ടെക് ലോകത്ത് വിചിത്രമായ അഭിപ്രായങ്ങളും തീരുമാനങ്ങളും നിക്ഷേപങ്ങളും നടത്തി വാർത്തകളിൽ നിറയുന്ന ആളാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഭീമമായ തുകയ്ക്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ പല തീരുമാനങ്ങളും ടെക് ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു. ട്വിറ്ററിന്റെ തലപ്പത്ത് ഇലോൺ മസ്‌ക് എത്തി ചുരുങ്ങിയ സമയം കൊണ്ട് ജീവനക്കാരെ പിരിച്ച് വിടാനും ചെലവ് ചുരുക്കൽ നടപടികൾ ആരംഭിക്കാനും തുടങ്ങി. പരിചയസമ്പന്നരായ ജീവനക്കാരെ ഉൾപ്പെടെ നിർദാക്ഷിണ്യം പിരിച്ച് വിട്ടത് വലിയ വാർത്തയായിരുന്നു.
എന്നിട്ടും ഇലോൺ മസ്‌കിന്റെ ആശയങ്ങളോടും രീതികളോടും യോജിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആരാധകർക്ക് കുറവില്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷന്റെ (SIFF) കീഴിലുള്ള മെൻസ് ലൈഫ് എന്ന പുരുഷ സംഘടനയുടെ പ്രവർത്തകർ ബെംഗളൂരുവിൽ നടന്ന ഒരു ചടങ്ങിനിടെയാണ് എലോൺ മസ്‌കിനെ പൂജിച്ചത്. ദൈവത്തെപ്പോലെ ഇലോൺ മസ്കിന്റെ ചിത്രം വച്ചാണ് ആരാധന നടത്തിയത്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. മസ്കിന്റെ ചിത്രം സാമ്പ്രാണിത്തിരി കത്തിച്ച് ഉഴിയുന്നതും മന്ത്രങ്ങൾ ചൊല്ലുന്നതും വീഡിയോയിൽ കാണാം.
Some men start worshipping Elon Musk in Bangalore, India.
They call him the destroyer of Wokashura (Woke Ashura) and evictor of feminists.
— Save Indian Family Foundation (@realsiff) February 27, 2023
ഓം ട്വിറ്റർ ഈശ്വരായ നമഃ, ഓം എലോൺ മസ്‌കായ നമഃ, ഫെമിനിസ്റ്റ് എവിക്ടോരായ നമഃ, ഓം ഫെമിനിസ്റ്റ് എവിക്ടോരായ നമഃ, ഓം ട്വിറ്റർ ക്ലീനരായ നമഃ തുടങ്ങിയ മന്ത്രങ്ങളും ആരാധകസംഘം ചൊല്ലുന്നുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ വാങ്ങിയതിന് ശേഷം അധികാരികളുടെ അടിച്ചമർത്തലിനെതിരെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തങ്ങളെ അനുവദിച്ചതിനാലാണ് തങ്ങൾ എലോൺ മസ്‌കിനെ ആരാധിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ആരാധകർ പറഞ്ഞു.
വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു ; ” ഹേയ് എലോൺ മസ്‌ക്, ഞങ്ങളുടെ ദൈവമായി താങ്കൾ തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ. ഈ അംഗീകാരം ഒരു നീല ടിക്കിനെക്കാൾ വിലയുള്ളതാണ്.”
ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയാക്കി കഴിഞ്ഞ ഒക്ടോബറിലാണ് ട്വിറ്റർ ഏറ്റെടുത്തത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, ബുക്ക്‌മാർക്ക് ബട്ടൺ, നാവിഗേഷൻ മുതലായവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. പണം നൽകിയാൽ വെരിഫൈഡ് അക്കൗണ്ടുകൾ കിട്ടുമെന്ന പ്രഖ്യാപനം നിരവധി പേർക്ക് തിരിച്ചടിയായി മാറുകയും ചെയ്തു.മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിൽ ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം, തൊഴിലാളികളുടെ എണ്ണം 2,300 ആയി ചുരുങ്ങി എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ തന്നെ എലോൺ മസ്കിന്റെ പരിഷ്‌ക്കാരങ്ങൾ ടെക് ലോകത്തെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.