കൊല്ലം: ചെറുപ്പം മുതലേ കബഡി കളി നടൻ മുകേഷിന് ഹരമായിരുന്നു. പ്രായം ഒരുപാടായിട്ടും വർഷങ്ങൾക്കിപ്പുറവും കബഡി കളിയുടെ ആവേശം വിട്ടുകളയാണ് എംഎൽഎ കൂടിയായ മുകേഷ് തയ്യാറാകുന്നില്ല. വളരെ നാളുകൾക്ക് മുമ്പ് കൊല്ലം ബീച്ചിൽ നടന്ന കബഡി മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മുകേഷ് തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. എതിർ ടീമിന്റെ കോർട്ടിലേക്ക് എത്തിയ മുകേഷിനെ കാലിൽ പിടിച്ചു വീഴ്ത്താൻ ശ്രമിച്ചെങ്കിലും നടുവരയിൽ തൊട്ടുകൊണ്ട് എല്ലാവരെയും ഔട്ട് ആക്കിയിരിക്കുകയാണ് മുകേഷ്. കളി എംഎൽഎയോടോ എന്ന ആവേശകരമായ കമന്ററിയും പശ്ചാത്തലത്തിൽ കേൾക്കാം. കോവിഡ് വ്യാപനത്തിന് മുമ്പ് നടന്ന വീഡിയോയാണ് മുകേഷ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. എം എൽ എയുടെ ടീമും പ്രസ് ക്ലബ് ടീമും തമ്മിലായിരുന്നു കബഡി മത്സരം. കബഡി കബഡി എന്നു പറഞ്ഞുകൊണ്ടു എതിരാളികളുടെ കോർട്ടിലേക്ക് ഇറങ്ങിയ മുകേഷിനെ കാലിൽ പിടിച്ച് വലിച്ചിടാൻ ശ്രമിച്ചെങ്കിലും നടുവിലെ വരയിൽ തൊടാൻ അദ്ദേഹത്തിന് അധികം ശ്രമപ്പെടേണ്ടി വന്നില്ല.
'കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം'- എന്ന അടിക്കുറിപ്പിലാണ് വിഡിയോ നടൻ മുകേഷ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് മുകേഷിന്റെ കബഡി വിഡിയോ.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇൻ ഹരിഹർ നഗറിലെ 'തോമസ് കുട്ടി വിട്ടോടാ' എന്ന ഡയലോഗും കമന്റായി വന്നിട്ടുണ്ട്. 'ലെവൻ പിടിച്ചടേയ്' എന്ന മുകേഷ് ശൈലിയും കമന്റ് ബോക്സിലുണ്ട്. 'കാര് വാരില്ലല്ലോടെയ്' എന്ന കമന്റും ഉണ്ട്. അതേസമയം വിമർശനം നിറഞ്ഞ കമന്റുകളും ഈ വീഡിയോയുടെ അടിയിൽ വന്നിട്ടുണ്ട്. 'ഇലക്ഷൻ വന്നപ്പോൾ എന്തു പ്രഹസനമാണ്, വെറുതെ നടു കളയണ്ട'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കബഡി കളി രംഗം കണ്ടപ്പോൾ മുത്താരം കുന്ന് പി. ഒ എന്ന സിനിമയാണ് ഓർമ്മ വന്നതെന്ന് മറ്റൊരാൾ പറഞ്ഞിരിക്കുന്നു. ഏതായാലും ഇതിനോടകം വൈറലായി കഴിഞ്ഞ വീഡിയോയ്ക്ക് നൂറുകണക്കിന് ലൈകും കമന്റും ഷെയറും ലഭിച്ചു കഴിഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.