മറ്റ് സ്ത്രീകളോട് വെറുതേ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത ഭാര്യമാരുണ്ട്. തിരിച്ച് ഭാര്യമാർ മറ്റൊരാളോട് ചിരിക്കുന്നതു പോലും അസ്വസ്ഥപ്പെടുത്തുന്ന ഭർത്താക്കന്മാരും നമുക്ക് ചുറ്റുമുണ്ട്. സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് പരസ്പരവിശ്വാസവും സത്യസന്ധതയുമെല്ലാം അനിവാര്യമാണെന്ന് കരുതുന്നവരാണ് കൂടുതലും. അപ്പോഴാണ് കെനിയയിൽ നിന്നും വ്യത്യസ്തമായ ഒരു വിവാഹ വാർത്ത എത്തുന്നത്.
മൂന്ന് സഹോദരിമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിലെന്താണ് ഇത്ര പുതുമ എന്നല്ലേ, മൂന്നു പേരും വിവാഹം കഴിക്കുന്നത് ഒരാളെയാണ്. കെനിയയിലുള്ള കെയ്റ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ വിവാഹ വാർത്തയാണ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായത്. സ്റ്റീവോ എന്നു പേരുള്ള യുവാവാണ് മൂന്ന് പേരുടേയും ഭർത്താവാകുന്നത്. സഹോദരിമാർ തന്നെയാണ് തങ്ങൾക്ക് സ്റ്റീവോയെ ഭർത്താവായി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം സ്റ്റീവോയും അംഗീകരിച്ചു.
ഒരു പുരുഷനൊപ്പം മൂന്ന് പേരും സന്തോഷത്തോടെ എങ്ങനെ ജീവിക്കുമെന്നും ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമൊക്കെയാണ് സോഷ്യൽമീഡിയയിൽ പലരും പറയുന്നത്. എന്നാൽ പൂർണ സന്തോഷത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സഹോദരിമാരും സ്റ്റീവും പറയുന്നത്.
തങ്ങൾ മൂന്നു പേരും ചേർന്നാണ് സ്റ്റീവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സഹോദരിമാർ പറഞ്ഞതായി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഗോസ്പൽ മ്യൂസിക് വിദ്യാർത്ഥികളാണ് മൂന്ന് സഹോദരിമാരും. മൂന്ന് പേരുമായും പ്രണയത്തിലായെന്നാണ് സ്റ്റീവിന് പറയാനുള്ളത്.
മൂത്ത സഹോദരി കെയ്റ്റിനെയാണ് സ്റ്റീവ് ആദ്യം പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ വൈകാതെ അടുത്തു. ഇതിനിടയിൽ കെയ്റ്റ് തന്റെ അനിയത്തിമാരായ ഈവിനും മേരിക്കും സ്റ്റീവോയെ പരിചയപ്പെടുത്തി. സഹോദരിമാരെ കണ്ടതിനു ശേഷമാണ് തന്റെ പ്രണയം ഒരാളോട് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞതായി സ്റ്റീവ് പറയുന്നു. മൂന്ന് പേരേയും ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിയുമോ എന്നാണ് പലരും സ്റ്റീവിനോട് ചോദിക്കുന്നത്.
Also Read- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്ക് 30 വയസ്; പോർച്ചുഗലിലെ ബോബിക്ക് ഗിന്നസ് റെക്കോർഡ്
എന്നാൽ, തന്നെ സംബന്ധിച്ച് ഇതൊക്കെ നിസ്സാരമാണെന്ന് സ്റ്റീവ് പറയുന്നു. താൻ ഒരു പോളിഗമസ് വ്യക്തി (ഒരേ സമയം ഒന്നിലധികം പങ്കാളികൾ ഉണ്ടാകുന്നത്)യാണെന്നും അതിനാൽ തന്നെ മൂന്ന് ഭാര്യമാരെ കിട്ടുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നുമാണ് സ്റ്റീവ് പറയുന്നത്.
വിവാഹശേഷം ഒരോ ഭര്യമാർക്കുമൊപ്പം ഓരോ ദിവസം ചെലവഴിക്കാനാണ് സ്റ്റീവിന്റെ പദ്ധതി. തിങ്കളാഴ്ച്ച മേരിക്കൊപ്പവും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെയ്റ്റ്, ഈവ് എന്നിവർക്കൊപ്പവും കഴിയും. സ്റ്റീവിനൊപ്പം തങ്ങളിൽ ഏതെങ്കിലും ഒരാളാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുമെന്ന് സഹോദരിമാരും പറയുന്നു. തങ്ങളല്ലാതെ മറ്റൊരു സ്ത്രീ ഭർത്താവിന് ഉണ്ടാകരുതെന്ന കാര്യത്തിലും ഇവർക്ക് നിർബന്ധമുണ്ട്. നാലാമതൊരാൾ പങ്കാളിയായി വരുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും സഹോദരിമാർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.