നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സ്ത്രീശരീരം പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്താൻ ഇസ്ലാം അനുവദിക്കുന്നില്ല': സുന്നി യുവജന നേതാവ്

  'സ്ത്രീശരീരം പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്താൻ ഇസ്ലാം അനുവദിക്കുന്നില്ല': സുന്നി യുവജന നേതാവ്

  ''പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല. നമ്മുടെ രക്ഷകനായ അല്ലാഹുവും, മാർഗദർശിയായ നബിതിരുമേനി(സ)യും ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല.''

  അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

  അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

  • Share this:
   തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി സുന്നി യുവജന നേതാവ്. പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്ന് കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.

   Also Read- പൗരത്വ നിയമം: കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കിയതെന്തിനെന്ന് മനസ്സിലാകുന്നില്ല: കാന്തപുരം

   'സ്ത്രീകള്‍ക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കില്‍ യുദ്ധ സംഘത്തോടൊപ്പം അവര്‍ക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവര്‍ക്ക് വെള്ളം നല്‍കാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. സ്ത്രീകളുടെ സംരക്ഷണത്തിന് അവള്‍ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണ് ഇസ്ലാമില്‍. ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങള്‍ ചോദിക്കാനും, പ്രതികരിക്കാനും അവള്‍ക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികള്‍ പാലിക്കണമെന്ന് മാത്രം'- അദ്ദേഹം കുറിക്കുന്നു.

   തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയെന്ന് അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു. പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണ്- അബ്ദുല്‍ ഹമീദ് ഫൈസി കുറിച്ചു.

   കുറിപ്പിന്റെ പൂർണരൂപം

   #മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും
   -----------------------------------
   ചരിത്രപരമായ കാരണങ്ങളാൽ പിന്നോക്ക വിഭാഗമായിത്തീർന്ന മുസ്ലിംകൾ ഇന്ന് മുന്നേറ്റത്തിന്റെ ചുവടുവെപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ ഈ മാറ്റം ദൃശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
   സാഹചര്യം അനുകൂലമായപ്പോൾ ഇസ്ലാം സ്ത്രീകൾക്ക് അനുവദിച്ച് നൽകിയ അവകാശങ്ങൾ അവർ നന്നായി ഉപയോഗപ്പെടുത്തി. വിദ്യ നേടണമെന്ന് ഇസ്ലാം സ്ത്രീയോട് നിർദ്ദേശിച്ചു. "വിജ്ഞാന സമ്പാദനം മുസ്ലിം സ്ത്രീപുരുഷന്മാർക്ക് ഒരുപോലെ നിർബന്ധമാണ്" (നബിവചനം) സ്ത്രീക്ക് സമ്പത്ത് എത്രവേണമെങ്കിലും സമ്പാദിക്കാനും ക്രയവിക്രയം നടത്താനും അവകാശം നൽകി. അനന്തരാവകാശം നൽകി. ഇഷ്ടമുള്ള ഭർത്താവിനെ തിരഞ്ഞെടുക്കാനും അനിവാര്യ ഘട്ടത്തിൽ ഭർത്താവിനെ ഒഴിവാക്കാനും അവകാശം നൽകി. അവളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ എല്ലാ ബാധ്യതകളും ഭർത്താവിന്റെ ബാധ്യതയായി നിശ്ചയിച്ചു. സ്ത്രീ സുരക്ഷയ്ക്കും അവളുടെ പ്രകൃതിക്കും അനുയോജ്യമായ എല്ലാ സ്വാതന്ത്ര്യങ്ങളും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.
   അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദർശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ട്. "പ്രവാചകരേ, സ്വപത്നിമാരോടും, പെൺമക്കളോടും, വിശ്വാസിനികളായ സ്ത്രീകളോടും പറയുക: "അവർ തങ്ങളുടെ മുഖപടങ്ങൾ താഴ്ത്തിയിടട്ടെ" (അൽ അഹ്സാബ്: 59). ഈ നിയമം സ്ത്രീ സുരക്ഷയുടെ ഭാഗമാണെന്ന് ഖുർആൻ തുടർന്ന് അതേ സൂക്തത്തിൽ തന്നെ വ്യക്തമാക്കുന്നു: "അതത്രേ, അവർ തിരിച്ചറിയപ്പെടുന്നതിനും, ശല്യം ചെയ്യപ്പെടാതിരിക്കാനും, ഏറ്റവും ഉചിതമായ മാർഗ്ഗം." (അൽ അഹ്സാബ്: 59).
   അന്യ സ്ത്രീ പുരുഷന്മാരുടെ ദർശനം വിലക്കിക്കൊണ്ട് ഖുർആൻ പറയുന്നു: "പ്രവാചകരെ, വിശ്വാസികളായ പുരുഷന്മാരോട് പറയുക: അവരുടെ ദൃഷ്ടികൾ അവർ താഴ്ത്തുകയും ജനനേന്ദ്രിയങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ." (അന്നൂർ: 30).
   "വിശ്വാസിനികളായ സ്ത്രീകളോട് പറയുക: അവർ ദൃഷ്ടികൾ താഴ്ത്തുകയും ജനനേന്ദ്രിയങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. തങ്ങളുടെ അലങ്കാരങ്ങൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ - സ്വയം വെളിവായതൊഴിച്ച്." (അന്നൂർ: 31)
   ഇസ്ലാം അനുവദിച്ച കാര്യങ്ങൾക്കല്ലാതെ അന്യസ്ത്രീയുടെ മുഖത്തേക്ക് പോലും ബോധപൂർവം നോക്കൽ പുരുഷന് നിഷിദ്ധമാണ്. (തുഹ്ഫ: 7/193). സ്ത്രീകൾ മുഖം തുറന്നിട്ട് പുറത്തു പോകാൻ പാടില്ല എന്ന കാര്യത്തിൽ മുസ്ലിംകൾ ഏകാഭിപ്രായക്കാരാണ്. (അതേ ഗ്രന്ഥം).
   അന്യ പുരുഷൻ അവളെ നോക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മുഖം മറക്കൽ അവൾക്ക് നിർബന്ധമാകും. (അ:ഗ്ര).
   ഇത്ര കണിശമായ മതനിയമങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുന്ന മുസ്ലിം സഹോദരിക്ക് നടുറോഡിൽ കിടന്ന് വാഹനം തടയാൻ എങ്ങനെ സാധിക്കും? നിയമം വക വെക്കാതെ പോലീസുകാർ വലിച്ചിഴച്ച് കൊണ്ടുപോകാൻ കാത്തുകിടക്കുന്ന സഹോദരിക്ക് ഏത് ഇസ്ലാമിക നിയമത്തിന്റെ പിൻബലമാണുള്ളത്?

   പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല. നമ്മുടെ രക്ഷകനായ അല്ലാഹുവും, മാർഗദർശിയായ നബിതിരുമേനി(സ)യും ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. മത നിയമങ്ങൾ പാലിക്കാതെ പോയാൽ ആരാണ് നമ്മുടെ രക്ഷക്കെത്തുക? അല്ലാഹുവിന്റെ സംരക്ഷണത്തിന് എങ്ങനെയാണ് നാം അർഹരാവുക? അല്ലാഹുവിൻറെ സഹായമില്ലാതെ മോദിക്കോ അമിത്ഷാക്കോ നമ്മെ സഹായിക്കാനാകുമോ?
   എന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലിൽ കണ്ട ഞാൻ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാൽ നമ്മുടെ സഹോദരിമാരും ഇs കലർന്ന് നീങ്ങുന്ന പ്രകടനത്തിൽ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുൻനിരയിൽ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്?. ഈ സംസ്കാരം അപകടസൂചനയാണ്. നബി (സ) പറഞ്ഞു: "ഇസ്രാഈൽ വംശകരുടെ നാശത്തിന്റെ തുടക്കം സ്ത്രീകളിൽ നിന്നാണ്.''

   പൗരത്വ വിഷയം സ്ത്രീകളുടെത് കൂടിയല്ലേ എന്നാണ് ചോദ്യം. സ്ത്രീകളുടെ സംരക്ഷണത്തിന് അവൾ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണ് ഇസ്ലാമിൽ. ഇസ്ലാമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങൾ ചോദിക്കാനും, പ്രതികരിക്കാനും അവൾക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികൾ പാലിക്കണമെന്ന് മാത്രം.
   ആയിശ (റ) യുദ്ധത്തിന് നേതൃത്വം നൽകിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു യുദ്ധത്തിന് അവർ നേതൃത്വം നൽകിയിട്ടുണ്ട്. മുഖവും മുൻകൈയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച അവർ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നൽകിയത്. സ്ത്രീ ശരീരം മുഴുവൻ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകർഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവർ ഒട്ടകക്കട്ടിലിൽ തന്നെ ഇരുന്നത്. യുദ്ധത്തിൽ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോൾ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവർക്ക് പ്രത്യേക ടെന്റുണ്ടാക്കി പൂർണ സംരക്ഷണം സ്വഹാബികൾ നൽകി. (അൽബിദായവന്നിഹായ: 7/292). യുദ്ധത്തിൽ മഹതി ആയിശ (റ) പുരുഷന്മാർക്കിടയിൽ ഇറങ്ങി നേതൃത്വം നൽകിയതിന് തെളിവുണ്ടെങ്കിൽ പറയട്ടെ.
   സ്ത്രീകൾക്ക് ഇസ്‌ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവർക്ക് വെള്ളം നൽകാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. അനസ് (റ) വിൽ നിന്ന് നിവേദനം: "നബി തിരുമേനി (സ) ഉമ്മുസുലൈം (റ) യെയും, മറ്റു ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയിരുന്നു. അവർ സൈനികർക്ക് വെള്ളം നൽകുകയും, പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു." (മുസ്ലിം)
