മനുഷ്യവര്‍ഗ്ഗത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന ജീവികളാണ് ചിമ്പാന്‍സികള്‍. മനുഷ്യരുടെ ഡി എന്‍ എയുടെ 98.8 ശതമാനം ചിമ്പാൻസികളും പങ്കിടുന്നു. അതിനാല്‍, മനുഷ്യര്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങൾ ചെയ്യാൻ ഈ മൃഗത്തിനും കഴിയും. ഏറ്റവും ബുദ്ധിയുള്ള മൃഗങ്ങളുടെ പട്ടികയില്‍ ചിമ്പാൻസികൾ ഒന്നാമതെത്തിയതില്‍ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഈ മൃഗത്തിന്റെ ആകര്‍ഷണീയമായ ബൗദ്ധികശേഷി പലപ്പോഴും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരിശീലകരും ഗവേഷകരും ചിമ്പാന്‍സികൾക്ക് മുന്നില്‍വെച്ച പല പരീക്ഷണങ്ങളിലും അവര്‍ വിജയിച്ചു.
ചിമ്പാന്‍സികള്‍ക്ക് വാക്കുകള്‍ പഠിക്കാനും ഉപകരണങ്ങള്‍ ഉപയോഗിച്ച് കളിക്കാനും അവ ഉപയോഗിക്കാനും അടുപ്പമുള്ള ഒരാളുടെ മരണത്തില്‍ വിലപിക്കാനുമൊക്കെ കഴിയുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിമ്പാന്‍സികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. ഇപ്പോള്‍, ഒരു ചിമ്പാന്‍സി വസ്ത്രങ്ങള്‍ അലക്കുന്ന അപൂര്‍വമായ കാഴ്ച ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.
അരുവി പോലെയുള്ള ഒരു ജലപ്രവാഹത്തിന് സമീപം ഇരിക്കുന്ന ചിമ്പാന്‍സി ഒരു മഞ്ഞ നിറത്തിലുള്ള ടി-ഷര്‍ട്ട് കഴുകുന്നത് ഈ വൈറൽ വീഡിയോ ദൃശ്യത്തിൽ കാണാം. ശരിക്കും 'ദേശി' ശൈലിയിലുള്ള അലക്കല്‍ തന്നെയാണ് അത്. ചിമ്പാന്‍സി ആദ്യം കൈകളാല്‍ തുണി പാറപ്പുറത്ത് വിരിച്ചിടുന്നു. തുടര്‍ന്ന് വെള്ളത്തില്‍ മുക്കിയിട്ടിരുന്ന സോപ്പ് എടുത്ത് ഉടുപ്പിന് മുകളില്‍ തേച്ചുകൊണ്ട് ഇന്ത്യന്‍ രീതിയില്‍ വസ്ത്രങ്ങള്‍ അലക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ചിമ്പാന്‍സിക്ക് വസ്ത്രങ്ങള്‍ അലക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്ന് വീഡിയോ കാണുമ്പോള്‍ നമുക്ക് തോന്നും. ഒക്ടോബര്‍ ആറിന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇന്റര്‍നെറ്റ് ലോകത്ത് ഹിറ്റായിരുന്നു. മൂവായിരത്തിയറുന്നൂറോളം ആളുകള്‍ ലൈക്ക് ചെയ്ത വീഡിയോ ഇപ്പോഴും വൈറലായി തുടരുകയാണ്. ഹെലിക്കോപ്റ്റര്‍ യാത്ര (helicopter_yatra) എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഒട്ടേറെ കമന്റുകളും ലഭിച്ചിരുന്നു.
പല കമന്റുകളും, വീട്ടിലെ ജോലികള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് പുതിയൊരു സഹായിയെ ലഭിച്ചുവെന്ന തരത്തിലുള്ളതായിരുന്നു. 'ഞാന്‍ എന്റെ പുതിയ വീട്ടുജോലിക്കാരെ കണ്ടെത്തി' എന്നായിരുന്നു ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. 'ഈ സഹായിയെ എനിക്ക് വേണം' എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. ഫയര്‍ ഇമോജികളും, ലൗ ചിഹ്നങ്ങളും, സന്തോഷ ചിഹ്നങ്ങളും, വൗ ചിഹ്നങ്ങളും ഒക്കെ ചേര്‍ത്ത് ഒട്ടേറെ ഉപയോക്താകള്‍ വീഡിയോയ്ക്ക് പ്രോത്സാഹനം നല്കുന്നു.
അതുപോലെ, ഈ വര്‍ഷം ജൂലൈ മാസത്തില്‍ പങ്കുവച്ച ഒരു വീഡിയോയില്‍, ഒരു ആള്‍ക്കുരങ്ങ് തന്റെ കുട്ടിയെ എങ്ങനെ കുളിക്കണമെന്ന് പഠിപ്പിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങിനെ കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ മനോഹരമായ ഈ ദൃശ്യം ഐഎഫ്എസ് ഓഫീസര്‍ സുശാന്ത് നന്ദയായിരുന്നു ട്വിറ്ററില്‍ പങ്കുവച്ചത്. ജൂലൈ 27ന് സുശാന്ത് നന്ദ പങ്കുവച്ച വീഡിയോ മുപ്പത്തിയേഴായിരത്തിലധികം ആളുകള്‍ കണ്ടു. 4500-ഓളം ലൈക്ക് ലഭിച്ച ട്വീറ്റിന് അറുന്നൂറിലധികം റീട്വീറ്റുകളും നൂറിനടുത്ത് ക്വോട്ട് ട്വീറ്റുകളും ലഭിച്ചിരുന്നു. ദൃശ്യത്തിനെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും ഒട്ടേറെ ട്വിറ്റര്‍ ഉപയോക്താകള്‍ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.