മതസൗഹാർദത്തിന്റെ നിരവധി മാതൃകകൾ നാം കണ്ടിട്ടുണ്ട്. ഹിമാചൽപ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരിൽ നിന്നാണ് ഇപ്പോൾ അത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഹിന്ദു ക്ഷേത്രപരിസരത്ത് മുസ്ലീം ദമ്പതികൾ ആചാരപ്രകാരം വിവാഹിതരായതാണ് വാർത്ത. ഈ നല്ല മാതൃകക്ക് കയ്യടിക്കുകയാണ് രാജ്യമെമ്പാടുള്ള ജനാധിപത്യ മതേതര വിശ്വാസികൾ. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂർ സത്യനാരായണ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
മുസ്ലീം സമുദായത്തിൽ പെട്ടവരും ഹിന്ദു സമുദായത്തിൽപ്പെട്ടവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് നിക്കാഹ് നടത്തിയത്.
മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിൽ വച്ച് ഇങ്ങനൊരു വിവാഹം നടത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജില്ലാ ഓഫീസും സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ്.
”ഈ ക്ഷേത്രവും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ജില്ലാ കാര്യാലയവും വിശ്വഹിന്ദു പരിഷത്താണ് നോക്കി നടത്തുന്നത്. വിശ്വഹിന്ദു പരിഷത്തും ആർഎസ്എസും മുസ്ലീം വിരുദ്ധരാണെന്ന ആക്ഷേപം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ക്ഷേത്ര സമുച്ചയത്തിൽ ഇതാ മുസ്ലീം ദമ്പതികൾ വിവാഹിതരായിരിക്കുന്നു. എല്ലാവരെ ജനങ്ങളെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് സനാതന ധർമം എല്ലാവരോടും ആഹ്വാനം ചെയ്യുന്നത്”, രാംപൂരിലെ താക്കൂർ സത്യനാരായണ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി വിനയ് ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
”ഇത്തരത്തിലൊരു വിവാഹം നടത്തിയതിലൂടെ രാംപൂരിലെ ജനങ്ങൾക്കിടയിൽ സാഹോദര്യത്തിന്റെ സന്ദേശമാണ് ഞങ്ങൾ അവതരിപ്പിച്ചത്. പരസ്പര സാഹോദര്യത്തോടെയാകണം നാം മുന്നോട്ടു നീങ്ങേണ്ടത്”, പെൺകുട്ടിയുടെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു. തന്റെ മകൾ എം.ടെക് ബിരുദധാരിയും സിവിൽ എഞ്ചിനീയറും സ്വർണമെഡൽ ജേതാവുമാണെന്നും മകളുടെ ഭർത്താവ് സിവിൽ എഞ്ചിനീയറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.