ഭീമാകാരനായ സ്രാവിന്റെ (Shark) ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് എട്ടു വയസുകാരൻ. നപത് ചയ്യാരക് ക്രിസ്റ്റെങ്കോ എന്ന കുട്ടിക്കാണ് പിതാവിനൊപ്പം കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണമേറ്റത്. തായ്ലൻഡിലെ (Thailand) ഫൂക്കറ്റ് ദ്വീപിലാണ് സംഭവം.
കുട്ടിക്കു നേരെ പാഞ്ഞെത്തി അവന്റെ വലത് കാൽ പല്ലുകൾക്കിടയിൽ മുറുകെ പിടിക്കുകയാണ് സ്രാവ് ആദ്യം ചെയ്തത്. കുട്ടി വേദന കൊണ്ട് നിലവിളിക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. അത് ഫലം കാണാതെ വന്നപ്പോളാണ് മുഖത്ത് ഇടിച്ചത്. അടിയേറ്റ സ്രാവ് ആഴത്തിലേക്ക് നീന്തി മറഞ്ഞു. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ കരക്കെത്തിച്ചു.
പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കുട്ടി ശാന്തനായാണ് സംസാരിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “എനിക്ക് കാലിൽ വേദന അനുഭവപ്പെട്ടു. താഴേക്ക് നോക്കിയപ്പോൾ സ്രാവ് എന്നെ കടിക്കുന്നതാണ് കണ്ടത്. രക്ഷപെടാൻ വേണ്ടായണ് ഞാൻ അതിനെ ഇടിച്ചത്'', നപത് പറഞ്ഞു.
കുട്ടിയെ ആക്രമിച്ചത് ബ്രാക്കുട (barracuda) സ്രാവ് ആണെന്നാണ് നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ബ്ലാക്ക്ടിപ്പ് റീഫ് സ്രാവോ കാള സ്രാവോ ആണ് ഇതെന്നാണ് സ്രാവ് വിദഗ്ധരുടെ നിഗമനം. നപതിന്റെ കാലിനേറ്റ മുറിവിൽ 33 സ്റ്റിച്ചുകളുണ്ട്.
ഫുക്കറ്റിൽ സ്രാവുകളുടെ ആക്രമണം വളരെ വിരളമായേ സംഭവിക്കാറുള്ളൂ. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ആക്രമണം നടന്ന സ്ഥലത്തിന് ചുറ്റും അധികൃതർ ബോർഡുകൾ സ്ഥാപിച്ചു.
ഒരു ഇൻസ്റ്റാ 360 ക്യാമറ വിഴുങ്ങിയ സ്രാവിന്റെ വീഡിയോ സമീപ കാലത്ത് വൈറലായിരുന്നു. സ്രാവിന്റെ വായുടെ ഉള്ളിലെ അറ ഉൾപ്പെടെയുള്ള കാഴ്ചകളാണ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടത്. ക്യാമറക്കരികിലൂടെ നീന്തുകയായിരുന്ന സ്രാവ് പെട്ടെന്ന് അത് വായിലാക്കുന്നതും ക്യാമറ വിഴുങ്ങാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അമേരിക്കൻ സ്വദേശിയായ ഡാന റോസ് എന്ന സ്ത്രീ ഒരു ചത്ത സ്രാവിന്റെ വായ തുറക്കുന്നതിന്റെ വീഡിയോയും മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വന്തം കൈകൾ ഉപയോഗിച്ചാണ് ഡാന ആ ഭീമൻ വെള്ള സ്രാവിന്റെ വായ തുറന്ന് അതിന്റെ പല്ലുകളുടെ ചിത്രമെടുത്തത്. യുഎസിലെ നോർത്ത് കരോലിനയിലെ ഹാറ്റെറാസ് ബീച്ചിൽ വെച്ചായിരുന്ന സംഭവം. കടൽത്തീരത്ത് തിരമാലകൾക്കൊപ്പം ഒഴുകിയെത്തിയതാണ് ആ വലിയ വെള്ള സ്രാവ് എന്നാണ് ഡാനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. സ്രാവ് ചത്തുകിടന്നിട്ടും അതിന്റെ അടുത്തേക്കു പോകാവൻ പലരും ഭയപ്പെട്ടിരുന്നു.
കടൽത്തീരത്ത് നടക്കുകയായിരുന്ന ഡാന റോസ് ഒരു ഞെട്ടലോടെയാണ് സ്രാവിനെ കണ്ടത്. സ്രാവിന്റെ നിരവധി ഫോട്ടോകൾ എടുത്ത് ഡാന ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. കൈകൾ കൊണ്ട് ഭീമാകാരനായ ജീവിയുടെ വായ തുറന്ന് പല്ലുകളുടെ ഫോട്ടോ എടുത്ത ഡാന പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. മത്സ്യത്തിന്റെ മൂർച്ചയുള്ള പല്ലുകൾ കണ്ട് കാഴ്ചക്കാർ അമ്പരക്കുകയും ചെയ്തിരുന്നു. ഡാനയുടെ ധീരതയെ പ്രശംസിച്ചും പലരും രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bull Shark