തോട്ടത്തിലെ വിലയേറിയ മാമ്പഴത്തിന് കാവൽക്കാരെ ഏർപ്പെടുത്തി മധ്യപ്രദേശിലെ ദമ്പതികൾ. ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ജാപ്പനീസ് മിയസാക്കി മാമ്പഴം കൃഷി ചെയ്യുന്ന ദമ്പതികളാണ് തങ്ങളുടെ തോട്ടത്തിലെ മിയസാക്കി മാവുകൾക്ക് കാവൽക്കാരെ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാവുകൾക്ക് കാവൽ നിൽക്കാൻ നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയുമാണ് വിന്യസിച്ചിരിക്കുന്നത്.
ജബൽപൂർ നിവാസിയായ സങ്കൽപ് പരിഹാസിന് ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഒരാൾ ഈ മാമ്പഴ തൈകൾ നൽകിയത്. സാധാരണ മാവുകളായിരിക്കുമെന്ന് കരുതിയാണ് അദ്ദേഹവും ഭാര്യ റാണിയും അവരുടെ തോട്ടത്തിൽ മാവിൻ തൈകൾ നട്ടത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞു മാവിൽ മാങ്ങ ഉണ്ടാകാൻ തുടങ്ങി. എന്നാൽ മാവിലെ മാങ്ങകൾ കണ്ട് ദമ്പതികൾ ഞെട്ടി. പഴുക്കുന്ന മാങ്ങകളുടെ നിറമാണ് ഇവരെ അത്ഭുതപ്പെടുത്തിയത്. മഞ്ഞയോ പച്ചയോ നിറമല്ല മാമ്പഴങ്ങൾക്ക്. നല്ല ചുവപ്പു നിറത്തിലാണ് മാമ്പഴങ്ങൾ പഴുത്തു കിടക്കുന്നത്. തുടർന്ന് ഈ അപൂർവ ഇനം മാമ്പഴത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയപ്പോഴാണ് മാമ്പഴത്തിന്റെ രൂപത്തിൽ തങ്ങൾക്ക് ലോട്ടറിയാണ് അടിച്ചിരിക്കുന്നതെന്ന് ദമ്പതികൾക്ക് മനസ്സിലായത്.
ജാപ്പനീസ് മിയസാക്കി മാമ്പഴം അന്താരാഷ്ട്ര, വിദേശ മാമ്പഴ വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള ലോകത്തിലെ വിലകൂടിയ മാമ്പഴങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇവർ അന്താരാഷ്ട്ര വിപണിയിൽ മാമ്പഴം കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് വിറ്റത്.
Also Read-
വീണ്ടും സംഭാവനകളുമായി ആമസോൺ സ്ഥാപകന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട്; 286 സ്ഥാപനങ്ങൾക്ക് 270 കോടി രൂപ നൽകി
ദി ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം മോഷ്ടാക്കൾ അപൂർവ മാമ്പഴത്തെക്കുറിച്ച് അറിഞ്ഞ് ദമ്പതികളുടെ തോട്ടത്തിൽ അതിക്രമിച്ചു കയറിയിരുന്നു. മോഷ്ടാക്കൾ മാമ്പഴം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ കണ്ടതിനാൽ മോഷണം നടന്നില്ല. എന്നാൽ ഈ വർഷം മാമ്പഴം സംരക്ഷിക്കാൻ പുതിയ മാർഗം തന്നെ സ്വീകരിച്ചിരിക്കുകയാണ് ഇവർ. തോട്ടത്തിലെ മിയസാക്കി മാമ്പഴം സംരക്ഷിക്കാൻ ദമ്പതികൾ ഇപ്പോൾ നാല് സുരക്ഷാ ഗാർഡുകളെയും ആറ് നായ്ക്കളെയുമാണ് വിന്യസിച്ചിരിക്കുന്നത്.
മാമ്പഴത്തിന് ഓർഡറുകൾ ലഭിക്കാൻ ആരംഭിച്ചതോടെ ദമ്പതികൾക്ക് വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള ബിസിനസുകാരൻ ഒരു മാമ്പഴത്തിന് 21,000 രൂപ വരെ ദമ്പതികൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ദി മിന്റിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജാപ്പനീസ് നഗരമായ മിയസാക്കിയിലാണ് ഇത്തരം ചുവന്ന മാമ്പഴം ആദ്യം കൃഷി ചെയ്തത്. അതുകൊണ്ടാണ് മാമ്പഴത്തിന് ഇങ്ങനെയൊരു പേര് വന്നിരിക്കുന്നത്.
മാമ്പഴങ്ങളിൽ ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചശക്തിയ്ക്ക് വളരെ നല്ലതാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഫലങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിൻ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കും. കാൻസറിനെ പ്രതിരോധിക്കുന്നതിനും അത്യുത്തമമാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മലാശയ കാൻസർ, സ്തനാർബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയുമെന്ന് വിദഗ്ധർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.