HOME » NEWS » Buzz » 21 YEAR OLD WOMAN CARRYING TWINS DELIVERS UKS SECOND HEAVIEST BABY WEIGHING 5 POINT 8 KG GH

യുകെയിൽ 5.8 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 21കാരി, രാജ്യത്തെ ഏറ്റവും ഭാരമുള്ള രണ്ടാമത്തെ നവജാതശിശു

മകളെ പുറത്തെടുത്തപ്പോൾ ഡോക്ടർമാരും നഴ്സുമാരും ഞെട്ടലോടെയും ചിരിയോടെയും പരസ്പരം നോക്കുന്നത് കണ്ടെന്നും അമ്മ പറയുന്നു.

News18 Malayalam | news18-malayalam
Updated: May 1, 2021, 1:11 PM IST
യുകെയിൽ 5.8 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 21കാരി, രാജ്യത്തെ ഏറ്റവും ഭാരമുള്ള രണ്ടാമത്തെ നവജാതശിശു
പ്രതീകാത്മക ചിത്രം
  • Share this:
മെഡിക്കൽ സയൻസ് അനുസരിച്ച്, ഒരു നവജാതശിശുവിന്റെ ശരാശരി ഭാരം ഏകദേശം 7.5 പൗണ്ട്, അതായത് 3.4 കിലോ ആണ്. ഏകദേശം 0.6 പൗണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നതിലും തെറ്റില്ല. എന്നാൽ അസാധാരണമായ ചില കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഒരു കുഞ്ഞിന്റെ ഭാരം സാധാരണയേക്കാൾ വളരെ കൂടുതലാകുകയോ കുറയുകയോ ചെയ്യുന്ന കേസുകളുമുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് അടുത്തിടെ, യുകെയിൽ സംഭവിച്ചത്. യുകെയിൽ 21കാരിയായ യുവതി 12 പൗണ്ടും 14 ഔൺസും തൂക്കമുള്ള കുഞ്ഞിന് ജന്മം നൽകി. അതായത് ഏകദേശം 5.8 കിലോഗ്രാം ആണ് കുഞ്ഞിന്റെ ഭാരം. യുകെയിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ പെൺകുഞ്ഞ്.

മകൾ എമിലിയയെ ഗർഭിണിയായിരുന്നപ്പോൾ 21കാരിയായ അംബർ കംബർലാൻഡിന്റെ വയറ് അസാധാരണമാംവിധം വലിപ്പം വച്ചിരുന്നു. വയറിന്റെ വലിപ്പം കണ്ട് ഇരട്ടക്കുട്ടികളായിരിക്കുമെന്നാണ് ഡോക്ടർമാർ പോലും കരുതിയത്. എന്നാൽ പിന്നീടാണ് വയറ്റിൽ ഒരു കുട്ടി മാത്രമേ ഉള്ളൂവെന്ന് കണ്ടെത്തിയത്. ഏപ്രിൽ 16 നാണ് അംബർ തന്റെ കുഞ്ഞിന് ജന്മം നൽകിയത്. യുകെയിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ നവജാതശിശുവാണ് ഈ കുഞ്ഞ്. എമിലിയയ്ക്ക് 2012 ൽ ജനിച്ച ഏറ്റവും ഭാരം കൂടിയ കുഞ്ഞിനേക്കാൾ 2 പൗണ്ട് കുറവാണ്.

അൾട്രാസൗണ്ട് സ്കാനിംഗുകളിൽ ഒരു കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുകയുള്ളൂവെങ്കിലും ഗർഭിണിയായ ആദ്യ സമയങ്ങളിൽ ഇരട്ടക്കുട്ടികൾ ആയിരിക്കുമെന്നാണ് ഡോക്ടർമാർ കരുതിയിരുന്നതെന്ന് അമ്മ ടൈംസ് നൌവിനോട് പറഞ്ഞു. ഒരാൾ വയറിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് കരുതിയതെന്നും അമ്മ പറഞ്ഞു. മകളെ പുറത്തെടുത്തപ്പോൾ ഡോക്ടർമാരും നഴ്സുമാരും ഞെട്ടലോടെയും ചിരിയോടെയും പരസ്പരം നോക്കുന്നത് കണ്ടെന്നും അമ്മ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, 32-ാം ആഴ്ചയിൽ തന്നെ 36 ആഴ്ച്ച പ്രായമുള്ള കുഞ്ഞിന്റെ വലുപ്പത്തിൽ എമിലിയ എത്തിയിരുന്നു.

Also Read- എഴുപത്തിയൊന്നാം വയസിൽ കുഞ്ഞിന് ജന്മംനൽകി റിട്ടയേർഡ് അധ്യാപിക; സുധർമ്മ വീണ്ടും ഗർഭം ധരിച്ചത് മകൻ മരിച്ചതിനെ തുടർന്ന്

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അൽപ്പം ഭാരം കൂടുന്നത് ആരോഗ്യത്തിന് ഭീഷണിയാകണമെന്നില്ല. പക്ഷേ ഭാരം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെങ്കിൽ, അത് കുട്ടിക്കും അമ്മയ്ക്കും അപകടമുണ്ടാക്കാം. അമ്മയുടെ ആരോഗ്യം, അമ്മയുടെ പ്രായം, ജനിതക മാറ്റങ്ങൾ എന്നിവ കുഞ്ഞിന്റെ ഭാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

ഉദരത്തിൽ ഇരട്ട കുഞ്ഞുങ്ങൾ വളരവെ മൂന്നാമതൊരു കുഞ്ഞിനെ കൂടി ഗർഭം ധരിച്ച യുവതിയുടെ വാർത്ത കഴിഞ്ഞ വർഷം അവസാനം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യത്തെ ഇരട്ടകളും മൂന്നാമത്തെ കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം 10 മുതൽ 11 ദിവസമാണ്. ടിക് ടോകിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് പറയുന്നത്. യുവതിയുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്ന് ഡോക്ടർമാർ പറയുന്നു. ഐവിഎഫ് ചികിത്സയ്ക്കു വിധേയയായ യുവതിയാണ് മൂന്നു കുഞ്ഞുങ്ങളെ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഗർഭം ധരിച്ചത്.

Keywords: Newborn Baby, Baby, Pregnancy, Mother, Delivery, UK, യുകെ, നവജാത ശിശു, കുഞ്ഞ്, ഗർഭം, അമ്മ, പ്രസവം
Published by: Anuraj GR
First published: May 1, 2021, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories