മനില: ഒരു വർഷമായി നെഞ്ചിനകത്ത് തറച്ച കത്തിയുമായി ജീവിച്ച യുവാവ് വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. നെഞ്ചിനകത്ത് നാലിഞ്ച് വലുപ്പമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് ഒരു വര്‍ഷത്തിലേറെക്കാലമാണ്. 36കാരനായ ഫിലിപ്പീന് സ്വദേശിയായ കെന്റ് റയാന് തോമോയാണ് ഒരു വര്‍ഷത്തിലധികം നെഞ്ചിനകത്ത് കത്തിയുമായി സാധാരണ ജീവിതം നയിച്ചത്. ഇക്കാലയളവിൽ അദ്ദേഹം കഠിനമായ ജോലികൾ ചെയ്തിരുന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ആരോഗ്യ പരിശോധനക്കെത്തിയപ്പോഴാണ് ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുണ്ടെന്ന് കണ്ടെത്തിയത്. എക്സ് റേ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിതത്. തുടർന്ന് യുവാവിനെ മനിലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജോലി പൂർത്തായാക്കി വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റിനെ അജ്ഞാതനായ ഒരാൾ ആക്രമിച്ചിരുന്നു. കത്തി കൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുറിവുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ അത് തുന്നിച്ചേര്‍ത്തു. അതിനുശേഷം വേദന സംഹാരി നല്‍കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
കുറച്ചു നാളുകൾക്കു ശേഷം ഇടയ്ക്കിടെ നെഞ്ചിന് വേദന അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ അത് അത്ര ഗുരുതരമല്ലാത്തതിനാൽ കാര്യമാക്കിയിരുന്നില്ല. ജോലിക്കിടെ വേദന അനുഭവപ്പെടുമ്പോൾ, വിശ്രമിച്ച ശേഷം ജോലി തുടരുകയാണ് ചെയ്തിരുന്നത്. ഇതിനിടെ ഒരു തവണ വേദന കൂടിയപ്പോൾ, സമീപത്തെ ആശുപത്രിയിൽ എത്തി ഇ സി ജി പരിശോധന നടത്തി. എന്നാൽ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. വേദന സംഹാരിയും വാങ്ങി കെന്റ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
Also Read-
'ജനിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബത്തിൽ, പേര് ജോസ്വിന് സോണി എന്നായിരുന്നു'; ബഷീര്‍ ബഷിയുടെ ഭാര്യ
അടുത്തിടെയാണ് പുതിയൊരു കമ്പനിയിൽ കെന്റിന് ജോലി ലഭിച്ചത്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാൻ കമ്പനി നിർദേശിച്ചത്. കമ്പനിയിലെ എച്ച് ആർ മാനേജർ നൽകിയ മേൽവിലാസത്തിലുള്ള മെഡിക്കൽ സെന്ററിലെത്തിയാണ് കെന്റ് പരിശോധനകൾ നടത്തിയത്. വിവിധ രക്ത പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നെഞ്ചിലെ എക്സ് റേ എടുക്കുകയായിരുന്നു. എക്സ് റേ ഫിലിം കണ്ട ടെക്നീഷ്യൻ ശരിക്കും ഞെട്ടിപ്പോയി. നെഞ്ചിലെ വാരിയെല്ലുകൾക്കിടയിലാണ് നാലിഞ്ച് നീളമുള്ള ഒരു കത്തി കണ്ടെത്തി. ഹൃദയത്തോട് ചേർന്ന ഭാഗത്താണ് ഇത് കണ്ടത്.
ഉടൻ തന്നെ ടെക്നീഷ്യൻ വിവരം ഡോക്ടറെ അറിയിച്ചു. എക്സ്റേ പരിശോധിച്ച ഡോക്ടർ കെന്റിനെ വിളിച്ച് വിവരം പറഞ്ഞു. പരിശോധന ഫലം ലഭിച്ചതോടെ കമ്പനി അധികൃതർ കെന്റിന് ജോലി നൽകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ശരീരത്തിനകത്തു നിന്ന് കത്തിയെടുത്താല്‍ മാത്രമേ ഖനിയിലെ പുതിയ ജോലിയില്‍ യുവാവിന് പ്രവേശിക്കാന്‍ സാധിക്കൂ. ശരീരത്തില്‍ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ പറഞ്ഞു. അതേസമയം ശരീരത്തില്‍ നിന്ന് കത്തി നീക്കം ചെയ്യണമെങ്കില്‍ വലിയ ചെലവുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനുള്ള പണം തന്റെ കൈയ്യിലില്ലെന്നാണ് കെന്റ് പറയുന്നത്. നിലവിൽ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ട് കെന്റിന് ശസ്ത്രക്രിയ നടത്താനുള്ള പണം സ്വരൂപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.