കഴിഞ്ഞ സെപ്റ്റംബറിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്ലെയിൻഫീൽഡ് എന്ന സ്ഥലത്തുള്ള കുടുംബം ഒരു എസ് യു വി കാർ വാങ്ങുന്നത്. യൂസ്ഡ് കാർ ആണെങ്കിലും അതിൽ ഇത്രയും നാൾ ആരും കാണാതെ ഒരു 'നിധി' ഒളിഞ്ഞിരിപ്പുണ്ടെന്ന് കാറിന്റെ ഇപ്പോഴത്തെ ഉടമയായ മൈക്കിൾ മെൽവിനും കുടുംബവും കരുതിയിരുന്നില്ല.
മൈക്കിളിന്റെ ഒമ്പത് വയസ്സുള്ള മകൻ വേണ്ടി വന്നു കാറിനുള്ളിലെ സമ്പത്ത് കണ്ടെത്താൻ. ഒമ്പതുകാരനായ ലണ്ടൻ മെൽവിനാണ് ദിവസവും കാർ കഴുകേണ്ട ജോലി. പതിവു പോലെ ലണ്ടൻ മെൽവിൻ കാർ വൃത്തിയാക്കാൻ തുടങ്ങി. കാറിന്റെ പുറംഭാഗമെല്ലാം കഴുകി വൃത്തായാക്കി അകത്തുള്ള പൊടി കൂടി കളയാൻ ലണ്ടൻ തീരുമാനിച്ചതായിരുന്നു.
അതിനിടയിലാണ് അകത്തുള്ള ഫ്ലോർ മാറ്റിന് അടിയിലായി ഒരു പൊതി കുട്ടി കണ്ടെത്തുന്നത്. കവർ പൊട്ടിച്ചപ്പോൾ കയ്യിൽ കിട്ടിയത് കണ്ട് അന്താളിച്ച കുട്ടി ഉടനെ പിതാവിനെ വിളിച്ചു. തനിക്ക് ഒരു കാര്യം കിട്ടിയെന്ന് ലണ്ടൻ മൈക്കിളിനെ അറിയിച്ചെങ്കിലും ഒമ്പത് വയസ്സുള്ള കുട്ടിയെ എന്തായിരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകുക എന്ന് കരുതി ആദ്യം ഗൗരവത്തിൽ എടുത്തില്ല.
വീണ്ടും താൻ വലിയൊരു കാര്യമാണ് കണ്ടെത്തിയതെന്ന് കുട്ടി പറഞ്ഞതോടെയാണ് മൈക്കിൾ മകന് അടുത്തെത്തുന്നത്. കിട്ടിയ കടലാസ് പൊതി ലണ്ടൻ അച്ഛനെ ഏൽപ്പിച്ചു. കവറിലുള്ളത് കണ്ട് ആദ്യം മൈക്കിളിന് വിശ്വസിക്കാനായില്ല. കൈ നിറയെ പണമായിരുന്നു അത്.
You may also like:പ്രസവ വേദനയിലും ബോർഡ് മീറ്റിംഗിൽ പങ്കെടുത്ത് യുവതി; കമ്പനിയുടെ ക്രൂരത പങ്കുവച്ച് കൂട്ടുകാരിയുടെ ട്വീറ്റ്
ആദ്യം കരുതിയത് എന്തെങ്കിലും പേപ്പർ ആയിരിക്കുമെന്നാണ്. തുറന്നപ്പോഴാണ് പണമാണെന്ന് മനസ്സിലായത്. എണ്ണി നോക്കിയപ്പോൾ 5000 ഡോളർ. ഏകദേശം മൂന്ന് ലക്ഷത്തിന് മുകളിൽ രൂപ. ആദ്യം ഈ പണം എവിടെ എങ്ങനെയെത്തി എന്നൊക്കെ അമ്പരന്നെങ്കിലും കാറിന്റെ പഴയ ഉടമയെ വിളിക്കാൻ മൈക്കിൾ തീരുമാനിച്ചു.
സൗത്ത് കരോളീനയിലുള്ള കുടുംബത്തിൽ നിന്നാണ് മൈക്കിൾ കാർ വാങ്ങിയത്. അന്വേഷിച്ചപ്പോൾ രണ്ട് വർഷം മുമ്പ് മറന്നു വെച്ച പണമാണ് ഇപ്പോൾ കിട്ടയതെന്ന് വ്യക്തമായി. 2019 ൽ ഫ്ളോറിഡയിലേക്കുള്ള യാത്രക്കിടയിലാണ് പണം കവറിലാക്കി കാറിൽ സൂക്ഷിച്ചത്. പിന്നീട് ഇത് വെച്ച സ്ഥലം മറന്നു പോകുകയായിരുന്നു.
You may also like:ആയുസ് കൂട്ടണോ? കോഴിയുടെ തലച്ചോറ് കഴിച്ചാൽ മതിയെന്ന് നൂറ്റിപ്പതിനൊന്നുകാരൻ
എന്തായാലും കൊല്ലം രണ്ട് കഴിഞ്ഞെങ്കിലും നഷ്ടമായ പണം ഒരു ഡോളർ പോലും കുറയാതെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കാറിന്റെ പഴയ ഉടമയും കുടുംബവും. മാത്രമല്ല, പണം കണ്ടെത്തിയ ലണ്ടൻ മെൽവിൻ എന്ന ഒമ്പതുകാരനെ ചെറുതായൊന്ന് അഭിനന്ദിക്കാനും കുടുംബം തീരുമാനിച്ചു.
ഇതിനായി തിരികെ കിട്ടിയ പണത്തിൽ നിന്നും ആയിരം ഡോളർ ലണ്ടന് പാരിതോഷികമായി നൽകിയാണ് കുടുംബം മടങ്ങിയത്. 72000 ഓളം രൂപ വരും ലണ്ടന് കിട്ടിയ സമ്മാനത്തുക. തനിക്ക് കിട്ടിയ പണം കൊണ്ട് ഇനി എന്താണ് ചെയ്യേണ്ടതെന്ന് തലപുകഞ്ഞുള്ള ആലോചനയിലാണ് ലണ്ടൻ.
പണം തിരികെ കൊടുത്തതിന് പിന്നാലെ മൈക്കിൾ ആദ്യം ചെയ്തത് കാറിന്റെ ഫ്ലോർ മുഴുവൻ അരിച്ച് പരിശോധിക്കുകയാണ്. ഇനി എന്തൊക്കെ ഒളിഞ്ഞിരിപ്പുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന. ജീവിതത്തിൽ വലിയൊരു പാഠമാണ് ഒമ്പത് വയസ്സുള്ള മകൻ തന്നെ പഠിപ്പിച്ചതെന്നും മൈക്കിൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.