അഫ്ഗാനിസ്ഥാന് താലിബാന് ഭീകരര്‍ പിടിച്ചടക്കികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് എത്തിയ മറ്റു രാജ്യങ്ങളിലെ വിമാനങ്ങളില്‍ കയറിപ്പറ്റുന്നതിനായി അഫ്ഗാന് സ്വദേശികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയകളിലെങ്ങും വൈറലായി മാറിയത്. ഈക്കൂട്ടത്തില്‍ ഒരു ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ബെല്‍ജിയം എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ ഒരു അഫ്ഗാന് പെണ്‍കുട്ടി സന്തോഷത്തോടെ തുള്ളിക്കളിക്കുന്ന ഒരു ഫോട്ടോയാണിത്.
ബെല്‍ജിയം എയര്‍പോര്‍ട്ടിന്റെ റണ്‍വേയിലൂടെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഒരു നാലംഗ കുടുംബം നടന്നുപോകുന്നതാണ് ആ ചിത്രത്തില്‍ കാണുന്നത്. പെണ്‍കുട്ടി അവളുടെ മാതാപിതാക്കള്‍ക്ക് പിന്നില്‍ സന്തോഷത്തോടെ തുള്ളിച്ചാടി നടക്കുന്നതും ആ ചിത്രത്തില്‍ വ്യക്തമാണ്. മെല്സ്ബ്രോക്ക് മിലിട്ടറി എയര്‍പോര്‍ട്ടില്‍ നിന്ന് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ ജോഹന്ന ജെറോണ്‍ ക്ലിക്ക് ചെയ്ത ഫോട്ടോ, ബെല്‍ജിയത്തിലെ മുന്‍ പ്രധാനമന്ത്രി ഗൈ വെര്ഹോഫ്സ്റ്റാഡും ട്വിറ്ററില്‍ പങ്കുവെച്ചു.
'നിങ്ങള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്... ബെല്‍ജിയത്തിലേക്ക് സ്വാഗതം, ചെറിയ പെണ്‍കുട്ടി!' എന്നായിരുന്നു ഗൈ വെര്‍ഹോഫ്സ്റ്റാഡ് ചിത്രത്തോടൊപ്പം കുറിച്ചത്. ചിത്രം ഉടന്‍ തന്നെ വൈറലാവുകയും ആയിരകണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഈ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തു. 'എന്തൊരു ചിത്രമാണിത്! എന്റെ ഹൃദയത്തില്‍ കൊണ്ടു', 'മഹത്തായ ചിത്രം, 'എന്തൊരു സന്തോഷത്തിലാണാ ചെറി പെൺകുട്ടി', 'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം', 'ബെല്‍ജിയത്തില്‍ അവള്‍ക്ക് ഒരു മികച്ച ഭാവി ഉണ്ടാകും', 'ചിത്രം പങ്കുവച്ചതിന് നന്ദി'.. തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടരിക്കുന്നത്.
പല രാജ്യങ്ങളും സ്വന്തം പൗരന്മാരെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തുകയും, ഒപ്പം താലിബാന് ആക്രമണത്തില്‍ തകര്‍ന്ന ആ രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ബെല്‍ജിയം അഫ്ഗാനില്‍ നിന്ന് ഇതുവരെ 1,400 പേരെ ഒഴിപ്പിച്ചു. പക്ഷേ അഫ്ഗാനില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും അതിന് സാധിച്ചിട്ടില്ല. ഈ ബുധനാഴ്ച ബെല്‍ജിയത്തിലേക്കുള്ള അഫ്ഗാന് കുടിയേറ്റക്കാരുമായി പോയ ബസ് താലിബാന് തടഞ്ഞിരുന്നു.
Also Read-
പാളത്തിനരികില്‍ കാട്ടുകൊമ്പന്; പാഞ്ഞടുത്ത ട്രെയിനിലെ ലോക്കോ പൈലറ്റ് ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയവിമാനത്താവളത്തിലേക്ക് നീങ്ങുന്ന വാഹനങ്ങളെ താലിബാന് തടയുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് യൂറോപ്യന്‍ പങ്കാളികളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ബെല്‍ജിയം ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. വ്യാഴാഴ്ച കാബൂളില്‍ ഉണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 31 വരെ കഴിയുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 31 ശേഷം യുഎസ് സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങാനും പുറപ്പെടാനും യുഎസ് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ സുരക്ഷ നല്‍കുന്നത്. ഏകദേശം 5,200 അമേരിക്കൻ സൈനികര്‍ എയര്‍പോര്‍ട്ടിന് സുരക്ഷ നല്‍കുന്നുണ്ടെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. കൂടാതെ, അഫ്ഗാന് ദേശീയ സുരക്ഷാ സേനയിലെ ഏകദേശം 500 മുതല്‍ 600 വരെ സെനികരും എയര്‍പോര്‍ട്ട് സുരക്ഷയ്ക്ക് യുഎസ് സൈന്യത്തെ സഹായിക്കുന്നുണ്ട്. അമേരിക്കയും സഖ്യകക്ഷികളും ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ കുടിയൊഴിപ്പിക്കലുകളാണ് അഫ്ഗാനില്‍ നടത്തികൊണ്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.