സാങ്കേതിക വിദ്യകളാൽ സമ്പന്നമായ രംഗമാണ് വ്യോമയാന മേഖല. സാങ്കേതിക വിദ്യകൾ അനുദിനം പുതുക്കപ്പെടുന്നു എന്നതും ഈ രംഗത്തിന്റെ പ്രത്യേകതയാണ്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന സങ്കേതികവിദ്യ വന്നതോടെ കാര്യങ്ങൾ കൂടുതൽ രസകരമാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വിമാന യാത്രകളുടെ ഭാവി ചിലപ്പോൾ AI ആയി മാറിയേക്കാം എന്നാണ് എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്ക് പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവുകളും സാധ്യതകളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ “ഒറ്റ പൈലറ്റ്” വിമാനം ഉടൻ യാഥാർത്ഥ്യമാകുമെന്ന് ക്ലാർക്ക് വിശ്വസിക്കുന്നു. എങ്കിൽപ്പോലും പൂർണമായും ഓട്ടോമേറ്റഡ് ഫ്ലൈറ്റ് എന്നത് യാത്രക്കാർ ആഗ്രഹിക്കുന്നതായിരിക്കണമെന്നില്ല. ഭാവിയിൽ എപ്പോഴെങ്കിലും അത്തരമൊരു മാറ്റം സംഭവിച്ചാൽ തന്നെ നിരവധി ആശങ്കകളും വെല്ലുവിളികളും പരിഹരിക്കേണ്ടി വരുമെന്നും എമിറേറ്റ്സ് മേധാവി സമ്മതിക്കുന്നു.
Also read: Numerology May 13 | മെയ് 12ന് ജനനം; യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ജന്മദിനസംഖ്യയുടെ പ്രത്യേകതകൾ
വ്യോമയാന വ്യവസായം AI യുടെ നേട്ടങ്ങളും ശക്തിയും സാധ്യതയും മനസ്സിലാക്കേണ്ടതുണ്ടെന്ന് സിഎൻബിസിയുടെ ഹാഡ്‌ലി ഗാംബിളുമായുള്ള ഒരു സംഭാഷണത്തിനിടെ ക്ലാർക്ക് ചൂണ്ടികാണിച്ചു. സാങ്കേതികവിദ്യയെ ഭയപ്പെടുന്നതിനു പകരം വ്യോമയാന വ്യവസായം അത് “ഉപയോഗിക്കണം” എന്ന് അദ്ദേഹം നിർദ്ദേശിച്ചു. AIയുടെ കഴിവുകളെക്കുറിച്ച് നിരവധി ആളുകൾക്ക് ആശങ്കയുണ്ടാകാമെന്ന് സമ്മതിക്കുമ്പോൾ തന്നെ ബിസിനസുകൾ എല്ലാം തങ്ങളുടെ പ്രവർത്തനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന് വിലയിരുത്താൻ കൂടി സമയമെടുക്കണമെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൈലറ്റുമാരുടെ പങ്കിനെക്കുറിച്ച് ആ സംഭാഷണത്തിൽ ക്ലാർക്ക് ഊന്നിപ്പറയുന്നുണ്ട്. വിമാനം പറത്തുന്നതിനുമപ്പുറം പൈലറ്റുമാർക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. വിദഗ്ധരായ പൈലറ്റുമാർ കേവലം പൈലറ്റുമാർ എന്നതിനപ്പുറത്ത് എഞ്ചിനീയർമാർ, കാലാവസ്ഥാ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, നാവിഗേറ്റർമാർ, കസ്റ്റമർ സർവീസ് മാനേജർമാർ എന്നീ നിലകളിൽ കൂടി പ്രവർത്തിക്കുന്നു. ദിവസേന യാത്രക്കാർ, എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ക്രൂ എന്നിവരും അതിലേറെയും ആളുകളുമായി പൈലറ്റുമാർ ഫലപ്രദമായി ഇടപഴകുന്നുമുണ്ട് .
പൂർണ്ണമായും പൈലറ്റില്ലാത്ത വിമാനങ്ങൾ സാധ്യമാണെന്നും എന്നാൽ എപ്പോൾ വേണമെങ്കിലും അത്തരത്തിലൊന്ന് ആരംഭിക്കാൻ സാധ്യമല്ലെന്നും ടിം ക്ലാർക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വിമാനം പൂർണ്ണമായും ഓട്ടോമേറ്റഡ് അടിസ്ഥാനത്തിൽ പറത്താൻ കഴിയുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ പുരോഗമിച്ചാൽ പോലും ഫ്ലൈറ്റിന്റെ ഡെക്കിൽ എപ്പോഴും ആരെങ്കിലും ഒരാൾ എങ്കിലും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
ഏതായാലും ഇതുസംബന്ധിച്ച ചൂടേറിയ ചർച്ചകൾ വ്യോമയാന മേഖലയിൽ നടക്കുന്നുണ്ട്. വ്യോമയാന രംഗത്തെ അതികായന്മാരിൽ ഒന്നായ എമിറെറ്റസിന്റെ മേധാവി തന്നെ ഇത്തരത്തിലൊരു ആശയം ചർച്ച ചെയ്തതിലൂടെ ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങൾ ഇക്കാര്യം ഗൗരവമായി തന്നെ പരിശോധിക്കും എന്നാണ് സൂചനകൾ. സാങ്കേതിക വിദ്യയുടെ വളർച്ചയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും പരിഗണിച്ച് മികച്ച സുരക്ഷാ മുൻകരുതലുകളോടെ ഈ രംഗത്തും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Summary: AI likely to make one-pilot flights a reality in future
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.