• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചു' ചിത്രം വൈറലായപ്പോൾ ദുരിതത്തിലായത് ഒരു കുടുംബം

'ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചു' ചിത്രം വൈറലായപ്പോൾ ദുരിതത്തിലായത് ഒരു കുടുംബം

ഭാര്യ അറിയാതെ ഒളിപ്പിച്ചുവെച്ച മദ്യം എടുക്കുന്നതിനിടെ കൈ കുടുങ്ങിപ്പോയ മധ്യവയസ്കനെക്കുറിച്ചുള്ള വീഡിയോ ആണ് മാവേലിക്കര മാന്നാറിലെ സുരേഷ് കുമാറിനെയും കുടുംബത്തെയും ദുരത്തിലാക്കിയത്.

fake video

fake video

 • Share this:
  ചില ചിത്രങ്ങളോ വീഡിയോയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധികം സമയം വേണ്ട. നിമിഷങ്ങൾക്കുള്ളിൽ ആയിരകണക്കിന് ആളുകളിലേക്ക് അവ എത്തും. എന്നാൽ തെറ്റായ വിവരങ്ങളും ഇത്തരത്തിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു വൈറൽ വീഡിയോ ദുരിതത്തിലാക്കിയത് ഒരു കുടുംബത്തെയാണ്. ഭാര്യ അറിയാതെ ഒളിപ്പിച്ചുവെച്ച മദ്യം എടുക്കുന്നതിനിടെ കൈ കുടുങ്ങിപ്പോയ മധ്യവയസ്കനെക്കുറിച്ചുള്ള വീഡിയോ ആണ് മാവേലിക്കര മാന്നാറിലെ സുരേഷ് കുമാറിനെയും കുടുംബത്തെയും ദുരത്തിലാക്കിയത്.

  ഈ വിഡിയോ അച്ഛനും അമ്മയും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിനുണ്ടാക്കിയ ദുരിതം പലപ്പോഴും അത് ഷെയർ ചെയ്യുന്നവർ അറിയുന്നുണ്ടാകില്ല. വീഡിയോ വൈറലാക്കാൻ വേണ്ടി തെറ്റായ വിവരണം നൽകിയ ഏതോ ഒരാളാണ് ഈ കുടുംബത്തിന്‍റെ സ്വസ്ഥത നശിപ്പിച്ചത്.

  മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ് കുമാറും കുടുംബവുമാണ് നുണ പ്രചരണത്തിൽ വെട്ടിലായത്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് കുുടംബനാഥൻ കൂടിയായ സുരേഷ് കുമാർ. കഴിഞ്ഞ മാസം 26-ന് രാത്രി വീട്ടിലെ കുളിമുറിയിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്നു. പ്ലംബറെ പലതവണ വിളിച്ചെങ്കിലും വന്നില്ല. ഇതേത്തുടർന്ന് അത് നന്നാക്കാനായി ഇറങ്ങിയതായിരുന്നു സുരേഷ് കുമാർ. പൈപ്പിലൂടെ കൈ കടത്തിയപ്പോൾ പൈപ്പിലെ അരിപ്പയുടെ സ്റ്റീൽ വളയത്തിൽ കൈ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കൈ എടുക്കാനായില്ല. ഇതോടെ സമീപവാസികൾ ഉൾപ്പെട നിരവധി പേർ അവിടെയെത്തി. എത്ര ശ്രമിച്ചിട്ടും കൈ എടുക്കാനായില്ല. ഇതോടെയാണ് കൂടി നിന്നവരിൽ ആരോ ഒരാൾ ഫയർഫോഴ്സിനെ വിളിപ്പിച്ചത്. ഇതിനിടെ നിരവധി പേർ സുരേഷ് കുമാറിന്‍റെ കൈ കുടുങ്ങിയത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. അതിനിടെ ഫയർഫോഴ്സ് എത്തി സുരേഷ് കുമാറിനെ രക്ഷിക്കുകയും ചെയ്തു.

  Also Read- 'ദുൽഖറിന് തെറ്റുപറ്റി; ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തി'; താരത്തിന്‍റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാർഡ്

  അതിന്‍റെ പിറ്റേദിവസം രാവിലെ ഫയർഫോഴ്സ് തന്നെ സുരേഷ് കുമാറിനെ രക്ഷിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. പൊതുജന അവബോധത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഫയർഫോഴ്സ് വിശദമാക്കിയിട്ടുണ്ട്. എന്നാൽ ഈ വീഡിയോ മറ്റാരോ എടുത്ത് പ്രചരിപ്പിച്ചത് തെറ്റായ ഒരു അടിക്കുറിപ്പിലായിരുന്നു. 'ഭാര്യ അറിയാതെ ഒളിപ്പിച്ചുവെച്ച മദ്യം എടുക്കുന്നതിനിടെയാണ് ഗൃഹനാഥന്‍റെ കൈ കുടുങ്ങി' എന്നായിരുന്നു അടികുറിപ്പ്.

  ഇതോടെ ഈ വീഡിയോ ഫേസ്ബുക്കിലും വാട്സാപ്പിലും വ്യാപകമായി പ്രചരിച്ചു. സുരേഷ് കുമാറിന്റെ നാട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും വീഡിയോ എത്തി. ഇതോടെ സുരേഷ് കുമാറിനും കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണുള്ളത്. കളിയാക്കലുകളും പരിഹാസവും ഏറിയതോടെ സുരേഷ് കുമാറും ഭാര്യയും വീടിന് പുറത്തിറങ്ങുന്നില്ല. മകളുടെ കൂട്ടുകാരും ഇതേ കുറിച്ച് ചോദിച്ചതോടെ കുട്ടികളും വിഷമത്തിലായി. അതിനിടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച ഫയർഫോഴ്സ് അംഗങ്ങൾ തന്നെ ഈ വിവരം നിഷേധിച്ചിട്ടുണ്ട്.

  ഏതായാലും വ്യാജ പ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സുരേഷ് കുമാർ. നേരത്തെ സുരാജ് വെഞ്ഞാറമ്മൂട്, സൌബിൻ സാഹിർ എന്നിവർ അഭിനയിച്ച വികൃതി എന്ന സിനിമയിൽ സമാനമായ പ്രമേയമാണ് അവതരിപ്പിച്ചത്. കൊച്ചി മെട്രോയിൽ സുഖമില്ലാതെ ഉറങ്ങിപ്പോയ യാത്രികനെ കള്ളു കുടിയനാക്കി പ്രചരിപ്പിച്ച സംഭവമാണ് എം. സി ജോസഫ് ഒരുക്കിയ വികൃതി എന്ന സിനിമയുടെ ഇതിവൃത്തം.
  Published by:Anuraj GR
  First published: