നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • പോത്തുകളെ ഉപയോഗിച്ച് ബൈക്കുകൾ കെട്ടി വലിച്ചു, ഇന്ധനവില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധം

    പോത്തുകളെ ഉപയോഗിച്ച് ബൈക്കുകൾ കെട്ടി വലിച്ചു, ഇന്ധനവില വർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധം

    പോത്തുകളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ കെട്ടിവലിച്ചായിരുന്നു പ്രതിഷേധം

    (പ്രതിഷേധത്തിൽ നിന്നും)

    (പ്രതിഷേധത്തിൽ നിന്നും)

    • Share this:
      പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വ്യത്യസ്ഥ സമരവുമായി പപ്പു യാദവിന്റെ ജൻ ആധികാർ പാർട്ടി. പോത്തുകളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ കെട്ടിവലിച്ചായിരുന്നു പ്രതിഷേധം. ബീഹാറിലെ പട്നയിലുള്ള എൻഐടി മോഡ് റോഡിലാണ് വ്യത്യസ്ഥമായ സമര പരിപാടി അരങ്ങേറിയത്.

      പോത്തുകൾക്ക് മുകളിൽ കയറി ഇരുന്ന് ബൈക്ക് കെട്ടിവലിച്ചാണ് ജൻ ആധികാർ പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഇന്ധനവില വർദ്ധനവിൽ സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കി. ഏതാണ്ട് 50,000 ത്തോളം പേർ പട്നയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന് ജൻ അധികാർ പാർട്ടി നേതാവ് പ്രേം ചന്ദ് അവകാശപ്പെട്ടു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയും കർഷകരെയും ഇന്ധന വില കൂട്ടി ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.



      രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് മേൽ ഇത്ര വലിയ ഭാരം കെട്ടിവെക്കാൻ സർക്കാരുകൾക്ക് എങ്ങനെ കഴിയുന്നുവെന്ന ചോദ്യവും പ്രതിഷേധത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു. പെട്രോൾ വില ഇതുപോലെ കുതിച്ചുയരുകയാണെങ്കിൽ യാത്ര പോത്തിന്റെ പുറത്ത് ആക്കേണ്ടി വരുമെന്നും വാഹനം ഉന്തി നടക്കേണ്ടി വരുമെന്നും കണ്ടതിനാലാണ് ഇത്തരം ഒരു പ്രതിഷേധം നടത്തിയത് എന്നും പ്രവർത്തകർ പറഞ്ഞു.

      ദിവസേനയെന്ന രീതിയിലാണ് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർദ്ധവന് ഉണ്ടാകുന്നത്. പട്നയിൽ ഒരു ലിറ്റർ പെട്രോളിന് 99.28 രൂപയും ഡീസലിന് 93.30 രൂപയുമാണ് വില. രാജ്യത്തിന്റെ പലയിടങ്ങളിലും ഇതിനോടകം തന്നെ ഇന്ധന വില 100 കടന്നിട്ടുണ്ട്. മുംബൈയിൽ 101 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ 105 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില.

      കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന വ്യത്യസ്ഥ നികുതിയാണ് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിന് കാരണം. ഓരോ ലിറ്റർ പെട്രോളിലും 50 രൂപയിൽ അധികമാണ് സർക്കാരുകൾക്ക് നികുതിയിനത്തിൽ നൽകേണ്ടി വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രധാന വരുമാനമായി ഇന്ധന നികുതിയെ കാണുന്ന സർക്കാർ ഇത് കുറക്കാൻ തയ്യാറാകുന്നില്ല. രാജ്യത്ത് പലയിടങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വില വർദ്ധനവിന് എതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

      കേരളത്തിൽ കഴിഞ്ഞ ദിവസം വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തിയിരുന്നു. 15 മിനിട്ട് നേരം റോഡുകളിൽ വാഹനം നിർത്തിയാണ് പ്രതിഷേധം നടത്തിയത്. പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സമരക്കാരും യാത്രക്കാരും പൊലീസും തമ്മിലുള്ള തർക്കങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ലോറികളും മറ്റു വാഹനങ്ങളും റോഡിൽ നിർത്തിയിട്ടും പ്രവർത്തകർ റോഡിന് കുറുകെ നിന്നുമാണ് പ്രതിഷേധം തുടങ്ങിയത്. ആദ്യ മിനിട്ടുകളിൽ പ്രതിഷേധക്കാരെ റോഡിൽ നിന്നും നീക്കാൻ പൊലീസ് തയ്യാറായില്ല എങ്കിലും പിന്നീട് യാത്രക്കാർ ബഹളം വച്ചതോടെ പൊലീസ് ഇടപെട്ടു.

      Summary: Pappu Yadav’s Jan Adhikar Party today organized a unique protest on the streets of Patna—Buffaloes pulling motorcycles
      Published by:user_57
      First published:
      )}