ഫ്ലോറിഡയിലെ മൃഗശാലയിൽ ജനിച്ച കുട്ടിക്കുരങ്ങൻ സോഷ്യൽ മീഡിയയിൽ കൗതുകമാവുന്നു. സ്പൈഡർ കുരങ്ങ് (Spider Monkey) വിഭാഗത്തിൽ പെട്ട ഈ കുട്ടിക്കുരങ്ങൻ ഈ വർഷം ഏപ്രിൽ 15നാണ് ജനിച്ചത്. മുഖത്ത് വവ്വാലിൻെറ ചിഹ്നവുമായാണ് കുരങ്ങൻ ജനിച്ചിട്ടുള്ളത്. ഹോളിവുഡ് സൂപ്പർ ഹീറോ ബാറ്റ‍്‍മാൻെറ (Batman) ചിഹ്നവുമായി ഇതിന് സാമ്യമുണ്ട്. കുഞ്ഞും അമ്മക്കുരങ്ങും സുഖമായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 31 വയസ്സുള്ള റോച്ചെല്ലെ എന്ന പെൺ സ്പൈഡർ കുരങ്ങിൻെറയും 25 വയസ്സുള്ള ആൺ കുരങ്ങിൻെറയും കുട്ടിയാണിത്. റോച്ചെല്ലയെ ഷെല്ലിയെന്നും മൃഗശാല അധികൃതർ വിളിക്കുന്നു. ഫ്ലോറിഡയിലെ ബ്രെവാർഡ് മൃഗശാലയിലെ കുട്ടിക്കുരങ്ങാണ് ഇൻറർനെറ്റിലെ പുതിയ സെൻസേഷനായിരിക്കുന്നത്.
മൃഗശാല അധികൃതർ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കുരങ്ങിൻെറ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അമ്മക്കുരങ്ങിൻെറയും കുട്ടിക്കുരങ്ങിൻെറയും ചിത്രവും വീഡിയോയുമാണ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ വളരെ രസകരമായ മറ്റൊരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ബാറ്റ‍്‍മാൻ സിനിമയുടെ തീം സോങിൻെറ ക്യാപ്ഷനുമായാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. "ഞങ്ങളുടെ പുതിയ കുട്ടിക്കുരങ്ങിന് വലിയൊരു പ്രത്യേകതയുണ്ട്. സാധാരണ കാണാത്ത ഒരു അടയാളം ഇതിൻെറ മുഖത്ത് കാണാം. ഇത് വരെ സൂപ്പർപവറൊന്നും ഞങ്ങൾക്ക് കണ്ടെത്താനായിട്ടില്ല. ഏതായാലും ഇനിയെന്തെങ്കിലും കാണുകയാണെങ്കിൽ അറിയിക്കാം," ബാറ്റ്മാൻറെ ചിഹ്നമുള്ള കുരങ്ങിൻെറ കാര്യം ഇങ്ങനെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്.
ഡിസി കോമിക്കുകളിലെ ബാറ്റ്മാൻെറ ചിഹ്നത്തിന് ഇതിനോട് നല്ല സാദൃശ്യമുണ്ടെന്ന് പോസ്റ്റ് വന്ന് അധികം വൈകാതെ തന്നെ ഇൻറർനെറ്റ് ലോകം കണ്ടെത്തി. സോഷ്യൽ മീഡിയയിൽ കുട്ടിക്കുരങ്ങൻ വലിയ ചർച്ചയായെന്ന് മാത്രമല്ല കോമിക് ബുക്കിലെ തമാശകൾ പറഞ്ഞ് കൊണ്ട് കമൻറുകളും വരാൻ തുടങ്ങിയിട്ടുണ്ട്. “ഈ കുരങ്ങിന് ബ്രൂസ് എന്ന് പേരിടുന്നതാണ് നല്ലത്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. മറ്റൊരു യൂസറും ഈ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് കമൻറിട്ടിട്ടുണ്ട്. ബ്രൂസ് എന്നതിലും മികച്ചൊരു പേര് ഈ കുരങ്ങിന് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Oh baby, baby! We're so thrilled to share that Shelley the spider monkey gave birth to a healthy offspring last Friday. Mom and baby are doing well! Read more here: https://t.co/VP44dx4T8hpic.twitter.com/D6pmXfiL8D
മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ് സ്പൈഡർ കുരങ്ങുകളെ കൂടുതലായി കാണുന്നത്. വലിയ കൂട്ടമായാണ് ഇവ എപ്പോഴും സഞ്ചരിക്കുക. ഒരു കുരങ്ങിൻ കൂട്ടത്തിൽ കുറഞ്ഞത് 24 മുതൽ 36 വരെ കുരങ്ങുകളുണ്ടാവും. രാത്രിയിൽ ഇവ ചെറുകൂട്ടങ്ങളായി പിരിയും. അപ്പോൾ കൂട്ടത്തിൽ ആറ് കുരങ്ങുകളോ അതിൽ കുറവോ ആണ് ഉണ്ടാവുക. തള്ളവിരലുകളില്ല എന്നുള്ളതാണ് ഈ കുരങ്ങുകളുടെ ഒരു പ്രധാന പ്രത്യേകത. ഇലകൾ, പക്ഷികളുടെ മുട്ട, എട്ടുകാലികൾ, പഴങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. 24 ഇഞ്ച് വരെ ഇവയ്ക്ക് ഉയരമുണ്ടാവും. ഏകദേശം 19 പൌണ്ട് വരെ തൂക്കവുമുണ്ടാവും. വനനശീകരണവും വേട്ടയാടലും കാരണം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുന്നുണ്ട്. ഭക്ഷണത്തിന് വേണ്ടി കാട്ടിൽ കയറി ഇവയെ പലരും വേട്ടയാടാറുണ്ട്. അനധികൃതമായി ഇവയെ വേട്ടയാടിപ്പിടിച്ച് വളർത്തുന്നവരുമുണ്ട്. ഈ കുരങ്ങ് വിഭാഗത്തെ ഇനിയും സംരക്ഷിക്കാൻ തുടങ്ങിയില്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന കൂട്ടത്തിലേക്ക് വൈകാതെ ഇവയും ഉൾപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.