ആശുപത്രി ജീവനക്കാരൻ കഴിഞ്ഞ 15 വർഷക്കാലമായി ജോലി ചെയ്യാതെ മുഴുവൻ വേതനവും കൈപ്പറ്റി. ഇറ്റലിയിലാണ് സംഭവം. പ്രാദേശിക മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ദക്ഷിണ ഇറ്റലിയിലെ കാറ്റൻസാരോ എന്ന നഗരത്തിലെ സിയാഷ്യോ ആശുപത്രിയിലെ ജീവനക്കാരനാണ് 2005 മുതൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത്. ഇയാൾക്കെതിരെ തട്ടിപ്പ്, കൊള്ളയടി, ഔദ്യോഗിക കാര്യങ്ങളുടെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയൻ വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്യുന്നു.
ജോലി ചെയ്തിട്ടില്ലെന്ന് കരുതപ്പെടുന്ന ഈ പതിനഞ്ച് വർഷക്കാലയളവിൽ 538,000 യൂറോ (464,000 പൗണ്ട്) ആണ് ഇയാൾ പ്രതിഫലമായി കൈപ്പറ്റിയിട്ടുള്ളത്. സംഭവം പുറത്തു വന്നതിനെ തുടർന്ന് ജീവനക്കാരൻ ജോലിയ്ക്ക് ഹാജരാകാത്തത് സംബന്ധിച്ച് ആറ് മാനേജർമാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇറ്റാലിയൻ പൊതുമേഖലയിൽ നടത്തിയെന്ന് കരുതപ്പെടുന്ന തട്ടിപ്പിനെതിരെയും ഇതുവരെ ആരോപണ വിധേയനായ ജീവനക്കാരൻ ജോലിയ്ക്ക് ഹാജരാകാത്തതിനുമെതിരെ നടക്കുന്ന നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആരോപണ വിധേയനായ ജീവനക്കാരന് ആശുപത്രിയിൽ ജോലി ലഭിച്ചത് 2005ൽത്തന്നെയാണ്. അതിനു ശേഷം ഇന്നേവരെ അയാൾ ജോലിയ്ക്ക് ഹാജരായിട്ടുമില്ല. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മാനേജറെ ഇയാൾ ഭീക്ഷണിപ്പെടുത്തിയതായും പോലീസ് ആരോപിക്കുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ആ മാനേജർ പിന്നീട് വിരമിച്ചു. എന്നാൽ, ഈ ജീവനക്കാരൻ ജോലിയ്ക്ക് ഹാജരാകാത്ത കാര്യം പുതുതായി വന്ന മാനേജരുടെയോ എച്ച് ആർ വിഭാഗത്തിന്റെയോ ശ്രദ്ധയിൽപ്പെട്ടതേയില്ല. പാർട്ട് ടൈം എന്ന രഹസ്യനാമത്തിൽ നടത്തിയ അന്വേഷണത്തിൽ ഹാജർ സംബന്ധിച്ച രേഖകൾ, ശമ്പള രേഖകൾ, സഹപ്രവർത്തകരിൽ നിന്നുള്ള സാക്ഷിമൊഴി എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്.
67 വയസുകാരനായ ഈ ജീവനക്കാരനെ ഇറ്റാലിയൻ മാധ്യമങ്ങൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത് 'ഹാജരാകാത്തവരുടെ രാജാവ്' (കിങ് ഓഫ് ആബ്സന്റീസ്) എന്നാണ്.
ഇറ്റലിയിലെ പൊതുമേഖലയിൽ ജോലിയ്ക്ക് ഹാജരാകാതിരിക്കുക എന്നത് പതിവ് പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ കേസിലെ അന്വേഷണം രാജ്യത്തെ പൊതുമേഖലയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലേക്ക് നയിക്കും. പൊതുമേഖലയിലുടനീളം ജീവനക്കാർ ഹാജരാകാത്തത് സംബന്ധിച്ച പ്രശ്നങ്ങൾ വ്യാപകമാണെന്ന് ചില ഉന്നത തല പോലീസ് അന്വേഷണങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്ന് 2016-ൽ ഇറ്റാലിയൻ ഗവണ്മെന്റ് ഇത്തരം പ്രവണതകൾ തടയാൻ ശക്തമായ നിയമം കൊണ്ടുവന്നിരുന്നു. അത്തരമൊരു പോലീസ് അന്വേഷണത്തിൽ രണ്ട് വർഷമായി ഓഫീസിലെ ടൈം മാനേജ്‌മെന്റ് സംവിധാനത്തെ കബളിപ്പിച്ച രണ്ട് ജീവനക്കാരെ കൈയോടെ പിടികൂടിയിട്ടുണ്ട്.
Also Read-
ആശുപത്രിയിൽ നിന്നും മോഷ്ടിച്ച കോവിഡ് വാക്സിൻ തിരിച്ചു നൽകി കള്ളൻസമാനമായ മറ്റൊരു കേസിൽ ജോലി ചെയ്തിരുന്ന അതേ കെട്ടിടത്തിൽ തന്നെ താമസിച്ചിരുന്ന ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ കിടക്കാൻ പോകുന്നതിന് മുമ്പായി അടിവസ്ത്രത്തിൽ തന്നെ ഹാജർ രേഖപ്പെടുത്തിയത് സി സി ടി വി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.