   ഉമ്മു അതിയ്യ(റ) യിൽ നിന്ന് നിവേദനം: ഞാൻ പ്രവാചകരോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒട്ടകക്കൂടാരങ്ങൾക്ക് കാവൽ നിൽക്കുകയും പോരാളികൾക്ക് ഭക്ഷണമുണ്ടാക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും രോഗികളെ പരിചരിക്കുകയുമാണ് ചെയ്തിരുന്നത്.(മുസ്ലിം)
   ഉമ്മു അമ്മാറ [റ]എന്ന ധീരവനിത ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സംരക്ഷിക്കാൻ പോരാടിയില്ലേ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും അതെ എന്നാണ് ഉത്തരം. സംഭവത്തിന്റെ പൂർണരൂപം ഇപ്രകാരമാണ്: മഹതി ഉമ്മു അമ്മാറ (റ) തന്റെ ഭർത്താവ് ഗസിയ്യ യോടൊപ്പം ഉഹ്ദ് യുദ്ധത്തിന് പോയി. ആദ്യഘട്ടം അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ല.പ്രത്യുത, ഒരു തോൽപാത്രം വെള്ളവുമായി പരിക്കേറ്റവർക്കും മറ്റുമായി വെള്ളം നൽകാൻ സജ്ജമായി നിൽക്കുകയായിരുന്നു. പിന്നീട് യുദ്ധം തീവൃ മാവുകയും ഒരു ഘട്ടത്തിൽ പല സ്വഹാബികളും പ്രവാചകരെ വിട്ട് ഓടിപ്പോവുകയും ചെയ്തപ്പോൾ അവർ നേരിട്ട് പോർക്കളത്തിൽ ഇറങ്ങി ധീരധീരം പടവെട്ടി.
   മുസ്ലിംകൾക്ക് നേരെ ശത്രുക്കൾ ഇങ്ങോട്ട് വന്ന് ആക്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ യുദ്ധം എല്ലാവർക്കും നിർബന്ധമാക്കുമെന്ന കർമശാസ്ത്ര നിയമമാണിവിടെ വ്യക്തമാകുന്നത്.
   "മുസ്ലിം ജനവാസമുള്ള സ്ഥലത്തോ അവരുടെ പ്രദേശങ്ങളിലോ ശത്രു ഇങ്ങോട്ട് വന്ന് ആക്രമിച്ചാൽ അവരെ സാധ്യമായ എല്ലാ നിലയിലും പ്രതിരോധിക്കൽ മുസ്ലിങ്ങൾക്ക് നിർബന്ധമാകും. യുദ്ധം നിർബന്ധമില്ലാത്ത ദരിദ്രൻ ,കുട്ടി, കടബാധ്യതയുള്ളവൻ, അടിമ, സ്ത്രീ, എന്നിവർക്കെല്ലാം ഈ ഘട്ടത്തിൽ പ്രതിരോധം നിർബന്ധമാകും " [തുഹ്ഫ: 9/235]
   പ്രവാചക തിരുമേനി [സ] യെ ശത്രുക്കൾ വളഞ്ഞിട്ടു അക്രമിക്കാൻ ശ്രമിച്ച ഈ ഘട്ടം ഉധൃത സാഹചര്യത്തേക്കാൾ ഗുരുതരമാണല്ലോ.
   പര പുരുഷൻമാർക്കിടയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതും സമ്മിശ്ര വേദികളിൽ പങ്കെടുക്കുന്നതും സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറയുന്നത് കാണുക"
   " സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ്. പ്രാർത്ഥനാവേളയിൽ ദിവ്യ മന്ദിരത്തിൽ വെച്ച് പോലും സ്ത്രീപുരുഷന്മാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കൽപ്പിക്കും?" [തഫ്ഹീമുൽ ഖുർആൻ: 3/384 ] സൂറത്തു ന്നൂർ 31 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണിത് പറയുന്നത്.
   ഇസ്ലാമിക നിയമം ആധുനികകാലത്തിനനുയോജ്യമല്ലെന്ന് പറയുന്നവർ വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്ക് പ്രതിവിധിയു ണ്ടെങ്കിൽ നിർദ്ദേശിക്കട്ടെ. ഇസ്ലാമിക നിയമങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയും ഇതര രാജ്യങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളും താരതമ്യം ചെയ്യട്ടെ.

   #അബ്ദുൽ_ഹമീദ്_ഫൈസി_അമ്പലക്കടവ്

    
   First published:
   )}