാത്ര നടത്തുന്നത്. കുടുംബ ജീവിതം ഉണ്ടാക്കാൻ ഇനി ദൈവം കനിയണമെന്നാണ് യുവാക്കൾ പറയുന്നത്.
കർഷകരും മറ്റ് കാർഷിക ജോലി ചെയ്യുന്നവരുമാണ് ഗ്രാമത്തിലെ യുവാക്കളിൽ ഭൂരിഭാഗവും. പെൺകുട്ടികളുടെ വീട്ടുകാർക്ക് തങ്ങളുമായുള്ള ബന്ധത്തിൽ താത്പര്യമില്ലെന്നാണ് യുവാക്കൾ പറയുന്നത്. മദ്ദൂരിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ നിന്ന് വരനെ തേടുകയാണ് അവർ എന്ന് 33 കാരനായ മല്ലേഷ് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു.
കഴിഞ്ഞ നാല് വർഷമായി തനിക്ക് വിവാഹാലോചനകൾ നടക്കുന്നുണ്ട്. നിരവധി കുടുംബങ്ങളിൽ നിന്ന് ആലോചനകൾ വന്നു. എന്നാൽ അവരെല്ലാം പറയുന്നത് സിറ്റിയിലെ പുരുഷന്മാരെ വരനായി മതിയെന്നാണ്. വീട്ടുകാർക്കും പെൺമക്കളെ തന്നെ പോലുള്ള കർഷകർക്ക് വിവാഹം കഴിപ്പിക്കാൻ താത്പര്യമില്ല. മല്ലേഷ് സ്വന്തം അനുഭവം പങ്കുവെച്ചു.
Also Read- അറുപത് വർഷമായി ഉറങ്ങാത്ത എൺപതുകാരൻ; 1962 ൽ പനി വന്നതിനു പിന്നാലെ ഉറക്കം നഷ്ടമായി
മല്ലേഷിനെ പോലെ വിവാഹപ്രായമെത്തിയ 200 യുവാക്കളാണ് മഹാദേശ്വര ക്ഷേത്രത്തിലേക്ക് പദയാത്രയ്ക്ക് ഒരുങ്ങുന്നത്. ഇനി സാക്ഷാൽ മഹാദേശ്വരന് മാത്രമേ തങ്ങളെ സഹായിക്കാൻ കഴിയൂവെന്ന് യുവാക്കൾ വിശ്വസിക്കുന്നു.
ഫെബ്രുവരി 23 നാണ് പദയാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത് ഫെബ്രുവരി 25 ന് ക്ഷേത്രത്തിലെത്താനാണ് പദ്ധതി. അവിവാഹിതരുടെ പദയാത്രയെന്നാണ് തങ്ങളുടെ കാൽനടയാത്രയ്ക്ക് യുവാക്കൾ നൽകിയിരിക്കുന്ന പേര്. ഇതിനകം യാത്രയിൽ ഭാഗമാകാൻ 200 യുവാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാദേശ്വരൻ തങ്ങളെ അനുഗ്രഹിച്ച് തടസ്സങ്ങൾ നീക്കം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് യുവാക്കൾ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, വിവാഹം നീണ്ടു പോകുന്നതിനാൽ ഉണ്ടാകുന്ന മനോവിഷമം ദേവനിലേക്കുള്ള യാത്രയിലൂടെ നീങ്ങുമെന്നും അവർ ആഗ്രഹിക്കുന്നു.
Also Read- അങ്ങനെയും ചില മനുഷ്യർ; ‘ഉച്ചഭക്ഷണത്തിനു പണം തികയാതെ വന്നാൽ കയ്യിൽ ഉള്ളതു തന്നാൽ മതി’
വിവാഹം നടക്കാത്ത ഒരു കൂട്ടം യുവാക്കളാണ് പദയാത്ര എന്ന ആശയത്തിലേക്ക് എത്തിയത്. സോഷ്യൽമീഡിയയിലൂടെ പദയാത്രയെ കുറിച്ച് അറിയിച്ചപ്പോൾ സമീപ ഗ്രാമങ്ങളിൽ നിന്നടക്കം നിരവധി ചെറുപ്പക്കാർ രംഗത്തെത്തി. മാണ്ഡ്യ, മൈസൂർ, ശിവമോഗ, ചാമരാജനഗർ എന്നിവിടങ്ങളിൽ നിന്നെല്ലാം യുവാക്കളെത്തി.
കർഷകരുടെ വരുമാനം സ്ഥിരമായിരിക്കില്ലെന്നതാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനുള്ള പ്രധാന കാരണമായി യുവാക്കൾ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരുമായ യുവാക്കൾക്ക് പെൺമക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് അവർ കരുതുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.