നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Einstein's Letter to Nehru | ജവഹര്‍ലാല്‍ നെഹ്രുവിന്റെ പുസ്തകത്തെ പ്രശംസിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് വൈറലാകുന്നു

    Einstein's Letter to Nehru | ജവഹര്‍ലാല്‍ നെഹ്രുവിന്റെ പുസ്തകത്തെ പ്രശംസിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്ത് വൈറലാകുന്നു

    അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും വിമോചനത്തിനായി പരിശ്രമിക്കുന്ന മഹാത്മാ ഗാന്ധിയുടെ മാര്‍ഗ്ഗത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും ഐന്‍സ്റ്റീന്‍ നടത്തുന്നുണ്ട്.

    Image: Shutterstock

    Image: Shutterstock

    • Share this:
      പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ (Theoretical Physicist) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും (Albert Einstein) ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും (Jawaharlal Nehru) തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അക്കാലത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ഇരുവരും പരസ്പരം കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും പലര്‍ക്കും അറിയില്ല. നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' (The Discovery of India) എന്ന പുസ്തകത്തെ പുകഴ്ത്തി ഐന്‍സ്റ്റീന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുകയാണ്. 1950 ഫെബ്രുവരി 18 ന് എഴുതിയ കത്തില്‍, കോളനി ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയെ വായിക്കുക എന്നത് ഒരു പാശ്ചാത്യര്‍ക്കും എളുപ്പമല്ലെന്ന് സമ്മതിക്കുന്ന ഐൻസ്റ്റീൻ നെഹ്രുവിന്റെ രചനാശൈലിയെ പ്രശംസിക്കുകയും ചെയ്യുന്നു.

      ബ്രിട്ടീഷ് ഭരണം സൃഷ്‌ടിച്ചദാരുണമായ സ്വാധീനത്തെക്കുറിച്ചും ഇന്ത്യയെ അത് നിര്‍ബന്ധിത സാമ്പത്തിക, ധാര്‍മ്മിക, ബൗദ്ധിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടതിനെക്കുറിച്ചുമുള്ള നെഹ്രുവിന്റെ വിശകലനം വായിച്ചതിലൂടെ ഇന്ത്യയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിച്ചതായി ഐന്‍സ്റ്റീന്‍ തന്റെ കത്തില്‍ എഴുതിയിട്ടുണ്ട്. അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും വിമോചനത്തിനായി പരിശ്രമിക്കുന്ന മഹാത്മാ ഗാന്ധിയുടെ മാര്‍ഗ്ഗത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളും ഐന്‍സ്റ്റീന്‍ നടത്തുന്നുണ്ട്.

      ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജവഹര്‍ലാല്‍ നെഹ്രുവിന് എഴുതിയ കത്ത്:
      '''ഇന്ത്യയെ കണ്ടെത്തൽ' എന്ന നിങ്ങളുടെ അത്ഭുതകരമായ പുസ്തകം ഞാന്‍ അങ്ങേയറ്റം താല്‍പ്പര്യത്തോടെ വായിച്ചു. ഒരു പാശ്ചാത്യനെ സംബന്ധിച്ചിടത്തോളം അതിന്റെ ആദ്യപകുതി വായിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ അത് നിങ്ങളുടെ രാജ്യത്തിന്റെ മഹത്തായ ബൗദ്ധികവും ആത്മീയവുമായ പാരമ്പര്യത്തെക്കുറിച്ച് വ്യക്തമായധാരണ നല്‍കുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ നല്‍കിയ, ബ്രിട്ടീഷ് ഭരണം ഇന്ത്യന്‍ ജനതയുടെ മേൽ ചെലുത്തിയ ദാരുണമായ സ്വാധീനത്തിന്റെയും ക്രൂരമായ ചൂഷണത്തിന്റെയും ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന നിര്‍ബന്ധിത സാമ്പത്തിക, ധാര്‍മ്മിക, ബൗദ്ധിക തകര്‍ച്ചയുടെയും വിശകലനം എന്നെ ആഴത്തില്‍ ആകര്‍ഷിച്ചു.

      ഗാന്ധിയോടും അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും സ്വാതന്ത്ര്യം നേടാനുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങളോടുമുള്ള എന്റെ ആരാധന മുമ്പത്തേക്കാള്‍ വർധിച്ചു. പുറത്തുനിന്നുള്ള സ്വേച്ഛാധിപത്യത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും വസ്തുനിഷ്ഠമായ ധാരണ കാത്തുസൂക്ഷിക്കാൻ നടത്തുന്ന ആന്തരിക പോരാട്ടവും നീരസത്തിനും വിദ്വേഷത്തിനും ഇരയാകുന്നതിനെതിരെ നടത്തുന്ന പോരാട്ടവും ലോകചരിത്രത്തില്‍ തന്നെ അതുല്യമായിരിക്കും. നിങ്ങളുടെ പുസ്തകം എനിക്ക് നല്‍കിയതിന് ഞാന്‍ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങളുടെ സുപ്രധാനവും പ്രയോജനപ്രദവുമായ പ്രവര്‍ത്തനങ്ങൾക്ക് ആശംസകളും ഭാവുകങ്ങളും നേരുന്നു,

      സ്‌നേഹപൂര്‍വ്വം,
      ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍''

      നെഹ്രുവിന്റെ മകള്‍ ഇന്ദിരാഗാന്ധിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ഐന്‍സ്റ്റീന്‍ കത്ത് അവസാനിപ്പിക്കുന്നത്.


      ജവഹര്‍ലാല്‍ നെഹ്രു എഴുതിയ 'ഇന്ത്യയെ കണ്ടെത്തൽ' 1944 ലാണ് പ്രസിദ്ധീകരിച്ചത്. അഹമ്മദ് നഗര്‍ കോട്ടയിലെ തന്റെ അവസാനത്തെ ജയില്‍ വാസകാലത്താണ് നെഹ്രു ഈ കൃതിയുടെ രചന നിര്‍വഹിച്ചത്. 1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള അഞ്ചുമാസം കൊണ്ടാണ് അദ്ദേഹം ഈ ഗ്രന്ഥം എഴുതി പൂര്‍ത്തിയാക്കിയത്. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യൻ ചരിത്രം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങളാണ് ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സിന്ധുനദീതട സംസ്‌കാരം മുതല്‍ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകള്‍ വരെയുള്ള ഇന്ത്യാ ചരിത്രത്തിന്റെ അവലോകനമാണ് ഈ പുസ്തകം.
      Published by:Jayesh Krishnan
      First published:
      )}