HOME » NEWS » Buzz » A WRITING ABOUT PROMINENT JOURNALIST R VIJAYARAGHAVAN

'ക്ലോത്ത്സ് ലൈൻ ഇൻട്രോ അറിയാമോ?' പ്രമുഖ മാധ്യമപ്രവർത്തകൻ ആർ വിജയരാഘവനേക്കുറിച്ച് ഓർമിക്കുമ്പോൾ

പിലു മോഡി എം.പിയുടെ മാർച്ച് ഒഫ് ദി നേഷൻ വാരികയിലും ജയപ്രകാശ് നാരായണന്റെ എവരിമാൻസ് വാരികയിലും സബ് എഡിറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് കാനഡയിലെ ടൊറോന്റോയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച ഇന്റർ നാഷണൽ എക്‌സ്‌പ്രസ് വാരികയുടെ ഡൽഹി ഡെസ്‌കിൽ സൂപ്പർവൈസിംഗ് എഡിറ്ററായിരുന്നു.

News18 Malayalam | news18-malayalam
Updated: June 22, 2021, 9:30 PM IST
'ക്ലോത്ത്സ് ലൈൻ ഇൻട്രോ അറിയാമോ?' പ്രമുഖ മാധ്യമപ്രവർത്തകൻ ആർ വിജയരാഘവനേക്കുറിച്ച്  ഓർമിക്കുമ്പോൾ
ആർ വിജയരാഘവൻ
  • Share this:
തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകനും ജേണലിസം അധ്യാപകനുമായിരുന്ന ആർ വിജയരാഘവൻ കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. പ്രിയപ്പെട്ട അധ്യാപകനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ മാധ്യമപ്രവർത്തകനായ ബിനുരാജ്.  അദ്ദേഹത്തിന്റെ പ്രത്യേകതകളും ക്ലാസ് മുറിയിലെ തമാശകളും വിവരിക്കുകയാണ് കുറിപ്പിൽ.

കുറിപ്പിന്റെ പൂർണരൂപം

"At 60 miles an hour, the loudest noise in this new Rolls-Royce comes from the electric clock." റോള്‍സ് റോയ്സ് കാറിന്റെ പ്രസിദ്ധമായ പരസ്യവാചകം. 60 മൈല്‍ വേഗതയില്‍ പായുമ്പോള്‍ പുതിയ റോള്‍സ് റോയ്സ് കാറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്ന ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം അതിന്റെ ക്ലോക്ക് മിടിക്കുന്നത് മാത്രം!
ഈ ഒരൊറ്റ പരസ്യ വാചകം കൊണ്ട് അന്ന് അതായത് 1958ല്‍ റോള്‍സ് റോയ്സ് കാറുകളുടെ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായത്രെ. പരസ്യകലയുടെ ആചാര്യനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഡേവി‍ഡ് ഒഗ്ലിവിയാണ് ഇതെഴുതിയത്.
ഇതെന്നോട് പറഞ്ഞത് പരസ്യകലയെ കുറിച്ച് എന്നെ പഠിപ്പിച്ച വിജയരാഘവന്‍ സര്‍. ഞങ്ങളുടെ മാധ്യമപഠന ക്ലാസില്‍ പരസ്യകലയെ കുറിച്ച് ക്ലാസ് എടുത്തത് അദ്ദേഹമാണ്.

മാധ്യമപ്രവര്‍ത്തനം നടത്തി ലോകത്തെയാകെ മാറ്റിമറിക്കാമെന്ന സ്വപ്നവുമായി വന്നിരിക്കുന്ന ഒരു പറ്റം യുവതീയുവാക്കള്‍ക്ക് എന്ത് പരസ്യം! അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്ക് ആരും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. പക്ഷേ ഇത്തരം രസകരമായ കഥകള്‍ കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്.

