HOME » NEWS » Buzz » ALLIGATOR CHASES CUSTOMERS AT FLORIDA RESTAURANT PARKING AREA1 GH

ചീങ്കണ്ണി ബർഗർ കഴിക്കാൻ എത്തിയതാണോ? ഹോട്ടലിലെ പാർക്കിംഗ് ഏരിയയിൽ ഭീകരാന്തരീക്ഷം

“ചീങ്കണ്ണി ഒരു ചീസ് ബർഗറിനായി വെറുതെ ഇറങ്ങിയതായിരിക്കാം, എന്നാൽ കക്ഷി കുറച്ചുപേരെയോന്ന് ഞെട്ടിച്ചു!” ചീങ്കണ്ണിയെ പിടികൂടിയ സംഭവം വിവരിച്ച് ലീ കൗണ്ടിയിലെ നിയമപാലകർ ട്വിറ്ററിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: May 20, 2021, 7:06 PM IST
ചീങ്കണ്ണി ബർഗർ കഴിക്കാൻ എത്തിയതാണോ?  ഹോട്ടലിലെ പാർക്കിംഗ് ഏരിയയിൽ ഭീകരാന്തരീക്ഷം
Image Credits: Twitter/@leesheriff
  • Share this:
ചീങ്കണ്ണികൾ ഫ്ലോറിഡയിലെ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഒരു ഹോട്ടലിന്റെ പാർക്കിംഗ് പരിസരത്ത് ഹോട്ടലിൽ എത്തുന്നവരെ ഒരു ചീങ്കണ്ണി ഓടിക്കുന്നതായി വിവരമറിഞ്ഞ അധികൃതർ ഉടൻതന്നെ ലീ കൗണ്ടിയിലെ ഹോട്ടലിലേക്ക് എത്തുകയും ആളുകളെ വിറപ്പിച്ച വിരുതനെ തളക്കുകയും ചെയ്തു. ആറടി നീളമുള്ള ചീങ്കണ്ണി ഹോട്ടലിൻ്റെ പാർക്കിംഗ് സ്ഥലത്ത് ആളുകളെ ഓടിക്കുകയായിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കുകൾ ഒന്നും ഉണ്ടായില്ല.

“ചീങ്കണ്ണി ഒരു ചീസ് ബർഗറിനായി വെറുതെ ഇറങ്ങിയതായിരിക്കാം, എന്നാൽ കക്ഷി കുറച്ചുപേരെയോന്ന് ഞെട്ടിച്ചു!” ചീങ്കണ്ണിയെ പിടികൂടിയ സംഭവം വിവരിച്ച് ലീ കൗണ്ടിയിലെ നിയമപാലകർ ട്വിറ്ററിൽ കുറിച്ചു. ചീങ്കണ്ണിയെ പിടികൂടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്‌ഡബ്ല്യുസി) ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ചേർന്നാണ് ചീങ്കണ്ണിയെ രക്ഷപ്പെടുത്തിയതും സ്ഥലംമാറ്റിയതും. ഫോർട്ട് മിയേഴ്സിന് കിഴക്ക് ലെഹി ഏക്കറിൽ നിന്ന് ലാബെൽ എന്ന സ്ഥലത്തേക്കാണ് ചീങ്കണ്ണിയെ മാറ്റിപ്പാർപ്പിച്ചത്.

യുഎസിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഫ്ലോറിഡ സംസ്ഥാനത്ത് മനുഷ്യൻ്റെയും ചീങ്കണ്ണിയുടെയും ഇടപെടൽ സാധാരണമായ ഒരു കാഴ്ചയാണ്. ഫ്ലോറിഡയിൽ ഏകദേശം 10 ലക്ഷത്തിലധികം ചീങ്കണ്ണികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോൾഫ് കോഴ്സുകൾ, ചതുപ്പുകൾ, മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സാധാരണയായി ചീങ്കണ്ണികളെ കാണാറ്.പെട്ടെന്നുള്ള ഇടപെടലിനും, ചീങ്കണ്ണിയെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചതിനും നിരവധിപേരാണ് ട്വിറ്ററിൽ അധികൃതരോട് നന്ദി പറയുന്നത്. ഇത് ഫ്ലോറിഡയാണ് ഇതൊക്കെ ഇവിടുത്തെ നിത്യ സംഭവങ്ങളാണെന്നും ഒരു വ്യക്തി ട്വിറ്ററിൽ കുറിച്ചു. ഫ്ലോറിഡയിൽ നിയമപാലകരുടെ പ്രധാന ജോലികൾ ഇതൊക്കെയാണെന്ന് മറ്റൊരാൾ ട്വിറ്ററിൽ എഴുതി.

Also Read- ജീവനക്കാരൻ ഒരുപാട് സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു; എന്ത് നടപടിയെടുക്കും?

അമേരിക്കയിലെയും ചൈനയിലെയും തടാകങ്ങളിലാണ് പ്രധാനമായും ചീങ്കണ്ണികളെ കാണാറുള്ളത്. നീളമുള്ള വാലും, വലിയ വായും, മൂർച്ചയുള്ള പല്ലുകളുമൊക്കെയായി മുതലകളുടെ വർഗംതന്നെയാണ് ചീങ്കണ്ണികളും.

സമാനമായൊരു സംഭവം ഇന്ത്യയിലും നടന്നിരുന്നു. വിജനമായ ഹൈവേയിൽ പെട്ടെന്നൊരു കൂറ്റൻ മുതല. മധ്യപ്രദേശിലെ ശിവ്പുരി മേഖലയിലാണ് സംഭവം. ഇന്ത്യ ടിവിയിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പത്ത് അടി നീളമുള്ള മുതലയാണ് ഇവിടെ ഹൈവെ കടക്കാനെത്തിയത്. പ്രദേശവാസികൾ മുഴുവൻ കാഴ്ചക്കാരായി നോക്കി നിൽക്കെയാണ് ആരെയും കൂസാതെ രാജകീയമായി തന്നെ മുതല റോഡ് മുറിച്ചു കടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശിവ്പുരിയിൽ കണ്ട മുതലയെ നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വനംവകുപ്പ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

ഇന്ത്യയിൽത്തന്നെ മറ്റൊരു ഗ്രാമത്തിലെ തടാകത്തിലെത്തിയ മുതലയെ പിടികൂടിയ ശേഷം ബന്ധപ്പെട്ട അധികൃതരോട് മുതലയെ വിട്ടു നൽകാൻ പണം ആവശ്യപ്പെട്ട സംഭവവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഉത്തർപ്രദേശിലെ മിദാനിയ ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൺസൂൺ മഴയിൽ നിറഞ്ഞ തടാകത്തിലാണ് മുതല പ്രത്യക്ഷപ്പെട്ടത്. സമീപത്തെ ദുധ്വ റിസർവിൽ നിന്നാണ് മുതല ഇവിടെയെത്തിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതിനെ പിടികൂടിയ നാട്ടുകാർ തിരികെ വിട്ടുനൽകാൻ അധികൃതരോട് പണം ആവശ്യപ്പെടുകയായിരുന്നു.
Published by: Rajesh V
First published: May 20, 2021, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories