News18 MalayalamNews18 Malayalam
|
news18
Updated: January 1, 2021, 4:05 PM IST
സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ശ്രീയേഷ് 'ശ്രീദേവി' ആയി
- News18
- Last Updated:
January 1, 2021, 4:05 PM IST
നരിക്കുനി: തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചു.
ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ലെന്നും പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണെന്നും താരം കുറിക്കുന്നു. ഒരു 'സ്ത്രീ' ആയി അവളെ നരിക്കുനിക്കാർ സ്വീകരിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും സുരഭി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി സുഹൃത്തിനൊപ്പം നിൽക്കാൻ തനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും സുരഭി ലക്ഷ്മി പറഞ്ഞു.
സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടു കൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ, ശ്രീയേഷ് 'ശ്രീദേവി' ആയി മാറിയിരിക്കുന്നു.
കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ. ഡോ. സന്ദീപ് സർ മറ്റ് ഡോക്ടേർസിനും ആരോഗ്യ പ്രവർത്തകർക്കും അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി
വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു "സ്ത്രീ"യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും...
ആശംസകൾ ശ്രീദേവി... നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്, സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്...ഒപ്പം നിൽക്കുന്നു'
കൂട്ടുകാരനിൽ നിന്ന് കൂട്ടുകാരിയായി മാറിയ സുഹൃത്തിന് എല്ലാവിധത്തിലുള്ള ആശംസകളും നേർന്നാണ് സുരഭി ലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Published by:
Joys Joy
First published:
January 1, 2021, 3:43 PM IST