അഡിഡാസ് സ്പോർട്സ് ബ്രായുടെ (Adidas Sports Bra) പരസ്യം സോഷ്യൽ മീഡിയയിൽ പുതിയ സംവാദത്തിന് കളമൊരുക്കുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്ന സമീപകാല കാമ്പെയ്നുകളിലൂടെ അഡിഡാസ് പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. ഇപ്പോൾ തങ്ങളുടെ സ്പോർട്സ് ബ്രാ ശേഖരത്തിന്റെ പുതിയ ക്യാമ്പയ്നിന്റെ ഭാഗമായി അഡിഡാസ് പോസ്റ്റ് ചെയ്ത അസാധാരണമായ ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. സ്പോർട്സ് ബ്രാ ധരിക്കുന്നവരുടെ ശരീരത്തിന്റെ ആകൃതിയും നിറവും സ്തനങ്ങളുടെ (Breast) വലിപ്പവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും അതിനനുസൃതമായി എല്ലാവർക്കും തങ്ങൾക്ക് അനുയോജ്യമായ സ്പോർട്സ് ബ്രാ (Sports Bra) കണ്ടെത്താനുള്ള അവസരം ഞങ്ങൾ നൽകുന്നു എന്നാണ് അഡിഡാസ് ഈ കാമ്പെയ്നിലൂടെ വ്യക്തമാക്കുന്നത്.
ഫോട്ടോയ്ക്ക് ഒപ്പം അഡിഡാസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്; “സ്ത്രീകളുടെ എല്ലാ തരം ആകൃതിയിലും വലുപ്പത്തിലുമുള്ള സ്തനങ്ങൾ സപ്പോർട്ടും കംഫർട്ടും അർഹിക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ പുതിയ സ്പോർട്സ് ബ്രാ ശേഖരത്തിൽ 43 തരത്തിലുള്ള ബ്രാകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി എല്ലാവർക്കും അവർക്ക് അനുയോജ്യമായ സപ്പോർട്ട് കണ്ടെത്താനാകും." സപ്പോർട്ട് ഈസ് എവരിതിങ് എന്ന ഹാഷ് ടാഗോടെയാണ് അഡിഡാസ് ഈ പരസ്യം പങ്കുവച്ചിരിക്കുന്നത്.
ഇതോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് പലരുടെയും നെറ്റി ചുളിയാൻ കാരണമായത്. വ്യത്യസ്ത പ്രായ വിഭാഗങ്ങളെയും വംശങ്ങളെയും പ്രതീകപ്പെടുത്തുന്ന വ്യത്യസ്ത ആകൃതിയും നിറവും വലുപ്പവുമുള്ള 25 സ്തനങ്ങളുടെ ചിത്രങ്ങളും അഡിഡാസ് പങ്കുവച്ചിട്ടുണ്ട്. വിവിധ തരം സ്പോർട്സ് ബ്രാകൾ കാണിക്കാൻ വ്യത്യസ്ത ശരീര ഘടനയുള്ള സ്ത്രീകൾ സ്പോർട്സ് ബ്രാ അണിഞ്ഞു നിൽക്കുന്നതും കാണിക്കുന്നുണ്ട്. പല ട്വിറ്റർ ഉപയോക്താക്കളും അഡിഡാസ് പുരോഗമനപരവും ശക്തവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ഇതിനെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത്. ബ്രായെ പ്രോത്സാഹിപ്പിക്കുന്നതിന് നഗ്നമായ സ്തനങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് അനാവശ്യമാണ് എന്ന് ചിലർ എടുത്തു പറഞ്ഞു. എന്നാൽ നഗ്നതയുടെ വശത്തിലൂടെ ഈ ക്യാമ്പയിൻ ചർച്ചചെയ്യപ്പെടുമ്പോൾ സ്ത്രീകളുടെ സ്തനങ്ങൾ മറച്ചു വയ്ക്കേണ്ട ആവശ്യമെന്തെന്ന് ചിലർ ചോദ്യമുന്നയിക്കുന്നു. പുരുഷന്മാരുടെ നഗ്നമായ നെഞ്ച് അശ്ലീലമായി കാണാത്ത സമൂഹം എന്തിനാണ് സ്ത്രീകളുടെ മാറിടങ്ങളിൽ അശ്ലീലത കാണുന്നതെന്നാണ് ചിലരുടെ ചോദ്യം. ഇത്തരം കാര്യങ്ങൾ നമ്മൾ കൂടുതൽ കാണുന്തോറും അവയുടെ പ്രാധാന്യം കുറയുകയും ഭാവിയിൽ ഇവ സാധാരണ കാര്യമായി മാറുകയും ചെയ്യുമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
നിലവിൽ തൊണ്ണൂറു ശതമാനം സ്ത്രീകളും തെറ്റായ തരത്തിലുള്ള സ്പോർട്സ് ബ്രായാണ് ധരിക്കുന്നതെന്ന് അഡിഡാസ് പറയുന്നു. ഇങ്ങനെ വരുമ്പോൾ സ്തനഭാഗത്ത് വേദനയ്ക്കും സ്തന കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമാകാം. ഇത് പരിഹരിക്കാൻ സ്തനങ്ങളുടെ കൃത്യമായ ആകൃതിക്കും അളവിനും അനുസരിച്ചുള്ള ബ്രാ കണ്ടെത്താൻ സഹായിക്കുന്നതിന് സ്പോർട്സ് ബ്രാ ഫിറ്റ് ഗൈഡും വെബ്സൈറ്റിൽ നൽകുന്നുണ്ടെന്ന് അഡിഡാസ് വ്യക്തമാക്കുന്നു. തങ്ങൾ പുതിയ ക്യാമ്പൈനിൽ ഉറച്ചു നിൽക്കുന്നു എന്നും സ്തനങ്ങൾ ശരീരഘടനയുടെ സ്വാഭാവിക ഭാഗമാണ് ഇനിയെങ്കിലും പഴയരീതികൾ മാറ്റേണ്ടത് അനിവാര്യമാണെന്നും അഡിഡാസ് പറയുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.