പരസ്പരമുള്ള സൗഹൃദം എത്രത്തോളമുണ്ടെന്ന് തെളിയിക്കാനായി മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കനാലില്‍ ചാടി. ഇവരില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു.
കനാലില്‍ ചാടുമ്പോള്‍ മൂവരും മദ്യപിച്ചിരുന്നുവെന്ന് പല്ലാ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ യോഗേഷ് കുമാര്‍ പറഞ്ഞു. സംഭവത്തിന് മുമ്പ് താനും അവര്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി രക്ഷപ്പെട്ട സരസ്വതി കോളനി നിവാസിയായ അമിത് ഗുപ്ത (24) പോലീസിനോട് പറഞ്ഞു.
കനാലില്‍ ചാടുന്നതിന് മുമ്പ് മൂന്നുപേരും അവരുടെ വസ്ത്രങ്ങള്‍ ഊരി മൊബൈല്‍ ഫോണുകള്‍ക്കൊപ്പം മാറ്റിവെച്ചെന്നും അമിത് പറഞ്ഞു. പരസ്പരമുളള സൗഹൃദം തെളിയിക്കാനാണ് അങ്ങനെ ചെയ്തതെന്നും അമിത് ഗുപ്ത പറഞ്ഞു.
ശ്യാം കോളനിയിലെ താമസക്കാരായ മോനു (26), സഞ്ജീവ് എന്ന വിരാട് (28) എന്നിവരെയാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. ഇവര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേന സംഘം തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
ഇത്തരം വിചിത്ര കഥകള്‍ക്കൊപ്പം സുഹൃത്തിന് വേണ്ടി ജീവന് നഷ്ടപ്പെട്ട കഥകളും വാര്‍ത്തയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സുഹൃത്തിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങി മരിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോട്ടയം തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ് കുമാറിന്റെ മകന് ദേവദത്ത് (20) ആണ് മരിച്ചത്. റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു സംഭവം.
തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് ദേവദത്ത് അപകടത്തില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദേവദത്ത് മരണത്തിന് കീഴടങ്ങി.
ഇതിനെല്ലാം വിപരീതമായി പാലാക്കാട് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2015 ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തിയത്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതോടെ പൊലീസ് സംഘം പാലപ്പുറത്ത് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇവിടെ നടത്തിയ തിരിച്ചലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
ന്യൂഡല്‍ഹിയില്‍ കടം നല്കിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അങ്കിത് (24) ആണ് സുഹൃത്തായ രവിയെ കൊലപ്പെടുത്തിയത്. രവിക്ക് അങ്കിത് 77,000 കടമായി നല്‍കിയിരുന്നു. പണം തിരികേ ആവശ്യപ്പെട്ട് അങ്കിത് രവിയെ ഫോണ്‍ ചെയ്തപ്പോള്‍ പണം നല്‍കാനാകില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമായിരുന്നു ലഭിച്ച മറുപടി. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alcohol drink, Missing, Rare Friendship