• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രോ-അമേരിക്കന്‍ യുവാവ്; കണ്ണുനിറഞ്ഞ് വധു

Viral | മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രോ-അമേരിക്കന്‍ യുവാവ്; കണ്ണുനിറഞ്ഞ് വധു

മലയാളം വായിക്കുക മാത്രമല്ല, മനസ്സിലാകാത്ത അതിഥികള്‍ക്ക് അതിന്റെ അര്‍ത്ഥം പറഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Last Updated :
 • Share this:
  പ്രണയത്തിന് ഭാഷ (language) ഒരു പ്രശ്‌നമേയല്ല. ആഫ്രിക്കന്‍-അമേരിക്കന്‍ (America) യുവാവും മലയാളി പെണ്‍കുട്ടിയുമായുള്ള വിവാഹ (wedding) വേദിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത് (viral video). എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വിവാഹ പ്രതിജ്ഞ മലയാളത്തില്‍ പറയാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു വരന്‍ ഡാന്‍സെല്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. അമേരിക്കയില്‍ വെച്ചാണ് വിവാഹം നടന്നത്. ജെനോവ ജൂലിയാന്‍ എന്ന വധു തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ന്യൂ ജേഴ്‌സിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ഡാന്‍സെല്ലിന്റെ പ്രവൃത്തി അങ്ങേയറ്റം ആദരവോടെയാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്.

  വളരെ ഭംഗിയുള്ള വിവാഹ വസ്ത്രങ്ങള്‍ ധരിച്ചാണ് വധൂവരന്മാര്‍ വിവാഹത്തിന് എത്തിയത്. തുടര്‍ന്ന് ഡാന്‍സെല്‍ മലയാളത്തില്‍ തന്റെ വിവാഹ പ്രതിജ്ഞ ചൊല്ലുന്നത് കേള്‍ക്കാം. അതിവൈകാരിക ഭാവത്തോടെയാണ് വധുവായ ജെനോവ അടുത്ത് നില്‍ക്കുന്നത്. ഇംഗ്ലീഷിലായിരുന്നു പ്രതിജ്ഞ തുടങ്ങിയതെങ്കിലും പിന്നീട് മലയാളത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇത് വധുവിനെയും വീട്ടുകാരെയും അമ്പരപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. മലയാളം വായിക്കുക മാത്രമല്ല, മനസ്സിലാകാത്ത അതിഥികള്‍ക്ക് അതിന്റെ അര്‍ത്ഥം പറഞ്ഞു കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്. വധു സന്തോഷം കൊണ്ട് കരയുന്നതും കണ്ണുനീര്‍ തുടയ്ക്കുന്നതും കാണാന്‍ കഴിയും. അതിഥികളെല്ലാം കരഘോഷങ്ങള്‍ മുഴക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ട്.

  'എന്റെ ഭര്‍ത്താവ് മലയാളത്തില്‍ വിവാഹ പ്രതിജ്ഞ പഠിച്ച് പറഞ്ഞു. എനിയ്ക്ക് കരച്ചിലടക്കാനായില്ല' എന്ന കാപ്ഷനോടെയാണ് ജെനോവ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു, എന്റെ നിധി കണ്ടുപിടിച്ചു.' എന്നാണ് ഡാന്‍സെലിന്റെ വാക്കുകള്‍. തുടര്‍ന്ന് മലയാളം അറിയാത്ത അതിഥികള്‍ക്കായി ഞാനിത് പരിഭാഷപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അര്‍ത്ഥം ഇംഗ്ലീഷില്‍ വിവരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. വളരെ വ്യക്തതയോടെയാണ് ഡാന്‍സെല്‍ മലയാളം പറയുന്നതെന്ന് ചിലര്‍ കമന്റ് ചെയ്തു. 'ഏറ്റവും പ്രയാസകരമായ ഭാഷ എന്നാണ് മലയാളം അറിയപ്പെടുന്നത്. പക്ഷേ, അത് വളരെ ലളിതമായി വ്യക്തതയോടെ പറഞ്ഞു, സൂപ്പര്‍' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു കമന്റ്. നിരവധി ആളുകള്‍ നവദമ്പതികള്‍ക്ക് വിവാഹ ആശംസകളും നേര്‍ന്നിട്ടുണ്ട്.
  വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ഇത്തരത്തില്‍ വൈറലാകാറുണ്ട്. ചില അബദ്ധങ്ങളും ഇക്കൂട്ടത്തിലുണ്ട്. കുറച്ച് നാള്‍ മുന്‍പ്വിവാഹച്ചടങ്ങിനിടെയുള്ള നൃത്തത്തിനിടെ വരന് പറ്റിയ അബദ്ധം വൈറലായിരുന്നു. വിവാഹ വസ്ത്രത്തില്‍ വധൂവരന്മാര്‍ നൃത്തം ചെയ്യുന്നതിനിടെയാണ് വരന്റെ ഭാഗത്ത് നിന്നും അബദ്ധം പറ്റിയത്. നൃത്തത്തിനിടെ വധു വരന്റെ മുന്നില്‍ മുട്ടുകുത്തിയിരിക്കുകയായിരുന്നു. വധുവിന്റെ തലയ്ക്ക് മുകളിലൂടെ കാല്‍ വീശിയെടുത്ത് ചുവടുവെക്കാനായിരുന്നു വരന്‍ ശ്രമിച്ചത് എന്നാല്‍, വരന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും വരന്റെ കാല്‍ നേരെ വധുവിന്റെ മുഖത്ത് ചെന്ന് അടിക്കുകയുമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമെന്ന് പറയാവുന്ന ഒരു സംഭവത്തില്‍ മുഖത്ത് ചവിട്ടേറ്റ വധു ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. മുഖത്ത് കൈവെച്ച് അല്‍പം ദേഷ്യത്തോടെ എഴുന്നേൽക്കുന്ന വധുവിനെ വരന്‍ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം.
  Published by:user_57
  First published: