ഉത്തര്‍ പ്രദേശില്‍ അടുത്തിടെ ഒരു വനിതാ പോലീസുദ്യോഗസ്ഥ തന്റെ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ പരിധികള്‍ മറികടന്നുകൊണ്ട് ഗര്‍ഭിണിയായ ഒരു സ്ത്രീയെ കുഞ്ഞിന് ജന്മം നല്കാന് സഹായിച്ചു. ഷാജഹാന്‍പൂരില്‍ അടിയന്തിര സേവന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കോണ്‍സ്റ്റബിള്‍ വിന്റു പുഷ്കറാണ് 26 വയസുകാരിയായ യുവതിയെ പ്രസവിക്കാന്‍ സഹായിച്ചത്. പ്രസവത്തിന് ശേഷം അവര്‍ അമ്മയെയും കുഞ്ഞിനെയും ഒരു സഹപ്രവര്‍ത്തകന്റെ സഹായത്തോടെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജലാലാബാദ് സ്വദേശിയായ രേഖ ദേവി എന്ന യുവതി തന്റെ ബന്ധുക്കളെ കാണാനാണ് ഷാജഹാന്‍പൂരിലേക്ക് വന്നത്. ഭര്‍ത്താവ് ദിനേശ് കുമാറും അമ്മ കൗസല്യയും അവരോടൊപ്പം ഉണ്ടായിരുന്നു. ബസില്‍ ഷാജഹാന്പൂരിലെത്തിയതിന് ശേഷം പോകേണ്ട സ്ഥലത്തേക്ക് നടക്കുന്നതിനിടെ ഒരു റെയില്‍വേ ക്രോസ് മുറിച്ചു കടക്കുന്നതിനിടയിലാണ് രേഖ ദേവിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. മൂന്ന് പേരും നാട്ടുകാരുടെ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് മദ്യ ലഹരിയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. യുവതിയുടെ അവസ്ഥ നേരിട്ട് കണ്ട ഒരു വഴിയാത്രക്കാരന് ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിലായിരുന്നത് മൂലം ആ ശ്രമവും വിഫലമായി. തുടര്‍ന്ന് 112 എന്ന നമ്പറിലേക്ക് വിളിച്ച് അദ്ദേഹം അടിയന്തിര സേവനം തേടുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ പോലീസിന്റെ വാഹനം അവിടെയെത്തി.
പോലീസ് സംഘത്തോടൊപ്പം എത്തിച്ചേര്‍ന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മന്‍വീര്‍ സിങും വിന്റു പുഷ്കറും സമീപത്തുള്ള ഒരു കടയില്‍ വെച്ച് ആ യുവതിയ്ക്ക് പ്രസവിക്കാന്‍ വേണ്ട സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. ആശുപത്രിയിലെത്താന്‍ എടുക്കുന്ന കാലതാമസം കുഞ്ഞിന്റെയും അമ്മയുടെയും ജീവന് ഭീഷണിയായേക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. 'നിസഹായയായ ഒരു സ്ത്രീയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്. പ്രസവത്തിന് ശേഷം രേഖയെയും കുഞ്ഞിനേയും വൈകാതെ ആശുപത്രിയില്‍ എത്തിക്കാന്‍ എന്റെ സഹ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പിന്നീട് ഞാന്‍ അവരെ ആശുപത്രിയില്‍ വെച്ച് കണ്ടിരുന്നു. ഞങ്ങളോടുള്ള നന്ദി അവര്‍ പ്രകടിപ്പിച്ചു', വിന്റു പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആ യുവതിയുടെ ദയനീയാവസ്ഥ മനസിലാക്കിയതോടെയാണ് ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കിലാണ് എന്നറിഞ്ഞ ഉടനെ 112 ഡയല് ചെയ്യാനും പോലീസിനെ ബന്ധപ്പെടാനും തീരുമാനിച്ചത് എന്ന് രേഖ ദേവിയെയും കുടുംബത്തെയും സഹായിച്ച പ്രദേശവാസി വികാസ് കുമാര്‍ പറഞ്ഞു. ലക്ക്നൗ ഉള്‍പ്പെടെ ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതോടെ അടിയന്തിര ആംബുലന്‍സ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള 102, 108 എന്നീ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ആംബുലന്‍സുകളില്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ മാറ്റങ്ങള്‍ നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും എന്ന ആശങ്ക ഉന്നയിച്ചാണ് ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.