മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിൽ കേന്ദ്രം വരെ ഇടപെട്ടിരിക്കുകയാണ്. ഇതിനിടെ ചന്ദ്രാപൂരിലെ മഹാരാജ്ഗുഡ എന്ന ഗ്രാമത്തിലെ ഒരു വീടാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. തെലങ്കാന, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
രണ്ട് സംസ്ഥാനങ്ങളിലാണെങ്കിലും മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പകരം രണ്ട് സംസ്ഥാനങ്ങളുടെയും നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വീട്ടുടമസ്ഥന് പറയുന്നു. തന്റെ വീട്ടില്‍ എട്ട് മുറികളുണ്ടെന്നും അതില്‍ നാലെണ്ണം തെലങ്കാനയിലും ബാക്കി മഹാരാഷ്ട്രയിലുമാണെന്ന് ഉടമ ഉത്തം പവാര്‍ പറയുന്നു. ചോക്ക് കൊണ്ട് മാര്‍ക്ക് ചെയ്താണ് വീട്ടിലെ അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്.
”1969ല്‍ അതിര്‍ത്തി നിര്‍ണ്ണയിച്ചപ്പോഴാണ് ഞങ്ങളുടെ വീട് മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി വിഭജിക്കപ്പെട്ടത്. എന്നാൽ ഇതില്‍ ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. രണ്ട് സംസ്ഥാനങ്ങളിലും ഞങ്ങള്‍ നികുതി അടയ്ക്കുന്നുണ്ട്. കൂടുതലായി തെലങ്കാന സര്‍ക്കാരിന് കീഴിലുളള ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്നും ” പവാര്‍ കൂട്ടിച്ചേര്‍ത്തു.
Also read-തൃശൂരിൽ ചെക്ക് ഡാമിൽ അപ്രതീക്ഷിതമായ ഒഴുക്ക്; അക്കരെ കടക്കുന്നതിനിടെ കാർ ഒഴുകിപോയി
സമാനരീയിലുളള വീടിന്റെ കഥകള്‍ ഇതിന് മുമ്പും വാര്‍ത്തയായിട്ടുണ്ട്. അതിലൊന്നാണ് ബെല്‍ജിയത്തിന്റെയും നെതര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ നിര്‍മിച്ച വീട്. ഈ വീടിന് രണ്ട് ഡോര്ബെല്ലുകളുണ്ട്, ഒന്ന് നെതര്‍ലാന്‍ഡിലും മറ്റൊന്ന് ബെല്‍ജിയത്തിലുമാണ്. വീടിന്റെ അതിര്‍ത്തി അടയാളപ്പെടുത്താന്‍ നിലത്ത് ഒരു അടയാളവും നല്‍കിയിട്ടുണ്ട്. എന്നാല്‍ വീടിന് പുറമെ, നെതര്‍ലാന്‍ഡിനും ബെല്‍ജിയത്തിനും അതിര്‍ത്തിക്കിടയില്‍ നിരവധി കടകളും കഫേകളും റെസ്റ്റോറന്റുകളു ഇത്തരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
നാഗാലാൻഡിലെ മോൺ ജില്ലയിലെ ലോങ്വ ഗ്രാമത്തിലെ ഒരു ഗ്രാമത്തലവന്റെ വീടിന്റെ പകുതി ഇന്ത്യയിലും ബാക്കി മ്യാൻമറിലുമാണ്. ലോങ്വയിലെ ഗ്രാമവാസികൾക്ക് ഇരട്ട പൗരത്വവുമുണ്ട്. അവർക്ക് രണ്ട് രാജ്യങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാം.
യുഎസ്- കാനഡ അതിര്‍ത്തിയിലും ഇത്തരൊരു വീടുണ്ട്. രണ്ട് നിലകളുള്ള ഈ വീടിന്റെ മുന്‍ഭാഗം വെര്‍മോണ്ടിലെ ബീബ് പ്ലെയിനിലും വീട്ടുമുറ്റം ക്യൂബെക്കിലെ സ്റ്റാന്സ്റ്റെഡിലുമായാണ് സ്ഥിതി ചെയ്യുന്നത്. 1782-ല്‍ നിര്‍മ്മിച്ച ഒമ്പത് കിടപ്പുമുറികളുള്ള ഈ വീട് ‘ഓള്‍ഡ് സ്റ്റോണ്‍ ഹൗസ്’ എന്നാണ് അറിയപ്പെടുന്നത്. വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്‍ക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥര്‍. എന്നാല്‍ വാങ്ങാന്‍ ആളുകളെ ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം,കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താനിരിക്കെ മഹാരാഷ്ട്ര സര്‍ക്കാര്‍ അക്കല്കോട്ടിലെ 11 ഗ്രാമങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കര്‍ണാടകയുമായി ലയിക്കണമെന്ന് ആവശ്യവുമായി പ്രമേയം പാസാക്കിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കാനാണ് ഗ്രാമങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, ഈ 11 ഗ്രാമങ്ങളില്‍ 10 ഗ്രാമങ്ങള്‍ തങ്ങളുടെ പ്രമേയങ്ങള്‍ റദ്ദാക്കിയതായും മഹാരാഷ്ട്രയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.