• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒന്നാം വയസിൽ വിഴുങ്ങിയ സ്വർണമോതിരം ശ്വാസനാളത്തിൽ നിന്നു പുറത്തെടുത്തത് എഴുപതാം വയസിൽ

ഒന്നാം വയസിൽ വിഴുങ്ങിയ സ്വർണമോതിരം ശ്വാസനാളത്തിൽ നിന്നു പുറത്തെടുത്തത് എഴുപതാം വയസിൽ

ഒരു വയസുള്ളപ്പോൾ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ കുടുങ്ങിയിട്ടും ഒരു അത്യാഹിതവും സംഭവിക്കാതിരുന്നത് അത്ഭുതകരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

reghuhopalan

reghuhopalan

  • Share this:
    പത്തനംതിട്ട: ഒന്നാം വയസിൽ വിഴുങ്ങിയ സ്വർണമോതിരം ശ്വാസനാളത്തിൽനിന്ന് എഴുപതാം വയസിൽ പുറത്തെടുത്തു. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലൻ എന്ന എഴുപതുകാരൻ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ എം ആർ ആ സ്കാനിങ് പരിശോധനയിലാണ് സ്വർണ മോതിരം മേലണ്ണാക്കിൽ ഉറച്ചിരിക്കുന്നത് കണ്ടത്. മുത്തൂറ്റ് മെഡിക്കൽ സെന്‍ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ ജോൺ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ. ഫ്രെനി എന്നിവർ ചേർന്നാണ് മോതിരം പുറത്തെടുത്തത്.

    ഏറെ കാലമായി തലവേദനയെ തുടർന്ന് ഡോ. ജിബുവിന്‍റെ ചികിത്സയിലായിരുന്നു രഘുഗോപാലൻ. അടുത്തിടെ തലവേദന ശക്തമായതോടെ ആശുപത്രിയിൽ അഡ്മിറ്റായി. സാധാരണഗതിയിലുള്ള പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് തലയുടെ എംആർഐ സ്കാനിങ് നടത്താൻ ഡോക്ടർ നിർദേശിച്ചത്. ഈ സ്കാൻ റിപ്പോർട്ടിലാണ് ശ്വാസനാളത്തിൽ ഒരു ലോഹ വസ്തു കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

    എപ്പോഴെങ്കിലും ലോഹവസ്തു വിഴുങ്ങിയിട്ടുണ്ടോയെന്ന് ഡോക്ടർ ചോദിച്ചെങ്കിലും, ഒരു വയസുള്ളപ്പോൾ മോതിരം വിഴുങ്ങിയ കാര്യം ആദ്യം രഘുഗോപാലന് ഓർമ്മ വന്നില്ല. പിന്നീടാണ് താൻ മോതിരം വിഴുങ്ങിയ കാര്യം മാതാപിതാക്കൾ പറയാറുണ്ടായിരുന്നുവെന്നത് ഓർമ്മ വന്നത്. എന്നാൽ ഒരു വയസുള്ളപ്പോൾ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ കുടുങ്ങിയിട്ടും ഒരു അത്യാഹിതവും സംഭവിക്കാതിരുന്നത് അത്ഭുതകരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

    Also Read-ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? അത് നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വ്യക്തമാക്കും

    മോതിരം വിഴുങ്ങിയതിനെക്കുറിച്ച് രഘുഗോപാലൻ പറയുന്നത് ഇങ്ങനെ, താൻ കുഞ്ഞായിരിക്കുമ്പോൾ, വീട്ടിലെ ആഭരണങ്ങൾ ഇടയ്ക്കിടെ അമ്മ കഴുകുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ അഭരണം കഴുകുമ്പോൾ, തനിക്ക് ലഭിച്ച മോതിരം കൈയിൽ എടുക്കുകയും അബദ്ധത്തിൽ വായിലേക്കു വീഴുകയുമായിരുന്നു. ഇതു കണ്ട മാതാപിതാക്കൾ, ചോറ് ഉരുളയാക്കി കഴിപ്പിച്ചു. വെള്ളവും കുടിക്കാൻ നൽകി. മറ്റ് അസ്വാഭാവികതയൊന്നും കാണിക്കാത്തതു കൊണ്ടുതന്നെ ആശുപത്രിയിൽ പോയതുമില്ല.

    You May Also Like- 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്

    ഒരു അന്യവസ്തു ശ്വാസനാളത്തിൽ കുടുങ്ങിയാൽ അതിന്‍റെ അസ്വസ്ഥത സ്വാഭാവികമായും ഉണ്ടാകേണ്ടതാണെന്ന് ഡോ. ഫ്രെനി പറയുന്നു. മൂക്കിൽനിന്ന് വെള്ളമെടുക്കുകയും പഴുപ്പുണ്ടാകുകയോ ദുർഗന്ധം വമിക്കുകയോ ചെയ്യും. എന്നാൽ ഇവിടെ അതൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. എൻഡോസ്കോപ്പിയിലൂടെയാണ് മേലണ്ണാക്കിന്‍റെ വലതുഭാഗത്തായി ഇരുന്ന മോതിരം മെറ്റൽ കട്ടർ ഉപയോഗിച്ച് മുറിച്ച് പുറത്തെടുത്തത്. ആദ്യം മൂക്കിലൂടെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അത് ബുദ്ധിമുട്ടായതിനാലാണ് വായിലൂടെ പുറത്തെടുത്തത്.

    You May Also Like-സഹോദരിയുടെ വിവാഹത്തലേന്ന് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

    ഒന്നാം വയസിൽ മോതിരം വിഴുങ്ങിയതിന് പിന്നാലെ, അണ്ണാക്കിൽ കൈ കടത്തി പരിശോധിക്കുന്നതിനിടെ അത് മേലണ്ണാക്കിലേക്ക് കയറിപ്പോയതാകാമെന്നാണ് ഡോക്ടർ പറയുന്നത്. ആ ഭാഗത്ത് അത് ഉറച്ചുപോകുകയും, കുട്ടിയുടെ വളർച്ചയ്ക്ക് അനുസരിച്ച് അതിനുമുകളിൽ മാംസം വന്നു പൊതിയുകയുമായിരിക്കാമെന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്.
    Published by:Anuraj GR
    First published: