കോവിഡ് മഹാമാരിയ്ക്കിടയിലും ആളുകൾ പരസ്പരം പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതുമൊക്കെ ആർക്കും തടയാനാകാത്ത കാര്യങ്ങളാണ്. കാമുകനോട്, അല്ലെങ്കിൽ കാമുകിയോട്, പ്രണയം തുറന്നു പറയുന്ന നിമിഷം എപ്പോഴും എല്ലാവർക്കും മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ വിവാഹാഭ്യർത്ഥനകൾ വാർത്തകളിൽ ഇടം നേടിയിട്ടുമുണ്ട്. അത്തരമൊരു മനോഹരമായ വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിൽ വച്ചാണ് ഈ വിവാഹാഭ്യർത്ഥന നടന്നത്. കാമുകീകാമുകന്മാരുടെ ഈ പ്രണയാതുര നിമിഷത്തിന് സാക്ഷിയായത് മൃഗശാലയിലെ ഒരു നിവാസിയാണ്. ഫിയോണ എന്ന ഹിപ്പോപൊട്ടാമസിന് മുന്നിൽ വച്ചാണ് യുവാവ് തന്റെ കാമുകിയ്ക്ക് പ്രണയ സമ്മാനമായ മോതിരം കൈമാറിയത്. പതിവ് ശൈലിയിൽ കാമുകൻ കാമുകിയ്ക്ക് മുന്നിൽ കാൽമുട്ടിൽ നിന്നാണ് വിവാഹാഭ്യർത്ഥ നടത്തിയത്. പുഞ്ചിരിയോടെ കാമുകി ആ പ്രണയ സമ്മാനം സ്വീകരിക്കുകയും കാമുകന് അനുകൂല മറുപടി നൽകുകയും ചെയ്തു.
സിൻസിനാറ്റി മൃഗശാല അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ ഈ മനോഹര നിമിഷങ്ങളുടെ ചിത്രം പങ്കുവച്ചു. ആദ്യ ചിത്രത്തിൽ പങ്കാളിയ്ക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കാമുകനെയും മറ്റൊരു ചിത്രം ഫിയോണയുടെ പശ്ചാത്തലത്തിൽ വിവാഹമോതിരം അണിഞ്ഞിരിക്കുന്ന യുവതിയുടെ കൈകളും കാണാം. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ഫിയോണ അംഗീകാരം നൽകിയെന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പിൽ കുറിച്ചിരിക്കുന്നത്.
ഈ കുറിപ്പ് ട്വിറ്ററിൽ വൈറലാകുകയും ചെയ്തു. എന്നാൽ ചിലർ ഫിയോണയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും രംഗത്തെത്തി. ഇൻറർനെറ്റിലുടനീളം നിരവധി ആളുകൾ ഈ ചിത്രങ്ങൾ കാണുകയും പങ്കുവയ്ക്കുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ചിത്രങ്ങൾക്ക് ഇതിനകം ആയിരത്തിലധികം ലൈക്കുകൾ ലഭിച്ചു. കമന്റ് വിഭാഗത്തിൽ ഉപയോക്താക്കൾ ദമ്പതികളോടും ഫിയോണയോടുമുള്ള സ്നേഹം പ്രകടിപ്പിച്ചു.
ലോകത്ത് നിരവധി ആളുകൾ കോവിഡ് പ്രതിസന്ധിയിൽ ദുരിതം അനുഭവിക്കുമ്പോഴും സന്തോഷത്തിന്റെ ഇത്തരം ചില ചെറിയ നിമിഷങ്ങൾ തീർച്ചയായും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തും.
മലഞ്ചെരിവിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തവേ യുവതി വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മനോഹരമായ ഒരു മലഞ്ചെരിവിൽ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ പോയ കാമുകനാണ് അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയാകേണ്ടി വന്നത്. മലഞ്ചെരിവ് 650 അടി ഉയരത്തിലായിരുന്നു. കാമുകന് അനുകൂല മറുപടി നൽകിയ ശേഷം യുവതി ഒരു ചുവട് പിന്നോട്ട് വച്ചു. ഇതോടെ പ്രതിശ്രുത വധു 650 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
ഭാഗ്യവശാൽ, അവരുടെ സന്തോഷകരമായ ആ ദിവസം ഒരു ദുരന്തമായി മാറിയില്ല. താഴ്ചയിൽ മഞ്ഞുകൊണ്ടുള്ള പ്രതലമായതിനാൽ പെൺകുട്ടി വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 27 വയസുകാരൻ തന്റെ കാമുകിയെ ഓസ്ട്രിയയിലെ കരിന്തിയയിലെ പ്രശസ്തമായ ഫാൽകാർട്ട് പർവതത്തിൽ വച്ചാണ് പ്രൊപ്പോസ് ചെയ്തത്.
Keywords: Marriage Proposal, Viral, Zoo, Couple, വിവാഹാഭ്യർത്ഥന, മൃഗശാല, വൈറൽ, കമിതാക്കൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.