നായയും (Dog) മനുഷ്യനും (Human) തമ്മിലുള്ള ബന്ധത്തിൻെറ കഥകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. യജമാനനോട് വല്ലാത്ത സ്നേഹവും വിശ്വാസ്യതയും കാണിക്കുന്നവരാണ് നായകൾ. അത് കൊണ്ട് തന്നെയാണ് വീട്ടുകാവൽക്കാരായി അവയെ ഉപയോഗിക്കുന്നത്. വളർത്തുനായ്ക്കളോട് മനുഷ്യരും വല്ലാതെ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. വീട്ടിലെ ഒരാളെന്ന നിലയിൽ നായ്ക്കളെ വളർത്തുന്ന പലരുമുണ്ട്. നായും യജമാനനും തമ്മിലുള്ള സ്നേഹത്തിൻെറ വേറിട്ട ഉദാഹരണമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ (Social Media) പ്രചരിക്കുന്നു. ലഞ്ച് ബോക്സുമായി (Lunch Box) റോഡരികിലൂടെ നടന്ന് നീങ്ങുന്ന ഒരു നായയുടെ വീഡിയോയാണ് വൈറലാവുന്നത്.
തൻെറ ഉടമസ്ഥൻെറ ഓഫീസിലേക്കാണ് ഭക്ഷണവുമായി നായയുടെ യാത്ര. ജർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായയാണ് ലഞ്ച് ബോക്സ് വായിൽ കടിച്ച് പിടിച്ച് നീങ്ങുന്നത്. എൻറർടെയിൻമെൻറ് വാർത്താ വെബ്സൈറ്റായ പിങ്ക് വില്ലയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം നായ എല്ലാ ദിവസവും രണ്ട് കിലോമീറ്റർ നടന്ന് തൻെറ യജമാൻെറ ഓഫീസിൽ ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്.
റോഡരികിലൂടെ വളരെ ശ്രദ്ധയോടെ ഭക്ഷണപാത്രവും പിടിച്ച് പോവുന്ന ജർമൻ ഷെപ്പേർഡ് നായയെ വീഡിയോയിൽ കാണാം. വാഹനങ്ങൾ വരുമ്പോൾ അത് പേടിയോടെ ഇടയ്ക്ക് നിൽക്കുന്നതും കാണാം. മലമുകളിലുള്ള ഒരു പ്രദേശത്ത് കൂടിയാണ് നായയുടെ ഈ യാത്രയെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഷേരുവെന്നാണ് നായയുടെ പേരെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്. യജമാനനുള്ള ഭക്ഷണവുമായി അവൻ ദിവസവും രണ്ട് കിലോമീറ്റർ യാത്ര ചെയ്യുന്നുവെന്നും ക്യാപ്ഷനിൽ എഴുതിയിട്ടുണ്ട്. നായയുടെ യാത്രയെക്കുറിച്ചുള്ള ലഘുവിവരണവും വീഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്. ടിംസിവാട്ട്സ് (timssyvats) എന്ന ഇൻസ്റ്റഗ്രാം പേജിനാണ് വീഡിയോയുടെ ക്രെഡിറ്റ് നൽകിയിരിക്കുന്നത്.
ലോകത്തെമ്പാടുമുള്ള നായപ്രേമികളുടെ ഇഷ്ടം ഏറ്റുവാങ്ങിക്കൊണ്ട് വൈറലാവുകയാണ് ഈ വീഡിയോ. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് വരെ 45.4k കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 45000 ലൈക്കുകൾ ലഭിച്ചിട്ടുള്ള വീഡിയോ നിരവധി പേർ ഷെയർ ചെയ്യുന്നുമുണ്ട്. യജമാനനോട് നായ കാണിക്കുന്ന സ്നേഹത്തെ പുകഴ്ത്തുന്ന നിരവധി കമൻറുകളുമുണ്ട്. ഈ വീഡിയോ കാണുമ്പോൾ താൻ കരയുകയായിരുന്നുവെന്നാണ് ഒരു സ്ത്രീയുടെ കമൻറ്. അത്രയ്ക്ക് ഹൃദയഭേദകമായിട്ടാണ് തനിക്ക് ഇത് അനുഭവപ്പെട്ടതെന്ന് അവർ വ്യക്തമാക്കി. നായ്ക്കൾ മനുഷ്യൻെറ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും അവർ അഭിപ്രായപ്പെട്ടു.
എന്നാൽ എല്ലാവരും വളരെ പോസിറ്റീവായിട്ടില്ല നായയുടെ യാത്രയെ കാണുന്നതെന്ന് കമൻറ് ബോക്സിൽ നിന്ന് വ്യക്തമാണ്. റോഡിലൂടെ ഈ നിഷ്കളങ്കനായ വളർത്തുനായയെ ഒറ്റയ്ക്ക് നടത്താൻ വിടുന്നത് അപകടകരമാണെന്നാണ് മറ്റൊരു സ്ത്രീയുടെ കമൻറ്. നിരവധി വാഹനങ്ങൾ കടന്ന് പോവുന്ന റോഡിലൂടെ നായ ഭയത്തോടെയാണ് നടന്ന് നീങ്ങുന്നത്. വണ്ടിയോടിച്ച് പോവുന്നവരെല്ലാവരും അതിനോട് കരുണയോടെ പെരുമാറണമെന്ന് ഉറപ്പില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. മൃഗങ്ങളോടുള്ള പീഡനമാണ് ഇതെന്ന് മറ്റൊരാളും കമൻറ് ചെയ്തിട്ടുണ്ട്. എന്നാൽ വീഡിയോ കാഴ്ചക്കാരെ ഒരേസമയം കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.