ക്ഷേത്രപരിസരത്ത് ഭിക്ഷാടനം നടത്തി ലഭിച്ച ഒരു ലക്ഷം രൂപ അതേ ക്ഷേത്രത്തിന് സംഭാവനയായി നൽകി വയോധിക. ഒഡീഷയിലെ ഫുൽബനിയിലുള്ള ജഗന്നാഥ ക്ഷേത്രത്തിന് മുന്നിൽ വർഷങ്ങളായി ഭിക്ഷാടനം നടത്തുന്ന എഴുപതുകാരിയാണ് സംഭാവന നൽകിയത്. കഴിഞ്ഞ ഇരുപത് വർഷമായി തുലാ ബെഹറ എന്ന സ്ത്രീ ഈ ക്ഷേത്രത്തിന് മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്.
ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച പണം തുലാ ബെഹറ ഫുൽബനി ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രസിഡന്റിന് കൈമാറി. ഈ ക്ഷേത്രം കാരണമാണ് താൻ ഇന്ന് നിലനിൽക്കുന്നതു ജീവിക്കുകയും ചെയ്യുന്നതെന്നാണ് തുലാ ബെഹറ പണം കൈമാറിക്കൊണ്ട് പറഞ്ഞത്. ജീവിതത്തിന്റെ അവാസന ഘട്ടത്തിലാണ് താനുള്ളത്. ഇത്രയും പണം കൊണ്ട് തനിക്ക് ഇനി ഒന്നും ചെയ്യാനില്ല. അതിനാലാണ് എല്ലാം സർവശക്താന ദൈവത്തിന് സമർപ്പിക്കുന്നതെന്നും തുലാ ബെഹറ പറഞ്ഞു.
ഒഡീഷയിലെ കട്ടക്ക് സ്വദേശിയായ തുലാ ബെഹറ വിവാഹം കഴിഞ്ഞാണ് ഫുൽബനയിൽ എത്തുന്നത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും അവർ പറയുന്നു. വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു മുമ്പ് ഭർത്താവ് പ്രഫുല്ല ബെഹറ മരണപ്പെട്ടു. ഇതിനു ശേഷം നിരവധി ജോലികൾ ചെയ്തു. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെയാണ് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞതെന്നും തുലാ പറയുന്നു.
Also Read- ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്പോർട്ട്; 1.80 കോടിയുടെ തട്ടിപ്പ് നടത്തിയ സംഘം പൊലീസ് പിടിയിൽ
ക്ഷേത്ര ദർശനത്തിന് എത്തുന്നവർ നൽകുന്ന പണം ഇത്രയും കാലം പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപം ഒരു ലക്ഷം കഴിഞ്ഞതായി പോസ്റ്റ് ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് ക്ഷേത്രത്തിന് തന്നെ സംഭാവനയായി നൽകാൻ തീരുമാനിച്ചത്. സംഭാവന നൽകാനുള്ള തീരുമാനം ക്ഷേത്ര ഭാരവാഹിയായ സുനസീർ മൊഹപത്രയെ അറിയിച്ചപ്പോൾ ആദ്യം സ്വീകരിക്കാൻ വിസമ്മതിച്ചു. എന്നാൽ തീരുമാനത്തിൽ തുലാ ബെഹറ ഉറച്ചു നിന്നതോടെ പണം സ്വീകരിക്കാൻ ക്ഷേത്ര ഭാരവാഹികൾ തയ്യാറാവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.