കൊൽക്കത്ത: ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള 50 കവിതകൾ മനഃപാഠമാക്കി ചൊല്ലി റെക്കോർഡ് സൃഷ്ടിച്ച് മൂന്നര വയസുകാരി . പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപൂർ സ്വദേശിനിയായ ആരത്രിക ഘോഷ് എന്ന പെൺകുട്ടിയാണ് കൗതുകകരമായ ഈ റെക്കോർഡിന് ഉടമയായത്. രബീന്ദ്ര സംഗീതം, നാടോടി സംഗീതം, ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽപ്പെടുന്ന 20 ഗാനങ്ങൾ ആരത്രികയ്ക്ക് അനായാസം പാടാൻ കഴിയും. കൊച്ചുകുട്ടിയുടെ സവിശേഷമായ ഈ കഴിവിനെയും പ്രയത്നത്തെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (ഐ ബി ആർ) അംഗീകരിക്കുകയായിരുന്നു. അടുത്തിടെയാണ് റെക്കോർഡ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഐബിആർ അധികൃതർ ആരത്രികയ്ക്ക് കൈമാറിയത്.
കഴിഞ്ഞ മെയ് 15നാണ് ആരത്രികയെ റെക്കോർഡിന് തിരഞ്ഞെടുത്തതായി ഐബിആർ സ്ഥിരീകരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ജൂൺ 19ന് ചില ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും ആരത്രികയ്ക്ക് നേരിട്ട് ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കുകയുമായിരുന്നു. ഒരു സ്വർണ മെഡൽ, മനോഹരമായ ഒരു പേന, ആരത്രികയുടെ പേരിലുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ്, ഐബിആറിന്റെ ലോഗോയോടു കൂടിയ ഏതാനും വാഹന സ്റ്റിക്കറുകൾ എന്നിവയാണ് ഈ റെക്കോർഡ് നേട്ടത്തിന്റെ ഭാഗമായി ആരത്രികയ്ക്ക് ലഭിച്ചത്.
പശ്ചിമ മിഡ്നാപൂർ ജില്ലയിലെ ചന്ദ്രകോണ എന്ന നഗരത്തിലെ ചന്ദ്രകോണ ജിറാട് ഹൈസ്കൂളിൽ അധ്യാപകനായി പ്രവർത്തിക്കുകയാണ് ആരത്രികയുടെ അച്ഛൻ ശുഭാങ്കർ ഘോഷ്. അമ്മ തനുശ്രീ ഘോഷ് വീട്ടമ്മയാണ്. രണ്ടു വയസു പ്രായമുള്ളപ്പോൾ മുതൽ തന്നെ മകൾ അപാരമായ ഓർമശക്തി പ്രകടിപ്പിച്ചിരുന്നെന്ന് ആരത്രികയുടെ അച്ഛൻ ശുഭാങ്കർ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വട്ടം മാത്രം കണ്ടിട്ടുള്ള ബന്ധുക്കളെ ഉൾപ്പെടെ അവൾക്ക് ഓർത്തു വയ്ക്കാൻ കഴിയുമായിരുന്നു. സമാനമായ രീതിയിൽ ചെറിയ സംഭവങ്ങൾ ഉൾപ്പെടെ ഓർമയിൽ നിൽക്കും. ആരത്രികയുടെ സവിശേഷമായ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ രണ്ടു വയസ് മുതൽ തന്നെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് ആരത്രിക തന്റെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങി.
മിക്കവാറും കാര്യങ്ങളും ആരത്രികയെ പഠിപ്പിക്കുന്നത് അമ്മ തനുശ്രീ ഘോഷാണ്. ഘട്ടലിലെ കിഡ്സീ സ്കൂളിലാണ് ആരത്രിക പഠിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെ കാലമായി സ്കൂളുകൾ അടച്ച സാഹചര്യത്തിൽ പഠനത്തോടൊപ്പം കൂടുതൽ കവിതകളും പാട്ടുകളും മനഃപാഠമാക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു ബാലിക. കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ ആരാത്രികയുടെ നേട്ടത്തിൽ ബന്ധുക്കളെല്ലാവരും അതീവ സന്തുഷ്ടരാണ്. അതുല്യമായ കഴിവുകളോടു കൂടി കൂടുതൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ കുരുന്നിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.