ഒരു ദിവസം ക്ലാസില്‍ വാര്‍ത്തയുടെ തുടക്കത്തെ കുറിച്ച്, അതായത് intro എന്താണെന്ന് അദ്ദേഹം പഠിപ്പിക്കുകയാണ്. Clothes line intro എന്താണെന്ന് അറിയാമോടേ? സാറിന്റെ ചോദ്യം. ക്ലാസ് പതിവു പോലെ നിശബ്ദം. " വേറെയൊന്നുമല്ലെടേ, വീട്ടിലുള്ള സകല പേരുടെയും അടിവസ്ത്രം മുതല്‍ പട്ടു സാരി വരെ വിരിച്ചിടുന്നതാണല്ലോ Clothes line അഥവാ അയ. തിരോന്തരംകാര് അശയെന്ന് പറയും. അത് തന്നെ. വാര്‍ത്ത മൊത്തം ഇന്‍ട്രോയില്‍ കാണും. പിന്നെ താഴോട്ട് വായിക്കേണ്ട. വീട്ടിലോട്ട് കയറുമ്പോള്‍ അയയില്‍ തട്ടി വീഴും"

എപ്പോഴും ചിരിക്കുന്ന മുഖവുമായാണ് സാറിനെ കണ്ടിട്ടുള്ളത്. ഒരു ഗോള്‍ഫ് തൊപ്പി വച്ച് തോള്‍ സഞ്ചി തൂക്കി, വലതു കൈ കൊണ്ട് സഞ്ചിയുടെ വള്ളിയില്‍ പിടിച്ച് പഴയ തുകല്‍ ചെരിപ്പോ ഷൂവോ ധരിച്ച് ജവഹര്‍ നഗര്‍ മുതല്‍ സ്റ്റാച്യു വരെ നടന്നാണ് ആശാന്റെ വരവ്. പലപ്പോഴും ടീ ഷര്‍ട്ട് ആയിരിക്കും വേഷം. അല്ലെങ്കില്‍ രണ്ട് പോക്കറ്റ് ഒക്കെയുള്ള വ്യത്യസ്തമായ ഷര്‍ട്ട്. ജീന്‍സും കോര്‍ഡുറോയിയും വരെ ധരിക്കും. ക്ലാസെടുക്കുമ്പോള്‍ ഇടയ്ക്കിടെ ഇടതുകൈയിലെ ചൂണ്ടുവിരലും തള്ള വിരലും ഇംഗ്ലീഷിലെ വി എന്ന അക്ഷരം പോലെയാക്കി തന്റെ വലിയ മീശ ഉയര്‍ത്തും.

നാവിക സേനയില്‍ നിന്നും വിരമിച്ചെങ്കിലും സൈനിക ജീവിതം നല്‍കിയ ചില സ്വഭാവസവിശേഷതകള്‍ കടല്‍യാത്രയില്‍ നിന്നും പറ്റിപ്പിടിച്ച് പോകാന്‍ മടിക്കുന്ന ഉപ്പ് പരല്‍ പോലെ സാറിന്റെ കൂടെയുണ്ടാവും. നാവിക സേനയിലെയും ഡല്‍ഹി ജീവിതത്തിലെയും കഥകള്‍ സമൃദ്ധമായി പറയും. ഒപ്പം തിരുവനന്തപുരം നഗരത്തിലെ രസകരമായ അറിയാക്കഥകള്‍, അനുഭവങ്ങള്‍. പരസ്യകല എന്തെന്ന് ഞങ്ങള്‍ ആരും സാറില്‍ നിന്നും പഠിച്ചുവെന്ന് തോന്നുന്നില്ല. പക്ഷേ ഈ കഥകള്‍ എനിക്കേറെ പ്രിയമായിരുന്നു. അവയില്‍ നിന്നൊക്കെ ഞാനും അറിയാതെ എന്തൊക്കെയോ പഠിച്ചിരിക്കണം.

