എഴുപതുകാരിയായ വെറോണിക്കയും ഭർത്താവ് നിക്കോളാസും (72) ചെന്നൈയിലെ (Chennai) ആദംപക്കത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. വെറോണിക്ക രണ്ട് പതിറ്റാണ്ടിലേറെയായി ഇഡ്‌ലി (Idli) വിൽപ്പന നടത്തുന്നുണ്ട്. ഹോട്ടലുകളിൽ ഒരു ഇഡ്ലിയ്ക്ക് കുറഞ്ഞത് 10 രൂപയെങ്കിലും നൽകേണ്ടി വരുന്ന ഈ കാലത്ത് വെറോണിക്ക ഒരു ഇഡ്ലി വിൽക്കുന്നത് വെറും 1.50 രൂപയാണ്. അതിരാവിലെ ജോലിക്ക് പോകുന്നവരുടെ വീട്ടുപടിക്കൽ ഇഡ്‌ലി എത്തിച്ച് നൽകുന്നതിന് ഇവർ പ്രത്യേകം പണമൊന്നും ഈടാക്കുന്നുമില്ല. രാവിലെ വെറോണിക്കയുടെ വീട്ടിലെത്തുന്നവർക്ക് വെറും 10 രൂപയ്ക്ക് 7 ഇഡ്‌ലികൾ വരെ കഴിക്കാം.
ഇത്തരത്തിൽ വെറോണിക്ക ഒരു ദിവസം 300 രൂപയ്ക്കാണ് ഇഡ്ഡലി വിൽക്കുന്നുത്. അടുത്ത ദിവസത്തേയ്ക്ക് ഇഡ്ലി ഉണ്ടാക്കുന്നതിനായി ഈ പണം മുഴുവൻ ചെലവാക്കുകയും ചെയ്യും. ലാഭത്തിനല്ല, സംതൃപ്തിക്കായാണ് താൻ ഈ ജോലി ചെയ്യുന്നതെന്ന് അവർ പറയുന്നു. നിക്കോളാസ്, ചെന്നൈയിലെ ഒരു ബാങ്ക് എടിഎമ്മിൽ സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നത്. അവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദമ്പതികളുടെ മറ്റ് ചെലവുകൾ കഴിഞ്ഞു പോകുന്നത്.
“ആദ്യം ഒരു ഇഡ്‌ലി 50 പൈസയ്ക്കും പിന്നീട് 1 രൂപയ്ക്കും വിറ്റിരുന്നു, ഇപ്പോൾ എന്റെ ഭാര്യ ഇഡ്ലിയും സാമ്പാറും ചട്ണിയും ചേർത്ത് 1.50 രൂപയ്ക്കാണ് വിൽക്കുന്നത്“ നിക്കോളാസ് പറഞ്ഞു. “നൂറിലധികം കുടുംബങ്ങളാണ് ഞങ്ങളുടെ ഇഡ്ലി കടയെ ദിവസവും ആശ്രയിക്കുന്നത്. ഞാനും വിവാഹിതരായ എന്റെ മൂന്ന് പെൺമക്കളും വെറോണിക്കയുടെ ഇഡ്ലി കച്ചവടത്തിൽ ഇടപെടാറില്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പോലും നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നത് വെറോണിക്കയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. എല്ലാ ദിവസവും വെളുപ്പിനെ മൂന്ന് മണിയ്ക്ക് വെറോണിക്ക ജോലി ആരംഭിക്കും. ഇത് അവളുടെ സംതൃപ്തിക്കായി മാത്രം ചെയ്യുന്നതാണ്. പലതവണ ശ്രമിച്ചിട്ടും തങ്ങൾക്ക് ഇതുവരെ വാർദ്ധക്യ പെൻഷൻ ലഭിച്ചിട്ടില്ലെന്നും“ അദ്ദേഹം പറഞ്ഞു.
പണം കൊണ്ട് സമ്പന്നരല്ലെങ്കിലും ഹൃദയം കൊണ്ട് സമ്പന്നരായ വ്യക്തികളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വാർത്തകൾ മുമ്പും പുറത്തു വന്നിട്ടുണ്ട്. ഉദാഹരണത്തിന്, അടുത്തിടെ, കർണാടകയിൽ ക്ഷേത്രത്തിന് പുറത്ത് ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ തന്റെ പക്കലുള്ള മുഴുവൻ പണവും ദൈവത്തിന് സംഭാവന നൽകിയത് വലിയ വാർത്തയായിരുന്നു. 65 വയസ്സുള്ള കെംപജ്ജി (Kempajji) എന്ന സ്ത്രീ കർണ്ണാടകയിലെ ചിക്കമഗളൂർ ജില്ലയിലെ കദൂരിൽ കോട്ടെ പാത്തല ആഞ്ജനേയ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനുള്ളിലെ ആളുകളിൽ നിന്ന് ഭിക്ഷ യാചിക്കാൻ എത്തിയതാണെന്ന് കരുതി നിരവധി പേർ കെംപജ്ജിയെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു. എന്നാൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച കെംപജ്ജി പ്രധാന പൂജാരിയെയോ അഡ്മിനിസ്ട്രേറ്ററെയോ കാണാനായി നിർബന്ധം പിടിച്ചു. പൂജാരിയായ ദത്തു വാസുദേവിനെ കണ്ടപ്പോൾ കെംപജ്ജി 500 രൂപയുടെ 40 നോട്ടുകൾ പുറത്തെടുത്ത് അദ്ദേഹത്തിന് കൈമാറി. അതുകണ്ട് ആശ്ചര്യപ്പെട്ട വാസുദേവ് കെംപജ്ജിയോട് തനിക്കെന്തിനാണ് പണം തന്നതെന്ന് ചോദിച്ചു. ഈ പണം ഉപയോഗിച്ച് ക്ഷേത്രത്തിലെ ആഞ്ജനേയ (Anjaneya) സ്വാമിക്കായി (ഹനുമാൻ) ഒരു വെള്ളി മാസ്ക് (Silver face mask) മേടിച്ച് ധരിപ്പിക്കണമെന്നായിരുന്നു കെംപജ്ജിയുടെ ആവശ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.