• HOME
  • »
  • NEWS
  • »
  • buzz
  • »
  • ALCHEMIST AUTO OWNER KA PRADEEP SAYS HE ALWAYS DREAMT OF VISITING PAULO KOELHO IN BRAZIL

Paulo Coelho Alchemist| 'പൗലോ കൊയ്ലോയെ നേരിട്ടുകാണുക എന്നത് ഏറ്റവും വലിയ സ്വപ്നം'; വൈറലായ 'ആൽക്കെമിസ്റ്റ്' ഓട്ടോയുടമ പ്രദീപ്

എറണാകുളം ചെറായി സ്വദേശി കെ എ പ്രദീപാണ് പ്രിയ എഴുത്തുകാരനോടുള്ള ആരാധന മൂലം തന്റെ ഓട്ടോയ്ക്ക് ആൽക്കെമിസ്റ്റ് എന്ന പേര് നൽകിയത്.

Credits: Paulo Coelho, Twitter

Credits: Paulo Coelho, Twitter

  • Share this:
    ശനിയാഴ്ച രാത്രിയാണ്‌ കൊച്ചിയിലെ 'ആൽക്കെമിസ്റ്റ്' ഓട്ടോയുടെ ഫോട്ടോ പൗലോ കൊയ്ലോ അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിൽ ഇംഗ്ലീഷിൽ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തിൽ അദ്ദേഹത്തിൻറെ പ്രശസ്ത കൃതിയായ ആൽക്കെമിസ്റ്റ് എന്നും എഴുതിയ ഓട്ടോയുടെ ചിത്രം ‘നന്ദി കേരളമേ (ഈ ഫോട്ടോയ്ക്ക് നന്ദി)’ എന്ന അടിക്കുറിപ്പോടെ‌ പങ്കുവച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.

    ഓട്ടോയുടെ ഉടമയും പൗലോ കൊയ്ലോയുടെ ആരാധകനുമായ ചെറായി സ്വദേശി കെ എ പ്രദീപ്, മകൻ പ്രണവിൽ നിന്നുമാണ് തന്റെ പ്രിയ എഴുത്തുകാരൻ ഈ ചിത്രം പങ്കുവെച്ച കാര്യം അറിഞ്ഞത്. വിശ്വാസം വരാതെ ആശ്ചര്യപ്പെട്ട് നിന്ന പ്രദീപ് ഒടുവിൽ പൗലോ കൊയ്ലോയുടെ ഒഫീഷ്യൽ പേജിൽ കയറിനോക്കി കാര്യം സ്വയം സ്ഥിരീകരിക്കുകയായിരുന്നു.

    പ്രിയ എഴുത്തുകാരൻ തന്റെ ഓട്ടോയുടെ ചിത്രം പങ്കുവച്ചതിൽ അങ്ങേയറ്റം സന്തോഷത്തിലാണ് പ്രദീപും ഭാര്യ സിന്ധുവും ഒപ്പം മകൻ പ്രണവും. പത്താം ക്ലാസ് പഠനം കഴിഞ്ഞത് മുതൽ വായന തന്റെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ് പ്രദീപ്. അതിൽ പ്രദീപിനെ ഏറ്റവും കൂടുതൽ സ്പർശിച്ച കൃതിയാണ് പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ്. ആൽക്കെമിസ്റ്റ് വായിച്ചതോടെയാണ് പ്രദീപ് ബ്രസീലിയൻ എഴുത്തുകാരന്റെ ആരാധകനായത്‌. രണ്ട് വട്ടം ഈ കൃതി വായിച്ച് ആൽക്കെമിസ്റ്റിനോട് കൂടുതൽ ആകൃഷ്ടനായ പ്രദീപ് അങ്ങനെയാണ് പേരില്ലാതിരുന്ന തന്റെ ഓട്ടോയ്ക്ക് തന്റെ പ്രിയ എഴുത്തുകാരന്റെ മാസ്റ്റർപീസായ കൃതിയുടെ പേര് നൽകിയത്. തന്റെ വായനയ്ക്ക് ലഭിച്ച അംഗീകാരമായി ഈ പോസ്റ്റിനെ കാണുന്ന പ്രദീപ് തന്റെ പ്രിയ എഴുത്തുകാരനെ ഇനി നേരിട്ടുകാണാൻ വേണ്ടി കാത്തിരിക്കുകയാണ്.

    പൗലോയുടെ പുസ്തകങ്ങൾ മാത്രമല്ല ഈ ചേറായി സ്വദേശിയുടെ ഹരം. ലോകത്തിലെ പ്രമുഖ എഴുത്തുകാരുടെ ക്ലാസിക് കൃതികളിൽ പലതും പ്രദീപിന്റെ കൈവശമുണ്ട്. ഇതിൽ ഏറ്റവും ഇഷ്ടം ആൽക്കെമിസ്റ്റിനോടാണ് എന്ന് പറയുന്ന പ്രദീപ്, ഇതിന്റെ സൃഷ്ടാവായ പൗലോ കൊയ്ലോയെ ബ്രസീലിൽ ചെന്ന് കാണുക എന്നതാണ് പ്രദീപിന്റെ ഏറ്റവും വലിയ സ്വപ്നമെന്നും പറഞ്ഞു.

    വിശ്വസാഹിത്യകാരന്മാരുടെ കൃതികളോട് തന്നെയാണ് പ്രദീപിന് കൂടുതലും ഇഷ്ടം. വിക്ടർ യൂഗോ, ടോൾസ്റ്റോയ്, ഡി എച്ച് ലോറൻസ് എന്നിവരുടെ കൃതികളും വായിക്കാൻ ഇഷ്ടമാണെന്ന് പ്രദീപ് പറയുന്നു. മലയാളത്തിൽ വീ കെ എന്നിനോടാണ് ഇഷ്ടം. പ്രദീപിന്റെ 150 പുസ്തകങ്ങൾ അടങ്ങുന്ന ചെറിയ ലൈബ്രറിയിൽ ഇവരുടെ കൃതികൾക്കെല്ലാം സ്ഥാനമുണ്ട്.

    ഇപ്പോൾ പ്രദീപ് ഓടിക്കുന്ന നാലാമത്തെ 'ആൽക്കെമിസ്റ്റ്' ഓട്ടോയിൽ വി കെ എന്നിന്റെയും ഓഷോയുടെയും ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പ്രദീപിനെ സംബന്ധിച്ച് വായനയിലൂടെ ലഭിക്കുന്ന അറിവ് മറ്റൊരു മാധ്യമത്തിലൂടെയും ലഭിക്കില്ല. പക്ഷെ വർധിച്ചുവരുന്ന പുസ്‌തങ്കങ്ങളുടെ വില തന്റെ വായനാശീലത്തിന് പ്രതിസന്ധി പകരുന്നുണ്ട് എന്ന് കൂടി പ്രദീപ് കൂട്ടിച്ചേർക്കുന്നു. പ്രദീപിന്റെ വായനാശീലം അദ്ദേഹത്തിന് പലരുടെയും ചീത്ത വാങ്ങിനൽകുന്നതിന് കാരണമായിട്ടുണ്ടെന്ന് മകനായ പ്രണവ് സാക്ഷ്യപ്പെടുത്തുന്നു. 500 രൂപ കയ്യിൽ കിട്ടിയാൽ അതിൽ 400 രൂപയും അച്ഛൻ പുസ്തകം വാങ്ങാനാകും ചിലവഴിക്കുക എന്നാണ് പ്രണവ് പറഞ്ഞത്. തന്റെ അച്ഛനെ ലോകം തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് പ്രണവ്.
    Published by:Naveen
    First published:
    )}