ക്ലാസ് കഴി‍ഞ്ഞാല്‍ ആശാന്‍ നേരെ സേവ്യര്‍സ് ബാറിലേക്ക് നടക്കും. മണിക്കൂറുകള്‍ കഴിഞ്ഞ് തിരികെ വരുമ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആ പരിസരത്ത് എവിടെയെങ്കിലും കാണും. ഞങ്ങളെ നോക്കി കണ്ണിറുക്കി ചിരിക്കും. "സര്‍ ചായ കുടിക്കുന്നോ" എന്ന് ഏതോ ഒരു വിവരദോഷി ആ സമയത്ത് ചോദിച്ചു. സര്‍ നന്നായി ഒന്ന് ചിരിച്ചു. "വേണ്ടെടാ, പിരിയും". എന്ന് പറഞ്ഞിട്ട് സാവധാനം നടന്നകന്നു. ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയായതു കൊണ്ട് എല്ലാത്തിനെയും ഫലിതരൂപേണ കാണാന്‍ കഴിവുള്ളയാളായിരുന്നു വിജയരാഘവന്‍ സര്‍. ഡല്‍ഹിയില്‍ ബാള്‍ട്ടിമോര്‍ സണ്‍, മാര്‍ച്ച് ഓഫ് ദ നേഷന്‍, എവരിമാന്‍സ്, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തിരുന്നു.

നാവിക സേനാ സേവനത്തിന് ശേഷം പത്രപ്രവർത്തകനായി

പരേതനായ ദിവാൻ പേഷ്‌കാർ കെ.എൻ. ഗോവിന്ദന്റെ ചെറുമകനും പരേതരായ റിട്ട. ഡിസ്ട്രിക്ട് ജഡ്ജി എൻ. രാഘവന്റെയും തിരുവനന്തപുരം വിമൻസ് കോളേജ് കർണാടക സംഗീത വിഭാഗം അദ്ധ്യക്ഷയായിരുന്ന വിജയാ രാഘവന്റെയും മകനുമാണ് ആർ വിജയരാഘവൻ.

ഹ്രസ്വകാല നാവികസേനാ സേവനത്തിനുശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായി. 'ബാൾട്ടിമോർ സൺ' കറസ്‌പോണ്ടന്റിന്റെ ജൂനിയറായിട്ടായിരുന്നു തുടക്കം. പിലു മോഡി എം.പിയുടെ മാർച്ച് ഒഫ് ദി നേഷൻ വാരികയിലും ജയപ്രകാശ് നാരായണന്റെ എവരിമാൻസ് വാരികയിലും സബ് എഡിറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. ഇന്ത്യൻ എക്‌സ്‌പ്രസ് കാനഡയിലെ ടൊറോന്റോയിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ച ഇന്റർ നാഷണൽ എക്‌സ്‌പ്രസ് വാരികയുടെ ഡൽഹി ഡെസ്‌കിൽ സൂപ്പർവൈസിംഗ് എഡിറ്ററായിരുന്നു. എമർജൻസി കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ കൊച്ചിയിൽ ഇന്ത്യൻ എക്‌സ്‌പ്രസ് ഡെസ്‌കിലും പിന്നീട് തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു.

കേരള യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റായിരുന്നു. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ജേർണലിസം ആദ്യ ബാച്ച് ബിരുദാനന്തര ബിരുദം നേടിയ വിജയരാഘവൻ അവിടെത്തന്നെ വിദ്യാർത്ഥികളുടെ പരിശീലന പത്രങ്ങളായ കളരി, യൂണിവ് വോയ്സ് എന്നിവയുടെ എഡിറ്ററായി. തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായിരുന്നു. 2005ൽ വിരമിച്ച ശേഷം കവടിയാറിൽ ഇൻവിസ് മൾട്ടി മീഡിയയിലും പിന്നീട് ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗ്യാൻ വിതരൺ ഇംഗ്ലീഷ് മാസികയിലും കൺസൾട്ടന്റ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: സൂരജ് സ്വരൂപ് രാഘവൻ, ആദിത്യ മൻജീത്ത് രാഘവൻ. മരുമകൾ: അഞ്ജു മൻജീത്ത് രാഘവൻ.
Published by: Rajesh V
First published: June 22, 2021, 8:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories