• HOME
 • »
 • NEWS
 • »
 • buzz
 • »
 • Lakshmi Priya | 'കിലോക്കണക്കിനു സ്വർണവും കോടികളുടെ ഭൂസ്വത്തും ഉള്ളവന് എന്തിനാണ് KSFE ചിട്ടി? നടി ലക്ഷ്മിപ്രിയ

Lakshmi Priya | 'കിലോക്കണക്കിനു സ്വർണവും കോടികളുടെ ഭൂസ്വത്തും ഉള്ളവന് എന്തിനാണ് KSFE ചിട്ടി? നടി ലക്ഷ്മിപ്രിയ

സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനമെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു...

Lakshmi-priya

Lakshmi-priya

 • Share this:
  കെഎസ്എഫ്ഇ ചിട്ടിക്കു ചേർന്ന് വഞ്ചിക്കപ്പെട്ടെന്ന ആരോപണവുമായി നടി ലക്ഷ്മിപ്രിയ (Actress Lakshmi Priya). 37 വയസിനിടെ ഉണ്ടായ ഏറ്റവും മോശം അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് (Facebook post) താരം വെളിപ്പെടുത്തിയത്. ജീവിതത്തിലെ വലിയൊരു സ്വപ്നസാക്ഷാത്കാരത്തിനായാണ് കെഎസ്എഫ്ഇ (KSFE) ചിട്ടിക്കു ചേർന്നത്. എന്നാൽ ചിട്ടി നറുക്ക് വീണെങ്കിലും, ജാമ്യമായി നൽകിയ വസ്തുവിന് തുച്ഛമായ മൂല്യം കണക്കാക്കി കുറഞ്ഞ തുക മാത്രമാണ് കെഎസ്എഫ്ഇ തരാൻ തയ്യാറായതെന്നും താരം ആരോപിക്കുന്നു.

  പ്രതിമാസം രണ്ടുലക്ഷം രൂപയുടെ 50 തവണയുള്ള ചിട്ടിയ്ക്ക് അഞ്ച് കുറികൾക്കാണ് താൻ ചേർന്നത്. മൂന്നാമത്തെ നറുക്കിൽ ചിട്ടി ലഭിച്ചു. ജാമ്യമായി ലക്ഷ്മിപ്രിയ നൽകിയത് 1.15 കോടി വിപണി മൂല്യമുള്ള തൃശൂരിലെ വീടും സ്ഥലവുമാണ്. എന്നാൽ തൃപ്പുണിത്തുറ ബ്രാഞ്ച് മാനേജരും വാല്യുവേറ്ററും ചേർന്ന് 76 ലക്ഷം രൂപ മാത്രമാണ് ആ സ്ഥലത്തിന് മതിപ്പ് വിലയിട്ടത്. ഇതിന്‍റെ പകുതിയായ 38 ലക്ഷം രൂപ മാത്രമെ നൽകാനാകുവെന്നും, അത് കഴിച്ചുള്ള തുക കെഎസ്എഫ്ഇയിൽ ഡെപ്പോസിറ്റ് ചെയ്യണമെന്നുമാണ് ബ്രാഞ്ച് അധികൃതർ അറിയിച്ചതെന്ന് ലക്ഷ്മിപ്രിയ പറയുന്നു. കിലോ കണക്കിനു സ്വർണ്ണവും കോടികളുടെ ഭൂസ്വത്തുo ഉള്ളവന് എന്തിനാണ് ksfe ചിട്ടിയെന്നും താരം ചോദിക്കുന്നു. സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനമെന്നും അവർ ചോദിക്കുന്നു. മാർക്കറ്റ് വാല്യൂവിന്റെ 80 % വരെ വില ഇടാനും ചിട്ടി തുക തരാനും ksfe തയ്യാറാകണമെന്നും ലക്ഷ്മിപ്രിയ ആവശ്യപ്പെടുന്നു. അതേസമയം ഈ പ്രശ്നത്തെക്കുറിച്ച് പ്രതികരണം ആരായാൻ കെ എസ് എഫ് ഇ തൃപ്പുണിത്തുറ മെയിൻ ബ്രാഞ്ചുമായി ന്യൂസ് 18 ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.

