യുഎസ് വ്യോമസേനയുടെ വിമാനത്തില്‍ നിന്ന് വീണ് മരിച്ച അഫ്ഗാനി പൗരന്മാരെ പരിഹസിക്കുന്ന തരത്തില്‍ പുറത്തിറക്കിയ ടീ-ഷര്‍ട്ടിന്റെ ഫോട്ടോകള്‍ ഇന്റര്‍നറ്റില്‍ വൈറലാകുന്നു. ടീ ഷര്‍ട്ടില്‍ സൈനിക വിമാനത്തിന്റെ ചിത്രവും അതില്‍ നിന്ന് വീഴുന്ന രണ്ട് മൃതദേഹങ്ങളും കാണാം.
'കാബൂള്‍ സ്കൈഡൈവിംഗ് ക്ലബ് എസ്റ്റാബ്ലിഷ്ഡ് 2021' എന്നും ടീ ഷര്‍ട്ടില്‍ എഴുതിയിട്ടുണ്ട്. കാബൂളിലെ സി -17 വിമാനത്തില്‍ നിന്ന് വീണ് രണ്ട് അഫ്ഗാന് പൗരന്മാര്ക്ക് ജീവന് നഷ്ടപ്പെട്ട് ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇത്തരം ടീ ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് എത്തിയത്. Tee4Sport, TShirtAtLowPrice എന്നിവയുള്‍പ്പെടെ ഒന്നിലധികം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ 12 യൂറോയ്ക്ക് (1050 രൂപ) ടീ ഷര്‍ട്ട് ലഭിക്കും.
എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ദുരിതത്തെ പരിഹസിച്ചതിന് കമ്പനികള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
മനുഷ്യര്‍ക്ക് സഹാനുഭൂതിയും നഷ്ടപ്പെട്ടോ എന്നും പണം സമ്പാദിക്കുന്നതിന് മാത്രമാണോ മുന്‍ഗണന നല്‍കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ചിത്രം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ചില ഉപയോക്താക്കള്‍ കുറിച്ചപ്പോള്‍, ആളുകള്‍ ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചതില്‍ മറ്റ് ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
താലിബാനെ ഭയന്ന് കാബൂളില്‍ നിന്ന് വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഫ്ഗാന് പൗരന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യു എസ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം രണ്ട് പേര് താഴേയ്ക്ക് വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. കരളലയിക്കുന്ന ഈ ദൃശ്യം മനുഷ്യരുടെ ഭയത്തിന്റെയും നിസ്സഹായാവസ്ഥയുടെയും നേര്‍ക്കാഴ്ച്ചകളായിരുന്നു.
വിമാനത്തില്‍ നിന്ന് താഴെ വീണ ഇവരുടെ വയറും തലയും പിളര്‍ന്നിരുന്നു. ദാരുണാന്ത്യം സംഭവിച്ച ഇവരില്‍ ഒരാള്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറാണ്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് മൃതദേഹങ്ങളും 49 കാരനായ വാലി സാലികിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മേല്‍ക്കൂരയിലാണ് വീണത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതുപോലെയുള്ള വലിയ ശബ്ദത്തോടെയാണ് വിമാനത്തില്‍ നിന്ന് വീണ ഇവര്‍ മേല്‍ക്കൂരയില്‍ വന്നു പതിച്ചത്. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് പിടിവിട്ട് ഇവര്‍ താഴെ വീഴുകയായിരുന്നു. കാബൂള്‍ വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് അഫ്ഗാന് ചെറുപ്പക്കാര്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വിവിധ വഴികള്‍ തേടിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളില്‍ നിന്ന് 145 പേരെ കൂടി ഡല്‍ഹിയില്‍ എത്തിച്ചു. സംഘത്തില്‍ ഇന്ത്യക്കാരും അഫ്ഗാന് സ്വദേശികളുമുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാര്‍ അടക്കം 392 പേരെയാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇതില്‍ 327 പേര് ഇന്ത്യക്കാരാണ്. മുഴുവന്‍ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.