വിനോദസഞ്ചാരികൾക്ക് ഫൈസർ, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകൾ നൽകാനൊരുങ്ങി അബുദാബി. വാക്സിന്റെ വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുന്ന നിർണായകമായ നീക്കമാണ് അബുദാബി നടത്തിയിരിക്കുന്നത്.
അബുദാബിയു വിസ കൈവശമുള്ളവർക്കും വിസ ഓൺ അറൈവലിന് അർഹതയുള്ള പാസ്പോർട്ടുകൾ കൈവശമുള്ളവർക്കുമായിരിക്കും വാക്സിൻ ലഭ്യമാക്കുകയെന്ന് എമിറേറ്റിലെ പൊതുജനാരോഗ്യ സംവിധാനമായ അബുദാബി ഹെല്‍ത്ത് സര്‍വ്വീസ് കമ്പനി (സേഹ) അറിയിച്ചതായി
ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചൈനയിലെ ഔഷധ നിർമാതാക്കളായ സിനോഫാം ഉത്പാദിപ്പിക്കുന്ന വാക്സിനും ഫൈസർ ബയോഎൻടെക്ക് വാക്സിനുമാണ് അബുദാബിയിൽ നൽകി വരുന്നത്.
അബുദാബി ഉൾക്കൊള്ളുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് വാക്സിനേഷൻ പ്രക്രിയ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഏതാണ്ട് 10 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതിനകം 14.5 ദശലക്ഷം ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു. യു എ ഇയുടെ ഭാഗമായ മറ്റൊരു എമിറേറ്റ് ആയ ദുബായ് വിനോദസഞ്ചാരികൾക്ക് വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
Also Read-ഓൺലൈൻ ആയി സാധനം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ-ജി ബിസ്കറ്റ്; പരാതിയില്ലാതെ യുവാവ്
നേരത്തെ യു എ ഇ പൗരന്മാർക്കും താമസ വിസ കൈവശമുള്ള വിദേശികൾക്കും മാത്രമാണ് യു എ ഇ സൗജന്യ വാക്സിൻ നൽകിയിരുന്നത്. താമസ വിസയുടെയോ എൻട്രി വിസയുടെയോ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം വിസ പുതുക്കാൻ കഴിയാത്തവർക്കും സഹായകമാകുന്നതാണ് ഈ തീരുമാനം.
ഈ മാസം വാക്സിന് അർഹരായ ജനസംഖ്യയുടെ 85 ശതമാനം വരുന്ന ആളുകൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും നൽകിയതായി യു എ ഇ അധികൃതർ വ്യക്തമാക്കിയിരുന്നു. ഏന്നാൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ യു എ ഇ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ മാസം യു എ ഇയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു. അബുദാബിയിൽ പ്രവേശിക്കുന്നവർക്കുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. അബുദാബിയിൽ എത്തുന്നവർ ഹോം ക്വാറന്റൈനിൽ കഴിയണമെന്നും നിശ്ചിത ഇടവേളകളിൽ പി സി ആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് എമിറേറ്റുകളിൽ നിന്ന് യാത്ര ചെയ്യുന്നവരും രോഗബാധയില്ലെന്ന് തെളിയിക്കണം.
Also Read-ഗ്രാമവാസികള്‍ക്ക് വാക്സിന് എത്തിക്കാന്‍ 11 കിലോ മീറ്റര്‍ നടന്ന് ജില്ലാ മജിസ്ട്രേറ്റ്; സംഭവം ഇന്തോ-ഭൂട്ടാന് അതിര്‍ത്തി പ്രദേശത്ത്
എന്നാൽ ചൈന, ജർമനി, യു എസ് തുടങ്ങി 27 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് യാതൊരു നിയന്ത്രണങ്ങളും ബാധകമല്ല. അവർ അബുദാബിയിൽ എത്തിയാൽ ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധനയുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.