ഇന്നത്തെ കാലത്ത് ആരോഗ്യത്തോടെയിരിക്കാനും ഫിറ്റ്നസ് (Fitness) നിലനിർത്താനും വിവിധ മാർഗങ്ങൾ തേടുന്നവർ നിരവധിയാണ്. ഫിറ്റ്നസ് നിലനിർത്താൻ ജിമ്മുകളിലും (Gym) എയ്റോബിക് സെഷനുകളിലും മറ്റ് വിവിധ തരത്തിലുള്ള വ്യായാമ മുറകളും പിന്തുടരുന്നവരാണ് യുവതലമുറക്കാരിൽ അധികവും.
പ്രായമായവർ സ്ഥിരമായി ഇത്തരത്തിലുള്ള ഫിറ്റ്നസ് രീതി പിന്തുടരുന്നത് വളരെ അപൂർവമാണ്. എന്നാൽ പ്രായമായവരുടെ ചില വർക്ക് ഔട്ട് വീഡിയോകൾ ഇടയ്ക്കിടെ ഇന്റർനെറ്റിൽ വൈറലാകാറുമുണ്ട് (Viral).
ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുകെ സ്വദേശിയായ 52കാരിയാണ് പ്രായം വെറും സംഖ്യ മാത്രമാണെന്നും ഫിറ്റ്നസ് നിലനിർത്താനുള്ള ഇച്ഛാശക്തിയുണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും തെളിയിച്ചിരിക്കുന്നത്.
ഫിറ്റ്നസ് പ്രേമിയായ കെറി ഗോൾഡ് അതി കഠിനമായ വ്യായാമങ്ങൾ പോലും അനായാസം ചെയ്യും. അടുത്തിടെ, കെറി ടിക് ടോക്കിൽ ഒരു വീഡിയോ പങ്കിട്ടിരുന്നു. ഇത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒന്നായിരുന്നു.
കെറിയുടെ ഫിറ്റ്നസ് വീഡിയോയ്ക്ക് ഇതുവരെ രണ്ട് മില്യണിലധികം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ഈ പ്രായത്തിലും കെറിയുടെ ശാരീരിക ബലവും ശരീരവും കണ്ട് പലരും അമ്പരന്നിരിക്കുകയാണെന്ന് ദി സൺ റിപ്പോർട്ട് വ്യക്തമാക്കുന്നു. “എന്റെ 20കളിലും 30കളിലും 40കളിലും എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞില്ല. ഇതാണ് ഏറ്റവും അനുയോജ്യമായ പ്രായം." വീഡിയോ പങ്കിട്ടുകൊണ്ട് കെറി കുറിച്ചു.
നിരവധി പേർ ഈ പ്രായത്തിലുമുള്ള കെറിയുടെ ശരീരഘടനയിൽ അസൂയപ്പെട്ടു. നിങ്ങൾക്ക് 30 വയസ്സ് മാത്രമേ തോന്നിക്കുന്നുള്ളൂവെന്ന് ഒരു ഉപയോക്താവ് കുറിച്ചു. "52 വയസ്സ് അതിശയകരമായി തോന്നുന്നു. നിങ്ങൾ വളരെ ചെറുപ്പമാണ്." എന്ന് മറ്റൊരാൾ കുറിച്ചു.
വയസ്സ് 40കൾ കടന്ന് മുന്നോട്ട് പോകുമ്പോൾ ഇരുപതുകളിലെയും മുപ്പതുകളിലെയും ഊർജസ്വലത നിലനിർത്താൻ പലർക്കും കഴിയാറില്ല. സ്ത്രീകളുടെ ശരീരത്തിൽ ഈ സമയത്ത് പല മാറ്റങ്ങളുമുണ്ടാവും. മുടി നരയ്ക്കുകയെന്നത് മാത്രമല്ല, നിങ്ങൾക്ക് പ്രായമാവുന്നുവെന്ന് തെളിയിക്കുന്ന മറ്റ് പല സൂചനകളും കണ്ടുതുടങ്ങും. എന്നാൽ അത് കണ്ട് ഭയപ്പെടേണ്ടതില്ല. വേണ്ട മുൻകരുതലുകളെടുത്താൽ മാത്രം മതി.
ആരോഗ്യത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. ഭക്ഷണരീതിയിൽ ആവശ്യത്തിന് മാറ്റം വരുത്തേണ്ടി വരും. വീടിന് പുറത്തോ ജിമ്മിലോ പോയി വ്യായാമത്തിനായി സമയം കണ്ടെത്താനും സ്ത്രീകൾ ശ്രമിക്കണം. ആരോഗ്യത്തോടെയിരിക്കാൻ ഈ വഴികൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് ഒരു പരിധി വരെ പ്രായം കൂടുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാനാവും.
Marriage | മദ്യലഹരിയിൽ വിവാഹം കഴിച്ചു; പിന്നീട് ഉപേക്ഷിച്ചു; 'ഭർത്താവി'നെതിരെ പരാതിയുമായി യുവാവ്
ഏതൊരാളുടെയും ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ വ്യായാമത്തിന്റെ (Exercise) പങ്ക് ചെറുതല്ല. രോഗമില്ലാത്ത അവസ്ഥ എന്ന് മാത്രമല്ല ആരോഗ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യം കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ നിങ്ങൾ പൂർണ്ണമായും ആരോഗ്യവാനാണ് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ഭക്ഷണം, വിശ്രമം, മാനസിക ഉല്ലാസം, വ്യായാമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. ജിമ്മിൽ പോകുന്നവർ ദിനചര്യയ്ക്ക് അനുസൃതമായി ഭക്ഷണക്രമവും കലോറി ഉപഭോഗവും നിയന്ത്രിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.