  നടി ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  പ്രിയമുള്ളവരേ അതീവ ദുഃഖകരമായ ഒരു സാഹചര്യത്തിൽ കൂടിയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 37 വയസ്സിലെ ജീവിതത്തിൽ ഇത്രയും മോശം സാഹചര്യം ആദ്യമായി ആണ് അനുഭവിക്കുന്നത്.

  ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോരോ സ്വപ്നങ്ങൾ ഉണ്ടാവും. ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ നമ്മളെപ്പോലെയുള്ള സാധാരണക്കാർ ലോൺ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും. അത്തരത്തിൽ എന്റെ സ്വപ്ന സാക്ഷത്ക്കാരത്തിനായി തൃപ്പൂണിത്തുറ കെ എസ് എഫ് ഇ KSFE മെയിൻ ബ്രാഞ്ചിൽ ഒരു ചിട്ടിയെക്കുറിച്ചും അതിന്റെ വിശദാoശങ്ങൾ അന്വേഷിക്കാനും ഞാൻ ചെല്ലുന്നു. ഹൃദയ പൂർവ്വം അവർ എന്നെ സ്വീകരിക്കുകയും ഉടനേ തുടങ്ങുന്ന വലിയ ചിട്ടി ( 50× 200000) യെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ചിട്ടി ചേരാം എന്ന ഉറപ്പിൽ ഞാൻ മടങ്ങുന്നു. എന്നാൽ അവർക്ക് ഏതാനും ടിക്കറ്റ് കൂടി പോകാൻ ഉണ്ട് നമ്മുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ ചേർക്കാമോ എന്ന് ചോദിച്ചു വിളി വരുന്നു. ഞാൻ സമ്മതിച്ച ഒരു കുറിയുടെ രണ്ട് ലക്ഷം അടക്കുവാൻ ചെല്ലുമ്പോൾ ഞാൻ എന്റെ ഒരു വലിയ ആഗ്രഹം സാധിക്കുവാൻ ഉണ്ട് എന്നും അതിലേക്ക് ഒരു വലിയ ഫണ്ട്‌ ന്റെ ആവശ്യം കുറച്ചു നാളുകൾക്കുള്ളിൽ ഉണ്ട് എന്നും അതിനാൽ നാല് നറുക്കുകൾ ചേരാൻ ഞാൻ ഒരുക്കമാണ് എന്നും എന്നാൽ ആദ്യത്തെ ഒരു നറുക്കിന്റെ തുക എനിക്ക് റോളിങ്ങിനായി ആവശ്യമുണ്ട് എന്നും അവരെ അറിയിച്ചു. അവർ സന്തോഷത്തോടെ ആദ്യത്തെ നറുക്കുകൾ മുപ്പത് ശതമാനം ലേലക്കിഴിവിൽ ആണ് പോകുന്നത് എന്നും എഴുപത് ലക്ഷം സുഖമായി മാഡത്തിന് എടുക്കാം എന്നും പറഞ്ഞു.ഞാൻ 4 കുറിയും എന്റെ ഒരു സുഹൃത്തിനെക്കൊണ്ട് ഒരു കുറിയും ചേർക്കുന്നു. ടോട്ടൽ 5 കുറികൾ.

  എനിക്ക് എഴുപതു ലക്ഷം വേണ്ട എന്നും 50 ലക്ഷം തന്നാൽ മതി എന്നും 20 ലക്ഷം k s f e ൽ ഡെപ്പോസിറ്റ് ചെയ്യാം എന്നും സമ്മതിക്കുന്നു. ആ ഉറപ്പിൽ എന്റെ അക്കൗണ്ട് ൽ ഉണ്ടായിരുന്ന പണം ആദ്യ തവണ 8 ലക്ഷം, പിന്നീട് മുപ്പതു ശതമാനം കിഴിവിൽ ആറ് ലക്ഷം വീതം മൂന്ന് മാസവും അടച്ചു.മൂന്നാമത്തെ നറുക്ക് എനിക്ക് വീണു. ജാമ്യം കൊടുക്കാനുള്ള പ്രോപ്പർട്ടി തൃശൂരത്തെ ഞങ്ങളുടെ പ്രോപ്പർട്ടിയാണ്. ആ വീടിന്റെ മാർക്കറ്റ് വാല്യൂ ഒരു കോടി പതിനഞ്ചു ലക്ഷമാണ്. എന്നാൽ ksfe തൃപ്പുണിത്തുറ മാനേജറും വാല്യൂവേറ്ററും എഴുപത്തിആറ് ലക്ഷം മാത്രമാണ് വിലയിട്ടത്. അതിന്റെ പകുതി 38 ലക്ഷം മാത്രമേ തരാൻ കഴിയൂ എന്നും ആ തുക കഴിച്ചുള്ള തുക ksfe ൽ ഡെപ്പോസിറ്റ് ചെയ്യണം എന്നുമാണ് മാനേജർ പറയുന്നത്. മാസം ഞങ്ങളുടെ ആറ് ലക്ഷം രൂപ വച്ച് അടച്ചിട്ടു ( ഫ്രണ്ടിന്റെ അടക്കം 7.5 ലക്ഷം ) മുപ്പത്തി എട്ട് ലക്ഷം വേണ്ട ആ തുക കിട്ടിയിട്ട് ഒന്നിനും ഞങ്ങൾക്ക് തികയില്ല എന്ന് അവരെ അറിയിക്കുകയും ചെയ്തു.

  ശേഷം ഒരു ഒന്നര ലക്ഷം കൂടി അടച്ചു. പിന്നീടുള്ള തുകകൾ ഒന്നും അടയ്ക്കാൻ സാധിക്കുന്നില്ല. വേറെ ഏതെങ്കിലും ഒരു പ്രോപ്പർട്ടി കൂടി നൽകിയാൽ 70 ലക്ഷം എടുക്കാം എന്ന് അവർ പറഞ്ഞതനുസരിച്ചു തിരുവനന്തപുരത്ത് ജയേഷേട്ടന്റെ ഫ്രണ്ടിന്റെ ഒരു പ്രോപ്പർട്ടി കാണുകയും അദ്ദേഹം മുൻ‌കൂർ കാശു വാങ്ങാതെ ഞങ്ങളുടെ പേരിൽ രെജിസ്റ്റർ ചെയ്തു നൽകാം ksfe എമൗണ്ട് കിട്ടുമ്പോൾ കാശു കൊടുത്താൽ മതി എന്ന് പറയുകയും ചെയ്തു. ഇതനുസരിച്ചു തിരുവനന്തപുരം ശാസ്തമംഗലം ksfe മാനേജർ സെന്റിന് 17.5 ലക്ഷം വീതമുള്ള സ്ഥലത്തിന് എട്ട് ലക്ഷം മാത്രേ വിലയിടുകയുള്ളൂ എന്ന് പറയുകയും ഞാൻ നേരിട്ട് അദ്ദേഹത്തെ കാണുകയും അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അവിടെ ശാസ്തമംഗലം ബ്രാഞ്ചിൽ ഞാൻ 2 ലക്ഷം വീതം മൂന്ന് നറുക്ക് ചേർന്നാൽ മാത്രം എനിക്ക് മാന്യമായ വാല്യൂ ഇട്ടു നൽകാം എന്നുമാണ്. എന്റെ നിസ്സഹായത കൊണ്ട് ഒരു കുറിയ്ക്ക് എനിക്ക് അടയ്ക്കാൻ കഴിയില്ല എന്ന് ഉറപ്പുണ്ടായിട്ടും ഒപ്പിട്ട് കൊടുക്കേണ്ടിയും വന്നു.

  ഈ വിവരങ്ങൾ ഒക്കെ അറിയിച്ചു കൊണ്ട് എറണാകുളം റീജണൽ ബ്രാഞ്ചിൽ ഞാൻ വിളിച്ചു പരാതി അറിയിക്കുകയും ചെയ്തു. നാളിതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല, പകരം കിട്ടിയത് മുടങ്ങിയ ചിട്ടിയ്ക്ക് പലിശ അറുപതിനായിരം അങ്ങോട്ട്‌ അടയ്ക്കണം എന്ന ലെറ്റർ ആണ്.അങ്ങനെ എങ്കിൽ ആ 38 എടുത്തു തല്ക്കാല പ്രശ്നങ്ങളിൽ നിന്ന് തലയൂരാം എന്നു കരുതുമ്പോൾ അവർ പറയുന്നത് 18 ലക്ഷം തരാം ബാക്കി തുക അവിടെ ഡെപ്പോസിറ്റ് ചെയ്യണം എന്നാണ്. ബാക്കി 52 ലക്ഷം അവിടെ ഡെപ്പോസിറ്റ് ചെയ്യണം പോലും.

  Also Read- പ്രണയത്തിന് വിലങ്ങുതടി കമ്മ്യൂണിസം; ലാത്വിയക്കാരിക്ക് ആലപ്പുഴക്കാരൻ വരൻ

  പ്രിയമുള്ളവരേ മൂന്ന് കോടി രൂപ മാർക്കറ്റ് വാല്യൂ ഉള്ള ഒരു പ്രോപ്പർട്ടി നിങ്ങൾക്കുണ്ടെങ്കിൽ ksfe അതിന് രണ്ട് കോടി വിലയിടും. എന്നിട്ട് അതിന്റെ പകുതി ഒരു കോടി തരാം എന്ന് പറയും. അതെടുക്കാൻ ചെല്ലുമ്പോൾ നമുക്ക് മനസ്സിലാവാത്ത കണക്കുകൾ പറഞ്ഞു നമ്മുടെ ക്യാഷ് അവിടെ ഡെപ്പോസിറ്റ് ചെയ്യിക്കും. ലോകത്തിൽ ഉള്ളതിൽ ഏറ്റവും കുറച്ച് പലിശ തരും. ചിട്ടി തുക മാസാമാസം അങ്ങോട്ട്‌ അടയ്ക്കുകയും വേണം. തമ്പാനൂർ ജംഗ്ഷൻ ലോ തൃപ്പൂണിത്തുറ ജംഗ്ഷനിലോ പ്രോപ്പർട്ടി കൊടുത്താലോ ksfe അതിന് വില കാണില്ല.അല്ലെങ്കിൽ കിലോ കണക്കിന് സ്വർണ്ണം കൊണ്ടു കൊടുത്താൽ പവന് 24000/ വച്ച് തരും. കിലോക്കണക്കിനു സ്വർണ്ണവും കോടിക്കണക്കിനു രൂപയുടെ ഭൂ സ്വത്തുo ഉള്ളവന് എന്തിനാണ് ksfe ചിട്ടി?? സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനം?

  സാധാരണക്കാർ ന്യൂ ജെൻ ബാങ്കുകളുടെ പിന്നാലെ പോകുന്നതും പലിശകെടുതിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാവുമല്ലോ? മാർക്കറ്റ് വാല്യൂവിന്റെ 80 % വരെ വില ഇടാനും ചിട്ടി തുക തരാനും ksfe തയ്യാറാകണം. ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയാറാകണം.

  അതീവ ഹൃദയ വേദനയോടെ ലക്ഷ്മി പ്രിയ
  Published by:Anuraj GR
  First published: