മരണ കിടക്കയിൽ വച്ച് തന്റെ പ്രിയപ്പെട്ട കുതിരയോടും നായ്ക്കുട്ടികളോടും യാത്ര പറയുന്ന 68കാരിയുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെഷയർ സ്വദേശിയായ ജാൻ ഹോൾമാൻ എന്ന 68കാരി കഴിഞ്ഞ നാല് ആഴ്ചകളായി ചെസ്റ്ററിലെ ഗുഡ് ഷെപ്പേർഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ ആശുപത്രി കിടക്കയിൽ വച്ച് ജാൻ തന്റെ കാവൽക്കാരായ മോണ്ടി, റൗലി എന്നീ നായ്ക്കളെയും കുതിരയായ ബോബിനെയും കാണാൻ ഏറെ കൊതിച്ചിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ ജാൻ ദിവസവും ബോബിനൊപ്പം സവാരി നടത്തിയിരുന്നു. ബോബ് ജാനിന്റെ 'ജീവിതത്തിലെ ഒരു പ്രധാന ഭാഗം' തന്നെയായിരുന്നു. ഇത് മനസ്സിലാക്കിയ ആശുപത്രി അധികൃതരാണ് ജാനിനെ തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ അവസാനമായി ഒരു നോക്ക് കാണാൻ അവസരമൊരുക്കിയത്.
ജാനിന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയുമായിരുന്നില്ലെങ്കിലും ബോബിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞിരുന്നു.
ബോബിനെ കാണാനാകുന്ന വിധത്തിൽ നഴ്സുമാർ ജാനിന്റെ കിടക്ക സജ്ജീകരിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ട കുതിരയുമായുള്ള വളരെ വൈകാരികമായ ഒത്തുചേരലിന് ആശുപത്രിയും ജീവനക്കാരും സാക്ഷിയായി. ബോബ് ജനാലയിലൂടെ തല ജാനിനടുത്തേയ്ക്ക് ചേർത്ത് വച്ചു. ജാനിന്റെ കഴുത്തിലും കൈകളിലും നക്കി സ്നേഹം പ്രകടിപ്പിച്ചു. ബോബിനെ കണ്ടയുടനെ ജാനിന്റെ മുഖം തിളങ്ങി. 'ആശുപത്രിയിലെ ജീവനക്കാർ തനിക്കുവേണ്ടി ചെയ്തത് വിശ്വസിക്കാനാകുന്നില്ലെന്ന്' അവർ പറഞ്ഞു.
ബോബിനെ ഒരിക്കൽക്കൂടി കാണാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ' നായ്ക്കളെ ഹോസ്പിറ്റലിലെത്തിക്കാൻ കഴിയുമെന്ന് എനിയ്ക്ക് അറിയാമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രോഗിയായിരുന്ന ഞങ്ങളുടെ അയൽക്കാരന് അദ്ദേഹത്തിന്റെ നായ്ക്കളെ കാണാനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. കൂടാതെ നായ്ക്കളെ ആശുപത്രിയിൽ കൊണ്ടുവരാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ബോബിനെ ഒരിക്കൽ കൂടി കാണാൻ അവസരം ലഭിക്കുമെന്ന് ഞാൻ കരുതിയില്ല' ജാൻ കൂട്ടിച്ചേർത്തു.
'ചെസ്റ്ററിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നുവെന്ന്' ജാനിന്റെ ഭർത്താവ് ഡെന്നിസ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 46 വർഷമായി. ഞങ്ങളുടെ നായ്ക്കളായ മോണ്ടിയ്ക്കും റൗലിയ്ക്കും ജാനിന്റെ പ്രിയപ്പെട്ട കുതിര ബോബിനും ജാനിനെ അവസാനമായി കാണാൻ സാധിക്കുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.' ഡെന്നീസ് പറഞ്ഞു.
ആശുപത്രി കിടക്കയിൽ മരണം കാത്തു കിടക്കുന്ന വയോധിക അവസാന ആഗ്രഹമായി തന്റെ പ്രിയപ്പെട്ട പൂച്ചയെ ഒരു നോക്ക് കാണണമെന്ന് പറഞ്ഞത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അവരുടെ ഏറ്റവും നല്ല സുഹൃത്തായ ഒലിവർ എന്ന പൂച്ചക്കുട്ടിയെ കാണണമെന്നാണ് വയോധിക അവസാനമായി പറഞ്ഞത്. ഈ ലോകത്ത് നിന്ന് വിട പറയുന്നതിന് മുമ്പ് ഒലിവറിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന മുത്തശ്ശിയുടെ ചിത്രങ്ങൾ കൊച്ചുമകൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hospital, Viral Photos