തെക്ക് കിഴക്കൻ ഏഷ്യയിലും ചൈനയിലുമായി ആർക്കും തിരിച്ചറിയാനാവാത്ത നിരവധി തരം വവ്വാലുകളുണ്ടെന്ന് (Bats) പുതിയ പഠനം. 40 ശതമാനത്തോളം കുതിരപ്പട വവ്വാലുകളുടെ (Horseshoe Bats) സ്വഭാവം എന്തെന്ന് ഇനിയും മനസ്സിലാക്കേണ്ടതുണ്ട്. ഇവയെ വേർതിരിച്ച് അറിയാനും സാധിച്ചിട്ടില്ല. ഗൂഢസ്വഭാവമുള്ള റിനോലോഫിഡേ (Rhinolophidae) സ്പീഷിസിലുള്ള വവ്വാലുകളെയാണ് ഇനിയും പഠിക്കേണ്ടത്. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് തിരിച്ചറിയാത്ത വവ്വാലുകളെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. 11 വ്യത്യസ്ത സ്പീഷിസുകളിലായി 44 തരത്തിലുള്ള വവ്വാലുകളുണ്ടെന്ന് Frontiers in Ecology and Evolution എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരിച്ചറിയപ്പെടാത്ത നിഗൂഢ സ്വഭാവമുള്ള ഈ വവ്വാലുകളെയെല്ലാം തെക്ക് കിഴക്കൻ ഏഷ്യയിലും തെക്കൻ ചൈനയിലുമായാണ് കാണപ്പെടുന്നത്.
ഈ വവ്വാലുകളുടെ സ്വഭാവത്തെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകളുടെ കേന്ദ്രമാണ് കുതിരപ്പട വവ്വാലുകളെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊവിഡ് 19ന് കാരണമായ തരത്തിലുള്ള വൈറസുകളും ഇക്കൂട്ടത്തിലുണ്ടാവാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വവ്വാലുകളുടെ സ്പീഷീസുകളെപ്പറ്റി വ്യക്തമായി പഠനം നടത്തിയാൽ ലോകത്ത് ഏത് മേഖലയിലാണ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകളുടെ സാന്നിധ്യം കൂടുതലുള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വൈറോളജിസ്റ്റായ ഷി സെങ്ക്ളി പറഞ്ഞു.
ഈ വവ്വാലുകളെ തിരിച്ചറിയാനായാൽ സാർസ് കൊവ്-2 വൈറസിൻെറ ഉറവിടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്ന് പഠനത്തിൻെറ സഹ എഴുത്തുകാരിയും യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങിലെ കൺസർവേഷൻ ബയോളജിസ്റ്റുമായ ആലീസ് ഹ്യൂഗ്സ് പറഞ്ഞു. സാർസ് കൊവ്-2 (SARS Cov-2) വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസുകളെ തെക്കുകിഴക്കൻ ചൈനയിലെ യുനാൻ പ്രൊവിൻസിൽ കാണപ്പെടുന്ന വവ്വാലുകളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളതായി പഠനം പറയുന്നു. റിനോലോഫിഡേ അഫിനിസ് എന്ന സ്പീഷീസിലാണ് ഈ വവ്വാലുകൾ ഉൾപ്പെടുന്നത്. സമാനമായ വൈറസുകളെ ചൈനയിലെ ലാവോസിൽ മൂന്ന് സ്പീഷീസിൽ ഉൾപ്പെട്ടിട്ടുള്ള കുതിരപ്പട വവ്വാലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
2015നും 2020നും ഇടയിലുള്ള കാലഘട്ടത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും തെക്കൻ ചൈനയിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള വവ്വാലുകളെ പിടിച്ചെടുത്താണ് ഗവേഷകർ പഠനം നടത്തിയിട്ടുള്ളത്. വവ്വാലുകളുടെ മൂക്ക്, ചിറക് എന്നിവയുടെ ചിത്രങ്ങളെടുത്ത് പ്രത്യേക പഠനങ്ങൾ നടത്തിയിട്ടുണ്ട്. മൂക്കിൻെറെയും ചിറകിൻെറയും വലിപ്പവും മറ്റ് പ്രത്യേകതകളും മനസ്സിലാക്കി ജനിതക വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഗവേഷകസംഘത്തിന് സാധിച്ചിട്ടുണ്ട്. കണ്ടെത്തിയിരിക്കുന്ന 11 സ്പീഷീസുകളിൽ തന്നെ വ്യത്യസ്ത ഇനത്തിലുള്ള വവ്വാലുകളുണ്ടെന്നാണ് ജനിതകഘടന പരിശോധിച്ചതിലൂടെ മനസ്സിലായതെന്ന് ഗവേഷകർ പറഞ്ഞു. ഒരേ സ്പീഷീസിൽ തന്നെയുള്ള വവ്വാലുകൾക്ക് വ്യത്യസ്ത ജനിതസ്വഭാവം ഉണ്ടെന്ന് പഠനം പറയുന്നു. ഉദാഹരണത്തിന് റിനോലോഫസ് സിനിക്കസ് (Rhinolophus Sinicus) എന്ന സ്പീഷിസിൽപ്പെടുന്ന വവ്വാലുകളിൽ തന്നെ ആറ് വ്യത്യസ്ത സ്വഭാവമുള്ള ഇനങ്ങളെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ നിഗൂഢ സ്വഭാവമുള്ള ഇനിയുമേറെ വവ്വാൽ സ്പീഷീസുകൾ ഉണ്ടായിരിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.