നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൃഗശാലയിലെത്തിയ സന്ദർശകൻ എറിഞ്ഞ റബ്ബർ പന്ത് വിഴുങ്ങി ധ്രുവക്കരടി ചത്തു

  മൃഗശാലയിലെത്തിയ സന്ദർശകൻ എറിഞ്ഞ റബ്ബർ പന്ത് വിഴുങ്ങി ധ്രുവക്കരടി ചത്തു

  25 വയസുകാരനായ ഉംക എന്ന ധ്രുവക്കരടി മൃഗശാലയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് നിലത്തു വീഴുകയായിരുന്നു.

  Polar_Bear

  Polar_Bear

  • Share this:
   റഷ്യയിലെ ഒരു മൃഗശാലയിൽ ധ്രുവക്കരടി റബ്ബ‍ർ പന്ത് വിഴുങ്ങി ചത്തു. ഏപ്രിൽ 19 ന് രാവിലെയാണ് റബ്ബർ പന്ത് വിഴുങ്ങിയതിനെ തുടർന്ന് ധ്രുവക്കരടിയുടെ ജീവൻ നഷ്ടപ്പെട്ടത്. 25 വയസുകാരനായ ഉംക എന്ന ധ്രുവക്കരടി മൃഗശാലയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് നിലത്തു വീഴുകയായിരുന്നു. റഷ്യയിലെ യെക്കാറ്റെറിൻബർഗ് നഗരത്തിലുള്ള മൃഗശാലയിലാണ് സംഭവം. ഉം‌കയുടെ പരിപാലകൻ സംഭവം നേരിൽ കണ്ടെങ്കിലും ഉംകയെ രക്ഷിക്കാനായില്ല.

   വെറ്ററിനറി ഡോക്ടർമാരുടെ സംഘം പത്ത് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്തിയെങ്കിലും ഉംകയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോ‍‍ർട്ട് അനുസരിച്ച് ഉംകയുടെ വയറ്റിൽ നിന്ന് ഒരു റബ്ബ‍ർ പന്ത് കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമെന്ന് ഡോക്ട‍ർമാ‍ർ വ്യക്തമാക്കി. ഉംകയുടെ മരണ വാ‍ർത്ത മൃഗശാലയിലെ ജീവനക്കാരെ മുഴുവൻ ദു:ഖത്തിലാക്കി. മൃഗശാലയിലെത്തിയ സന്ദർശകരിൽ ആരോ എറിഞ്ഞ് നൽകിയ റബ്ബർ പന്താണ് ഉംകയുടെ മരണത്തിന് കാരണമായത്.

   ഐന എന്ന പെൺ ധ്രുവക്കരടിയുമായി ഉംക വളരെ സമയം പങ്കിടാറുണ്ടായിരുന്നു. ഉംകയുടെ മരണത്തോടെ ഐനയും വിഷമത്തിലാണെന്ന് മൃഗശാലയിലെ ജീവനക്കാർ പറയുന്നു. ഇരുവരും ഒരേ സ്ഥലത്ത് ധാരാളം സമയം ചെലവഴിക്കുമായിരുന്നുവെന്ന് മൃഗശാല ജീവനക്കാർ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

   പരസ്പരം പരിപാലിക്കുകയും കളിപ്പാട്ടങ്ങൾ കൈമാറുകയും ചെയ്തിരുന്നതിനാൽ ഐന ഇപ്പോൾ വളരെ ദു:ഖിതയാണ്. മുതിർന്ന ധ്രുവക്കരടികൾ “മറ്റുള്ളവരുമായി ഇടപഴകുന്നത്” വളരെ അപൂർവമാണെന്നും പരിപാലകർ പറഞ്ഞു. ദാരുണമായ സംഭവത്തിന് ഉത്തരവാദിയായ വ്യക്തിയെ മൃഗശാല അധികൃതർ തിരയുന്നില്ലെങ്കിലും, ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഐനയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

   Also Read- മൃഗശാലയിലെത്തിയ സന്ദർശകൻ എറിഞ്ഞ റബ്ബർ പന്ത് വിഴുങ്ങി ധ്രുവക്കരടി ചത്തു

   അമ്മയെ വേട്ടക്കാർ കൊന്നതിനെത്തുടർന്ന് 1998ലാണ് കുട്ടി ഉംകയെ മൃഗശാലയിൽ കൊണ്ടുവന്നത്. റഷ്യയിലെ ചുക്കോട്‌ക മേഖലയിലെ ബില്ലിംഗ്സ് ഗ്രാമത്തിൽ ഭക്ഷണം തേടുമ്പോഴാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഉംക രക്ഷപ്പെട്ടത്. നായ്ക്കളിൽ നിന്ന് രക്ഷപ്പെടുത്തിയ നാട്ടുകാരാണ് ഉംകയെ മൃഗശാലയ്ക്ക് കൈമാറിയത്.

   പല മുന്നറിയിപ്പുകൾ നൽകിയിട്ടും “സാധ്യമായ ഇത്തരത്തിലുള്ള ദു:ഖകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ” നിരവധി സന്ദർശകർ മൃഗങ്ങൾക്ക് പല വസ്തുക്കളും എറിഞ്ഞ് നൽകാറുണ്ടെന്ന് മൃഗശാല അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

   ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടികളാണ് ധ്രുവക്കരടികൾ. കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും റഷ്യ, കാനഡ, ഡെന്മാർക്ക്, നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടു വരുന്നത്. 25-30 വർഷമാണ് ഇവയുടെ സാധാരണ ആയുർദൈഘ്യം. പൂർണ്ണവളർച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. വംശനാശഭീഷണി നേരിടുന്ന ഒരു ജീവി കൂടിയാണ് ധ്രുവക്കരടികൾ.

   Keywords: Zoo, Polar bear, Russia, മൃഗശാല, ധ്രുവക്കരടി, റഷ്യ
   Published by:Anuraj GR
   First published:
   )}